CMDRF

കിരീടത്തിനായുള്ള കുടുംബപോര്; സുലു രാജവംശം ആര് ഭരിക്കും …?

പിന്തുടര്‍ച്ച സംബന്ധിച്ച അനിശ്ചിതത്വം രാജ്യത്തെ ഏറ്റവും വലുതും സാംസ്‌കാരികമായി സ്വാധീനമുള്ളതുമായ രാജകുടുംബത്തിനുള്ളില്‍ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയാണ്

കിരീടത്തിനായുള്ള കുടുംബപോര്;  സുലു രാജവംശം ആര് ഭരിക്കും …?
കിരീടത്തിനായുള്ള കുടുംബപോര്;  സുലു രാജവംശം ആര് ഭരിക്കും …?

രാജഭരണം നിലനില്‍ക്കുന്ന ചുരുക്കം ചില രാജ്യങ്ങള്‍ ഇന്നും ലോകത്തിന്റെ പല കോണുകളിലായുണ്ട്. അതിലൊന്നാണ് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ഗോത്രമായ സുലു. ഏകദേശം 15 ദശലക്ഷം സുലു ഭാഷ സംസാരിക്കുന്ന ആളുകളുള്ള രാജ്യത്തെ ഏറ്റവും വലിയ വംശീയ വിഭാഗമാണ് ഇത്. സുലു ഗോത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം രാജാവായിരുന്നത് കിംഗ് ഗുഡ്വില്‍ സ്വെലിത്തിനിയായിരുന്നു. അദ്ദേഹം 2021 ലാണ് അന്തരിച്ചത്. 1800-കളിലെ ബ്രിട്ടീഷ് കൊളോണിയലിസത്തെയും അടിച്ചമര്‍ത്തലിനെയും ചെറുക്കുന്നതിന്റെ പര്യായമാണ് സുലു വംശജര്‍. നിലവില്‍ അന്തരിച്ച രാജാവിന്റെ മകന്‍ മിസുസുലു ക്വാസ്വെലിത്തിനിയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമി. അതേസമയം രാജാവിന്റെ പദവിയില്‍ വലിയ ഒരു ആശയക്കുഴപ്പത്തിലും നിയമ പോരാട്ടത്തിലുമാണ് ഗോത്രം. മിസുസുലുവിന്റെ അമ്മാവനായ എംബോനിസി കാ ഭെകുസുലുവും മറ്റു കുടുംബക്കാരും തമ്മില്‍ ഭരണത്തിന് വേണ്ടി നടത്തിവരുന്ന പോരാട്ടമാണ് ഗോത്ര രാജാവിനെ ഉറപ്പിക്കുന്നതിലുള്ള ഒരു വെല്ലുവിളി.

ബന്ധുക്കള്‍ തമ്മില്‍ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷവും രാജകുടുംബത്തിലെ കയ്‌പേറിയ ഭിന്നതകളും നാടിനുമുന്നില്‍ നാണക്കേടുണ്ടാക്കുന്നതാണ്. രാജ്യത്തിന്റെ ഭരണഘടന പരമ്പരാഗത ഭരണാധികാരികളെയും മേധാവികളെയും അംഗീകരിക്കുന്നതാണ്. അവര്‍ക്ക് കാര്യമായ ധാര്‍മ്മിക അധികാരമുണ്ട്, അവരില്‍ ഏറ്റവും ശക്തരായവരാണ് സുലു രാജകുടുംബം. ദക്ഷിണാഫ്രിക്കയിലെ ഏഴാമത്തെ ജനാധിപത്യ തിരഞ്ഞെടുപ്പ് മെയ് മാസത്തിലാണ് നടന്നത്. രാജ്യത്തിന്റെ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് (ANC) ഈ രാജവാഴ്ചകളുമായി എല്ലായ്പ്പോഴും ഒരു താല്‍ക്കാലിക ബന്ധമുണ്ട്. ദക്ഷിണാഫ്രിക്കന്‍ നിയമപ്രകാരം, പ്രസിഡന്റ് പുതിയ രാജാവിന് ഔദ്യോഗിക അംഗീകാരം നല്‍കണം. അതിലൂടെ രാജാവിനെ ഭരണഘടനാപരമായി അംഗീകരിക്കുകയും സര്‍ക്കാര്‍ രാജാവിന് ധനസഹായം നല്‍കുന്നതിനും വഴിയൊരുങ്ങുന്നു.

Also Read : യുദ്ധത്തിന് ചരടുവലിക്കുന്നത് അമേരിക്ക, ലക്ഷ്യം മൂന്നാം ലോക മഹായുദ്ധമോ ?

Mizusulu Kwaswelithini

സുലു രാജാവിന് ഔപചാരിക രാഷ്ട്രീയ അധികാരമില്ല, എന്നാല്‍ വംശീയ വിഭാഗത്തിന്റെ പരമ്പരാഗത ആചാരങ്ങളുടെയും ദേശത്തിന്റെയും സംരക്ഷകന്‍ എന്ന നിലയില്‍ വലിയ സ്വാധീനമുണ്ട്. ഇന്‍ഗോനിയമ ട്രസ്റ്റ് എന്ന സ്ഥാപനത്തിന് കീഴിലുള്ള ക്വാസുലു-നാറ്റാലില്‍ ഏകദേശം മൂന്നുദശലക്ഷം ഹെക്ടര്‍ എന്ന് കണക്കാക്കപ്പെട്ടിരിക്കുന്ന വിശാലമായ ഭൂമിയും രാജാവ് നിയന്ത്രിക്കുന്നു.

കിംഗ് ഗുഡ്വില്‍ സ്വെലിത്തിനിയുടെ ഭരണം

1968 മുതല്‍ അമ്പത് വര്‍ഷത്തോളമാണ് സ്വെലിത്തിനി സുലു വംശത്തിന്റെ രാജാവായിരുന്നത്. തെക്ക്-കിഴക്കന്‍ ക്വ-സുലു നടാല്‍ പ്രവിശ്യയിലെ ഒരു ചെറിയ പട്ടണമായ നോംഗോമയില്‍ നിന്നുള്ള രാജാവാണ് സ്വെലിത്തിനി. ഔദ്യോഗികപരമായി അധികാരമൊന്നുമില്ലെങ്കിലും, ഗോത്രത്തിന്റെ എട്ടാമത്തെ രാജാവായി തിരഞ്ഞെടുക്കപ്പെട്ട സ്വെലിത്തിനി ആര്‍ഭാടകരമായ ജീവിതത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ട ആളാണ്. രാജ്യം വര്‍ണ്ണവിവേചനത്തിന്റെ ഉന്നതിയിലിരിക്കുന്നതിന്റെ ഇടയിലായിരുന്നു സ്വെലിത്തിനി സിംഹാസനത്തിലേറിയത്. അക്രമാസക്തവും പ്രക്ഷുബ്ധവുമായിരുന്ന ഭരണകാലഘട്ടത്തില്‍ രാജ്യത്ത് ഒരുപാട് വിമര്‍ശനാത്മകമായ തീരുമാനങ്ങള്‍ കൂടി നടപ്പിലാക്കിയിരുന്നു. അതേസമയം, തന്റെ ജനതയ്ക്ക് അവരുടെ ഭൂമി ഭരിക്കാനും അവരുടെ സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും പാലിക്കാനുമുള്ള അവകാശത്തിന്റെ കടുത്ത സംരക്ഷകനായിരുന്നു അദ്ദേഹം.

Also Read: ലോകം ഭീതിയിൽ, റഷ്യയുടെ അവസാന മുന്നറിയിപ്പ്, ആണവായുധം പ്രയോഗിക്കാൻ അണിയറയിൽ നീക്കം ?

