CMDRF

ഹേമ കമ്മറ്റി റിപ്പോർട്ടിനെ സംശയിക്കാനും കാരണങ്ങൾ ഏറെ, മൊഴി നൽകിയവർ പകവീട്ടിയതെന്നും സംശയം

ഹേമ കമ്മറ്റി റിപ്പോർട്ടിനെ സംശയിക്കാനും കാരണങ്ങൾ ഏറെ, മൊഴി നൽകിയവർ പകവീട്ടിയതെന്നും സംശയം
ഹേമ കമ്മറ്റി റിപ്പോർട്ടിനെ സംശയിക്കാനും കാരണങ്ങൾ ഏറെ, മൊഴി നൽകിയവർ പകവീട്ടിയതെന്നും സംശയം

പെണ്ണൊരുമ്പെട്ടാല്‍ എന്നൊരു ചൊല്ലുണ്ട് യഥാര്‍ത്ഥത്തില്‍ അതാണിപ്പോള്‍ സിനിമാ മേഖലയില്‍ സംഭവിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ പൊട്ടിമുളച്ച ‘വിമൻ ഇന്‍ സിനിമ കളക്ടീവ്’ എന്ന സംഘടന മൊത്തം സിനിമാ മേഖലയെ ആണ് ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ അത്ര നിഷ്‌കളങ്കമായി കാണാന്‍ സാധിക്കുകയില്ല. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് ഈ കമ്മിറ്റിയെങ്കില്‍ സിനിമാ മേഖലയിലെ എല്ലാ സംഘടനകളിലെയും സ്ത്രീകളെ വിളിക്കണമായിരുന്നു. എന്നാല്‍ അത്തരമൊരു നിലപാട് ഇവിടെ സ്വീകരിച്ചിട്ടില്ല.

സിനിമാ താരങ്ങളുടെ ഏറ്റവും വലിയ സംഘടന അമ്മയാണ്. ഈ സംഘടനയിലാണ് മഹാഭൂരിപക്ഷം വരുന്ന നടിമാരും ഉള്ളത്. ഏതാനും ചിലര്‍ മാത്രം ചേര്‍ന്ന് ഉണ്ടാക്കിയ കളക്ടീവ് സംഘടനയല്ല അതെന്നതും നാം ഓര്‍ക്കേണ്ടതുണ്ട്. ഈ അമ്മയില്‍പ്പെട്ട നടിമാരെ ഹേമ കമ്മിറ്റി വിളിച്ച് വരുത്തി മൊഴി എടുത്തിട്ടില്ല. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് കമ്മിറ്റിയെങ്കില്‍ എല്ലാ സംഘടനയിലെയും സംഘടനയില്‍ ഇല്ലാത്തവരുടെയും മൊഴികള്‍ രേഖപ്പെടുത്തണം. നിഷ്പക്ഷ കമ്മിറ്റിയാണെങ്കില്‍ അതാണ് ചെയ്യേണ്ടിയിരുന്നത്.

പരാതി പറയുന്നവരുടെ വാദം മാത്രം മുഖവിലയ്‌ക്കെടുത്ത് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മിഷന്റെ സ്വഭാവമൊന്നും ഈ കമ്മിറ്റിയ്ക്ക് ഇല്ലെന്നതും നാം ഓര്‍ക്കേണ്ടതുണ്ട്. ഒരു സ്ത്രീയോട് മോശമായി ഏത് രൂപത്തില്‍ ആര് പെരുമാറിയാലും ആ പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കുന്ന നിയമമാണ് നമുക്കുള്ളത്. എന്നാല്‍, ഹേമ കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയ ഒരു സിനിമാ പ്രവര്‍ത്തകയും ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നല്‍കപ്പെട്ട മൊഴിയുടെ വിശ്വാസ്യതയിലും സംശയങ്ങള്‍ ഏറെയാണ്.

