ദില്ലി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) അപകടസാധ്യതകള്‍ വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ച് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. എഐ നിര്‍മ്മിത ചിത്രങ്ങള്‍ എങ്ങനെ എളുപ്പത്തില്‍ തിരിച്ചറിയാം എന്ന് വീഡിയോയില്‍ പിഐബി വിശദീകരിക്കുന്നു. ഒര്‍ജിനലിനെ വെല്ലുന്നതെങ്കിലും എഐ ചിത്രങ്ങള്‍ കണ്ടെത്താന്‍ ചില കുറുക്കുവഴികളുണ്ട്. ചിത്രങ്ങളില്‍ എന്തെങ്കിലും അസ്വാഭാവികമായ കാര്യങ്ങളുണ്ടോ എന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. എഐ ചിത്രങ്ങളെ തിരിച്ചറിയുന്നതിനുള്ള ആദ്യപടിയാണ് ഇത്. വിരലുകളുടെ എണ്ണം, വസ്ത്രങ്ങളിലും മറ്റുമുള്ള അസ്വാഭാവികതകള്‍, എഴുത്തുകളില്‍ കാണുന്ന പ്രശ്നങ്ങള്‍, അസാധാരണമായ നിഴല്‍, അസ്വാഭാവികമായ വെളിച്ചം, വസ്തുക്കള്‍, അവയുടെ സ്ഥാനം, ഗുരുത്വബലം ഇല്ലെന്ന പോലെ വായുവില്‍ ഉയര്‍ന്നു നില്‍ക്കുന്നതും മറ്റുമായ വസ്തുക്കളുടെ സ്ഥാനം, അസാധാരണമായ നിറങ്ങള്‍, മൂക്ക്, കണ്ണ്, ചുണ്ടുകള്‍, ചിരി, മുടി തുടങ്ങി മനുഷ്യ മുഖത്തെ വിവിധ ഭാഗങ്ങളിലുള്ള അസ്വാഭാവികത എന്നിവയെല്ലാം നിരീക്ഷിച്ചാല്‍ ചിത്രം യഥാര്‍ഥമോ എഐ നിര്‍മിതമോ എന്ന സൂചനയിലേക്ക് എത്താനാകും.
എഐ ചിത്രങ്ങളില്‍ സാധാരണയായി കൈകളില്‍ അഞ്ചിലധികം വിരലുകളും ഒരു കൂട്ടം ആളുകളുടെ ചിത്രമെടുത്താല്‍, അതില്‍ ഒന്നിലധികം പേര്‍ക്ക് ഒരേ മുഖഛായയും ദൃശ്യമാകാറുണ്ട്,അടുത്തിടെയാണ് ഡീപ്പ് ഫേക്ക് ഉള്ളടക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഓഫീസറെ നിയമിക്കുമെന്ന് അന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ചര്‍ച്ചകളും നടത്തിയിരുന്നു. കൂടാതെ ഐടി നിയമ ലംഘനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുത്താനും പരാതി നല്‍കുന്നതിനുള്ള സഹായം നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. അതിനുശേഷം ഉള്ളടക്കത്തിന്റെ സോഴ്സ് കണ്ടെത്തിയാകും നടപടികള്‍ തുടരുക. ഡീപ്പ് ഫേക്കുകള്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് മന്ത്രി പറഞ്ഞിരുന്നു.