King Goodwill Zwelithini

സ്വെലിത്തിനിക്ക് ആറ് ഭാര്യമാരും 28 മക്കളുമുണ്ടായിരുന്നു. ഈ ഭാര്യമാര്‍ക്ക് താമസിക്കാന്‍ ആറ് കൊട്ടാര സമാനമായ മന്ദിരങ്ങളും അദ്ദേഹം പണിതു. കുട്ടികള്‍ക്കുള്ള മിലിട്ടറി യൂണിഫോം വാങ്ങാന്‍ 15 ലക്ഷത്തോളം രൂപ ചിലവഴിച്ചത് വലിയ കോളിളക്കത്തിന് കാരണമായിരുന്നു. അദ്ദേഹത്തെയും ആറ് ഭാര്യമാരെയും 28 കുട്ടികളെയും പരിപാലിക്കാനായി ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് 3 മില്യണ്‍ ഡോളര്‍ കൈമാറിയിരുന്നു. എന്നിട്ടും സ്വെലിത്തിനി 2014 ല്‍ പാപ്പരായി പ്രഖ്യാപിച്ചു. രാജ്യം മുഴുവന്‍ പട്ടിണിയില്‍ കിടക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ ആര്‍ഭാട ജീവിതവും വളരെ ചര്‍ച്ചയായിരുന്നു. ‘സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ സ്വീകാര്യമല്ല’ എന്നും അദ്ദേഹം പ്രഖ്യാപിച്ചു. കുടിയേറ്റത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവവും വിമര്‍ശനത്തിന് ഇടയാക്കി.

Wives of King Goodwill Zwelithini

ദക്ഷിണാഫ്രിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന അധാര്‍മ്മികതയ്ക്ക് കുടിയേറ്റക്കാര്‍ ഉത്തരവാദികളാണെന്നും അവരെ പുറത്താക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചപ്പോള്‍ വലിയ തോതിലുള്ള വംശീയ അതിക്രമങ്ങള്‍ക്കാണ് അത് വഴിയൊരുക്കിയത്. 2021 മാര്‍ച്ച് 12-ന്, 72-ാം വയസ്സില്‍, പ്രമേഹവുമായി ബന്ധപ്പെട്ട അസുഖത്തെത്തുടര്‍ന്നാണ് സ്വെലിത്തിനി മരിച്ചത്. കോവിഡ് 19 ബാധിച്ച് അദ്ദേഹം മരിച്ചതായി പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. അദ്ദേഹത്തിന്റെ മരണത്തിന് മാസങ്ങള്‍ക്ക് ശേഷം, രാജ്യത്തിന്റെ പ്രസിഡന്റ് സിറില്‍ റമാഫോസ, രാജവാഴ്ചയുടെ സിംഹാസനത്തിന്റെ അവകാശിയാണെന്ന് അംഗീകരിച്ചുകൊണ്ട് മിസുസുലു കസ്വെലിത്തിനിക്ക് അംഗീകാര സര്‍ട്ടിഫിക്കറ്റ് കൈമാറി.

Also Read: ശ്രീലങ്കയിൽ ഉദിച്ച ‘ഹരിണി അമരസൂര്യയിൽ ഇന്ത്യയ്ക്കും പ്രതീക്ഷയോ?

മിസുസുലുവിനെ രാജാവായി പ്രഖ്യാപിച്ചയുടന്‍, അദ്ദേഹത്തിന്റെ അമ്മാവന്‍ എംബോനിസി രാജകുമാരനും അര്‍ദ്ധസഹോദരന്‍ സിമകാഡെ രാജകുമാരനും രാജാവിന്റെ സ്ഥാനാരോഹണത്തില്‍ അവകാശവാദവുമായി രംഗത്തെത്തി. പിന്തുടര്‍ച്ച സംബന്ധിച്ച അനിശ്ചിതത്വം രാജ്യത്തെ ഏറ്റവും വലുതും സാംസ്‌കാരികമായി സ്വാധീനമുള്ളതുമായ രാജകുടുംബത്തിനുള്ളില്‍ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയാണ്. സിംഹാസനത്തില്‍ കയറിയവര്‍ക്ക് ചരിത്രപരമായി എപ്പോഴും വെല്ലുവിളികള്‍ ഉണ്ടായിരുന്നു, എന്നാല്‍ അക്രമത്തിലൂടെയാണ് അവയെല്ലാം പരിഹരിക്കപ്പെട്ടിട്ടുള്ളത്. നിലവില്‍ ഇത്തരമൊരു വെല്ലുവിളി നേരിടുന്നതിന്റെ അസ്വസ്ഥതയിലാണ് രാജഭരണം. ഇതിന്റെ നിയമപോരാട്ടം നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനത്തില്‍ എപ്പോള്‍ എത്തുമെന്നതിൽ നിശ്ചയമില്ല.

REPORT: ANURANJANA KRISHNA

Top