സിനിമയിലെ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ച് പറഞ്ഞതിന്റെ പേരില്‍ ഡബ്ല്യുസിസി അംഗങ്ങളെ വിലക്കുന്ന സാഹചര്യമുണ്ടായെന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പോലും വസ്തുതയ്ക്ക് നിരക്കുന്നതാണോ എന്ന സംശയമുണ്ട്. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്ക് എതിരെയും സിനിമയിലെ ചൂഷണങ്ങള്‍ക്ക് എതിരെയും സംസാരിച്ചതിന് ഡബ്ല്യുസിസി അംഗങ്ങളെ സിനിമയ്ക്ക് പുറത്ത് നിര്‍ത്തുകയായിരുന്നു എന്നാണ് ഹേമ കമ്മിറ്റി പറയുന്നത്. ഡബ്ല്യുസിസി അംഗങ്ങളെ സിനിമയില്‍ അഭിനയിക്കാന്‍ അനുവദിക്കില്ലെന്ന് ഒട്ടേറെ പുരുഷന്മാര്‍ പരസ്യമായി പറഞ്ഞതായി അംഗങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശത്രുപക്ഷത്തുള്ളവര്‍ക്ക് എതിരെ സ്വാഭാവികമായും നടത്തുന്ന പ്രതികരണം എന്നതിലുപരി എന്ത് പ്രാധാന്യമാണ് ഈ മൊഴിക്കുള്ളത് എന്നതും നാം ചിന്തിക്കേണ്ട കാര്യമാണ്.

ഡബ്ല്യുസിസിയുടെ സ്ഥാപക അംഗമായിരുന്ന ഒരു നടിക്ക് മാത്രമാണ് അവസരങ്ങള്‍ ലഭിച്ചതെന്നാണ് ഹേമ കമ്മിറ്റിയുടെ മറ്റൊരു കണ്ടെത്തല്‍. സിനിമയില്‍ സ്ത്രീകള്‍ക്ക് ഒരു പ്രശ്നവും നേരിടുന്നില്ലെന്ന നിലപാടാണ് ഇവര്‍ കമ്മിറ്റിക്ക് മുന്നില്‍ ആവര്‍ത്തിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ‘സിനിമയില്‍ ഒരു സ്ത്രീയും ലൈംഗിക ചൂഷണത്തിന് വിധേയരായെന്ന് കേട്ടിട്ടുപോലുമില്ലെന്ന്’ ഇവര്‍ പറഞ്ഞത് വാസ്തവവിരുദ്ധമാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് എന്ത് അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണ് എന്നതിനും വിശദീകരണം വേണം.

മനഃപൂര്‍വം ഈ നടി പുരുഷന്മാര്‍ക്കെതിരെ സംസാരിക്കാതിരിക്കുന്നു എന്നോ, അതല്ലെങ്കില്‍ സിനിമയില്‍നിന്ന് പുറത്താകരുതെന്നുള്ള സ്വാര്‍ത്ഥ താല്‍പര്യമെന്നോ വേണം ഈ മൊഴിയെ വിലയിരുത്തേണ്ടതെന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവരുടെ മൊഴികള്‍ക്ക് വില കല്‍പ്പിക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇത്തരം ഒരു നിലപാട് സ്വീകരിച്ച ഹേമ കമ്മിറ്റിയുടെ ഈ നിലപാടില്‍ തന്നെ ആ കമ്മറ്റിയുടെ പക്ഷപാതിത്വവും വ്യക്തമാണ്.

ഡബ്യുസിസിയുടെ പിറവിക്ക് തന്നെ മുന്‍കൈ എടുത്ത ലേഡി സൂപ്പര്‍ സ്റ്റാറിന്റെ മൊഴി തള്ളാനും, ആ സംഘടനയിലെ മറ്റുള്ളവരുടെ മൊഴികള്‍ വിശ്വാസ്യതയിലെടുക്കാനും ഹേമ കമ്മിറ്റി കാണിച്ച ജാഗ്രത എന്തായാലും ഇത്തരം ഒരു കമ്മിറ്റിക്ക് ചേര്‍ന്നതല്ല. അതെന്തായാലും പറയാതിരിക്കാന്‍ കഴിയുകയില്ല.

മറ്റ് ഏത് സംഘടനകളെയും പോലെ ഒരു സംഘടന എന്ന രൂപത്തില്‍, അമ്മ എന്ന സംഘടനയ്ക്ക് ഭൂരിപക്ഷ അംഗങ്ങളുടെയും തീരുമാനപ്രകാരമാണ് നിലപാട് സ്വീകരിക്കാന്‍ കഴിയുക. അത്തരം തീരുമാനങ്ങളോട് വിയോജിപ്പ് ഉള്ളവര്‍ പുറത്ത് പോയി മറ്റൊരു സംഘടന ഉണ്ടാക്കുന്നതും പ്രതികരിക്കുന്നതുമെല്ലാം സ്വാഭാവികവുമാണ്. വിവാദങ്ങള്‍ മാര്‍ക്കറ്റ് ചെയ്ത് മുതലെടുപ്പ് നടത്തുന്ന മാധ്യമങ്ങള്‍ക്ക്, ഏറെ പ്രിയപ്പെട്ടവരും ഇക്കൂട്ടര്‍ തന്നെയായിരിക്കും. അതു തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്.

ചാനല്‍ യുദ്ധത്തില്‍ കാലിടറിയവരും, മുന്നോട്ട് കുതിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമെല്ലാം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടാണ് ഇപ്പോഴത്തെ പ്രധാന വിഭവം. കിട്ടിയ റിപ്പോര്‍ട്ടിന്റെ കോപ്പികള്‍ വച്ച് അവര്‍ മെനയുന്ന കഥകളും, റിപ്പോര്‍ട്ടിങ് ശൈലിയും കണ്ട് അന്തംവിട്ടിരിക്കുന്നത് ഇപ്പോള്‍ പൊതുസമൂഹമാണ്. സിനിമാക്കാരെ വെല്ലുന്ന തിരക്കഥകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ടുകളാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ ഇപ്പോള്‍ നടത്തിവരുന്നത്. ഈ രീതി സിനിമാ മേഖലയെ തന്നെ പ്രതിസന്ധിയിലാക്കുന്നതാണ്.

നമ്മുടെ സൂപ്പര്‍ ഹീറോകളെ വില്ലന്‍മാരായി ചിത്രീകരിക്കുന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങളും ഇതിന്റെ ഭാഗമായി ശക്തമായി തന്നെ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതിനെല്ലാം കാരണം ഏകപക്ഷീയമായ രീതിയില്‍ പ്രവര്‍ത്തിച്ച ഹേമ കമ്മിറ്റി തന്നെയാണെന്ന് പറയേണ്ടി വരും.

ലേഡി സൂപ്പര്‍സ്റ്റാറിന്റെ മൊഴിയില്‍ മറ്റ് താല്‍പ്പര്യങ്ങള്‍ കാണുന്ന ഹേമ കമ്മറ്റി, തങ്ങള്‍ക്ക് മുന്നില്‍ മൊഴി പറയാന്‍ എത്തിയ മറ്റുള്ളവരുടെ താല്‍പ്പര്യങ്ങള്‍ എന്താണെന്ന് കൂടി മനസ്സിലാക്കണമായിരുന്നു. സിനിമാ മേഖലയില്‍ നിന്നും തഴയപ്പെടുന്നതിന്റെ ‘ഫ്രസ്‌ടേഷന്‍’ തീര്‍ക്കാന്‍ ഹേമ കമ്മിറ്റിയെ ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതും ഗൗരവമായി പരിശോധിക്കപ്പെടേണ്ട കാര്യം തന്നെയാണ്. ഇതൊക്കെ പറയുമ്പോഴും ടോയ്ലറ്റ് സൗകര്യം ഉള്‍പ്പെടെയുള്ള ചില കാര്യങ്ങളില്‍ ഹേമ കമ്മിറ്റി മുന്നോട്ട് വച്ച ആശങ്കകളും നിര്‍ദ്ദേശങ്ങളും സ്വാഗതാര്‍ഹം തന്നെയാണ്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സിനിമാ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെ തയ്യാറാകേണ്ടതുണ്ട്.

എല്ലാ മേഖലയിലും ഉള്ള കുഴപ്പങ്ങള്‍ പോലെ സിനിമാ മേഖലയിലും കുഴപ്പങ്ങള്‍ കാണും. അതിനെയൊക്കെ അപ്പോള്‍ തന്നെ ചോദ്യം ചെയ്ത് പോകുകയാണ് വേണ്ടത്. ഒരാള്‍… അത് ആരു തന്നെ ആയാലും ഉപദ്രവിക്കാനോ, മോശമായി പെരുമാറാനോ വന്നാല്‍ ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ… അവന്റെ ജീവിതം തന്നെ തകര്‍ക്കാന്‍ പറ്റുന്ന കാലമാണിത്. ഒരു സ്ത്രീ വിരല്‍ചൂണ്ടി സംസാരിച്ചാല്‍ തളരുന്ന മനസ്സുകളേ സിനിമാ മേഖലയില്‍ ഉള്ളൂ. കാരണം, അവരെല്ലാം നിലനില്‍ക്കുന്നത് തന്നെ ഇമേജിന്റെ പുറത്താണ്. ഇങ്ങനെയുള്ള ഒരു മേഖലയില്‍ മാഫിയ പ്രവര്‍ത്തനവും, സ്ത്രീ പീഢനവും എല്ലാം ആരോപിച്ചാല്‍ അത് വിശ്വസിക്കാന്‍ എന്തായാലും ബുദ്ധിമുട്ടാണ്.

പരസ്പര ഇഷ്ടപ്രകാരം ആര്‍ക്കൊപ്പവും ആര്‍ക്കും കിടപ്പറ പങ്കിടാന്‍ നിയമപരമായ പരിരക്ഷയുള്ള ഈ കാലത്ത് അത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിനെ ഒരിക്കലും സ്ത്രീപീഡനമായി കണക്കാക്കാനും കഴിയുകയില്ല.

പണം മുടക്കുന്നവരും സംവിധായകരുമാണ് ഒരു സിനിമയില്‍ ആരൊക്കെ അഭിനയിക്കണം എന്ന് തീരുമാനിക്കുന്നത്. തീര്‍ച്ചയായും അത് തീരുമാനിക്കാന്‍ അവര്‍ക്ക് തന്നെയാണ് അധികാരം. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരില്‍ ചിലര്‍ മാത്രം പരിഗണിക്കപ്പെടുന്നില്ലെങ്കില്‍ അവര്‍ വിലപിച്ചിട്ടും കാര്യമില്ല. കഥാപാത്രം ആവശ്യപ്പെടുന്ന റോളില്‍ ആര് അഭിനയിക്കണമെന്നത് ആ സിനിമ എടുക്കുന്നവരുടെ തീരുമാനമാണ്. ഇവിടെ പ്രത്യേക സംവരണം ഒന്നും ഇല്ലെന്നതും ഓര്‍ത്ത് കൊള്ളണം. ധാരാളം പുതുമുഖ നടിമാരെ മറ്റു ഭാഷകളിലേക്ക് പോലും സംഭാവന ചെയ്യുന്നത് മലയാള സിനിമയാണ്. ഇവര്‍ക്കാര്‍ക്കും ഇല്ലാത്ത പരാതികളാണ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ ചിലര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഇതെല്ലാം കൂട്ടിച്ചേര്‍ത്താണ് ഒരു റിപ്പോര്‍ട്ടായി 2019 ഡിസംബര്‍ 31 ന്, സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്.

സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോര്‍ട്ട് കൈമാറാനുള്ള വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. മൊഴി പകര്‍പ്പുകളും അതിന്റെ അനുബന്ധവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പുറത്തുവന്നതില്‍ തന്നെ ഇതാണ് വിവാദമെങ്കില്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ കൂടി പുറത്ത് വന്നാല്‍ എന്തായിരിക്കും ചര്‍ച്ചകള്‍ എന്നത് നമുക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ്.

യാതൊരു തെളിവുകളുടെ പിന്‍ബലവും ഇല്ലാതെ ആരോപണങ്ങള്‍ മുന്‍നിര്‍ത്തി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടായി നല്‍കിയാല്‍ അതിന് ഇത്ര വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ടോ എന്ന ചോദ്യം മാധ്യമങ്ങളും പരിശോധിക്കേണ്ടതുണ്ട്. മാധ്യമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ വച്ചാല്‍ എന്തായിരിക്കും സ്ഥിതി എന്നതും ഓര്‍ക്കുന്നത് നല്ലതാണ്. മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും പുറത്ത് പോയവര്‍ ഉള്‍പ്പെടെ, അത്തരം ഘട്ടങ്ങളില്‍ നല്‍കുന്ന മൊഴികള്‍ ഒരിക്കലും പല മാധ്യമസ്ഥാപനങ്ങള്‍ക്കും തീര്‍ച്ചയായും ഗുണകരമായിരിക്കുകയില്ല. കാളപെറ്റു എന്ന് കേട്ട മാത്രയില്‍ കയറെടുക്കാന്‍ ഓടുന്നതിന് മുന്‍പ് ഇക്കാര്യം കൂടി ഓര്‍ക്കുന്നത് നല്ലതാണ്.

EXPRESS VIEW

Top