സൌത്ത് കരോലിന: അവശനിലയിൽ യുവാവിനെ ആശുപത്രിയിലെത്തിക്കുന്നു, എന്നാൽ എന്ത് പറ്റിയെന്ന് പറയാൻ യുവാവിന് മടി. ഒടുവിൽ പാമ്പ് കടിയേറ്റതാണെന്ന് പറഞ്ഞത് ഏറെ വൈകിയ ശേഷം. സംശയം തോന്നിയ അധികൃതർ ഉടനെ യുവാവിന്റെ വീട് പരിശോധിച്ചപ്പോൾ കണ്ടത് ഒരു മുറി നിറയെ പാമ്പുകൾ. സൗത്ത് കരോലിനയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് കാലിന് മുറിവേറ്റ് യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ആശുപത്രിയിലെത്തിയ യുവാവ് എങ്ങനെയാണ് മുറിവുണ്ടായതെന്ന് ചികിത്സയുടെ ആദ്യ ഘട്ടത്തിൽ പറഞ്ഞില്ല, അതാണ് ആശുപത്രി അധികൃതരിൽ സംശയമുണ്ടാക്കിയത്.
ഓമനിച്ച് വളർത്തിയത് വിഷപ്പാമ്പുകളെ…
നല്ലോണം അവശനായതിന് പിന്നാലെ തന്നെ പാമ്പ് കടിച്ചതാണെന്ന് യുവാവ് തുറന്ന് പറയുകയായിരുന്നു. യുവാവിന്റെ ഈ അസാധാരണ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. പിന്നാലെ യുവാവിന്റെ വീട്ടിലെത്തിയ പൊലീസുകാരെ കാത്തിരുന്നത് ഒരു മുറി നിറയെ പാമ്പുകൾ ആയിരുന്നു. അതേസമയം വീട്ടിലേക്ക് പാമ്പുകൾ കയറിയതാണോയെന്ന സംശയത്തിൽ അന്വേഷണം വിശദമാക്കിയതോടെയാണ് അവ പുറത്ത് നിന്ന് കയറിയതല്ലെന്ന് വിശദമായത്. അനധികൃതമായി യുവാവ് വളർത്തിയിരുന്ന വിഷ പാമ്പുകൾ തന്നെയാണ് യുവാവിനെ ആക്രമിച്ചത്.
പാലുകൊടുത്ത കൈക്ക് തിരിഞ്ഞു കൊത്തി!
ജനവാസമേഖലയിലെ മറ്റ് വീടുകൾക്ക് അടക്കം വലിയ അപകട ഭീതിയുയർത്തിയ ഒരു ഡസനിലേറെ വിഷ പാമ്പുകളാണ് ഈ വീട്ടിൽ നിന്ന് നീക്കം ചെയ്തത്. ഇവയെ അനിമൽ കൺട്രോളിൽ നിന്നുള്ള ജീവനക്കാരെത്തിയാണ് പിടികൂടിയത്. എന്നാൽ താൻ ഓമനിച്ച് വളർത്തിയ വിഷ പാമ്പുകളുടെ കടിയേറ്റ യുവാവ് ഇനിയും ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. ഇയാൾക്കെതിരെ വിഷജീവികളെ അനധികൃതമായി സൂക്ഷിച്ചതിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.