കോഴിക്കോട്: കക്കോടി ബിവറേജസ് സെല്‍ഫ് സര്‍വീസ് ഔട്ട്‌ലെറ്റില്‍ മോഷണം നടത്തിയര്‍ പിടിയില്‍. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യമാണ് കവര്‍ന്നത്. മോക്ഷണം നടത്തിയ നാലുപേരില്‍ രണ്ടുപേരാണ് പിടിയിലായത്. അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ് (20), സച്ചിന്‍ പ്രഭാകരന്‍ (23) എന്നിവരെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. മേയ് 16, 19, 24, 25 തീയതികളിലാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്.
നല്ല തിരക്കുള്ള മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്തും എട്ടിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്തുമായിരുന്നു കുപ്പിമോഷണം. 3000 രൂപവരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് മോഷണം പോയതെല്ലാം. അവധിയിലായിരുന്ന ബിവറേജസ് ഔട്ട്ലെറ്റ് മാനേജര്‍ ജോലിയില്‍ തിരികെയെത്തി കണക്കെടുത്തപ്പോഴാണ് കുപ്പികളുടെ കുറവുകണ്ടെത്തിയത്. ഔട്ട്‌ലെറ്റിനകത്തു കയറി നാലുപേരും കുപ്പികളെടുക്കുന്നതും അരയിലേക്ക് തിരുകി കടന്നുകളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായുണ്ട്. ഇതോടെ മാനേജര്‍ 28-ന് ചേവായൂര്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു.