CMDRF

അര്‍ജുനെത്തേടി ഒരു സംസ്ഥാനമെത്തി… ശരവണന് വേണ്ടിയോ…?

അര്‍ജുനെത്തേടി ഒരു സംസ്ഥാനമെത്തി… ശരവണന് വേണ്ടിയോ…?
അര്‍ജുനെത്തേടി ഒരു സംസ്ഥാനമെത്തി… ശരവണന് വേണ്ടിയോ…?

ന്നും രണ്ടുമല്ല, പതിനൊന്നു ദിവസമായി കുറച്ച് ജീവനുകള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനകളും, പരിശ്രമങ്ങളും നടക്കാന്‍ തുടങ്ങിയിട്ട്. മണ്ണിനടിയിലും, പുഴയ്ക്കടിയിലുമായി ശക്തമായ കാറ്റിനെയും മഴയെയും, അടിയൊഴുക്കിനെയും അവഗണിച്ച് പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കേരളം മനുഷ്യജീവനു നല്‍കുന്ന പ്രാധാന്യമാണ് കഴിഞ്ഞ ദിവസങ്ങളിലായി നമ്മള്‍ കണ്ടത്. ജൂലൈ 16 നാണ് കര്‍ണാടകയിലെ അങ്കോളയില്‍ അതിദാരുണമായ ഒരു മണ്ണിടിച്ചില്‍ നടക്കുന്നത്. ഒരു കുടുംബത്തിലെ അഞ്ചുപേരുടെ ഉള്‍പ്പെടെ പത്ത് മൃതദേഹങ്ങളാണ് ദുരന്തമുണ്ടായി രണ്ട് ദിവസത്തിനകം മണ്ണിനടിയില്‍ നിന്നും കണ്ടെത്തിയത്. ഒരു ചായക്കടയോട് ചേര്‍ന്നുള്ള വീട്. ആ വീട്ടിലെ ആളുകളുള്‍പ്പെടെ, കടയില്‍ ചായകുടിക്കാന്‍ വന്നവരടക്കം ദുരന്തത്തിനിരയായി.

അപകടം നടന്ന് മൂന്നാംനാളാണ് അപകടത്തില്‍ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറി അകപ്പെട്ടതായി സംശയം തോന്നിയത്. കര്‍ണാടകാ സര്‍ക്കാരിന്റെ അനാസ്ഥയില്‍ രക്ഷാപ്രവര്‍ത്തന നടപടികള്‍ അലസിപ്പോയി. എന്നാല്‍ അപകടത്തിലെ മലയാളി സാന്നിധ്യം തിരച്ചിന്റെ ഗതിയെ പാടെ മാറ്റിമറിച്ചു. നമുക്കിടയിലെ ഒരാളുടെ ജീവനുവേണ്ടി നമ്മളിലോരോരുത്തരും മനസ്സുരുകി പ്രാര്‍ത്ഥിച്ചു. കര്‍ണാടക സര്‍ക്കാരിനെ നോക്കുകുത്തിയാക്കി കേരളം മുന്നിട്ടിറങ്ങി വഴിവെട്ടിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് നാടാകെ ഒരുമിച്ചു. നാണക്കേടുമറയ്ക്കാനെന്നോണം രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഓരോ മലയാളികളുടെയും മെക്കിട്ടുക്കേറിയ കര്‍ണാടക പൊലീസിന്റെ ധാര്‍ഷ്ട്യത്തില്‍ ഉറ്റവനെക്കുറിച്ച് അന്വേഷിച്ചെത്തിയ സെന്തില്‍ കുമാര്‍ എന്ന തമിഴ്‌നാട് സ്വദേശിക്ക് നിസ്സഹായനായി നില്‍ക്കേണ്ടിവന്നു. ഭാര്യാസഹോദരനെ അന്വേഷിച്ചെത്തിയ സെന്തിലിന് ആരോട് ചോദിക്കണം, എവിടെ അന്വേഷിക്കണം എന്നൊന്നും അറിയില്ല. നമ്മുടെ അര്‍ജുനെ പോലെ മണ്ണിനടിയില്‍പെട്ടുപോയ ശരവണനുമുണ്ട് കാത്തിരിക്കുന്ന ഒരു കുടുംബം.

39 വയസ്സുകാരനായ ശരവണന്‍ ടാങ്കര്‍ ലോറി ഡ്രൈവറാണ്. അര്‍ജുനെപ്പോലെ എപ്പോഴും അതുവഴി പോകുമ്പോള്‍, ലക്ഷ്മണന്റെ ചായക്കടയില്‍ വിശ്രമിക്കാന്‍ കയറിയതാകണം ശരവണനും. രാവിലെ 7.30-ഓടെയാണ് അന്ന് രാവിലെ ലോറിയുമായി ശരവണന്‍ എത്തിയത്. ദാര്‍വാഡില്‍ ചരക്ക് ഇറക്കി, മംഗലാപുരത്തെത്തി വീണ്ടും ലോഡ് എടുക്കാനുള്ള യാത്രയിലായിരുന്നു ശരവണന്‍. പത്തുമണിയോടെ അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയതാണ് സെന്തില്‍. ഉടനെ ലോറി ഉടമയെ വിവരം അറിയിക്കുകയും അദ്ദേഹം അപകടസ്ഥലത്തേക്ക് എത്തുകയും ചെയ്തു. എങ്കിലും ഒരു വിവരവും ഉണ്ടായില്ല. മണ്ണ് മൂടിയ നിലയിലായിരുന്നു ശരവണന്റെ ലോറി കണ്ടെത്തിയത്. ഒരു പാതി ശരീരമുള്ള മൃതദേഹം സ്ഥലത്ത് നിന്ന് ലഭിച്ചെങ്കിലും ആരുടെതാണെന്ന് ഉറപ്പില്ലാത്തതുകൊണ്ട് ശരവണന്റെ പ്രായമായ അമ്മ ഡിഎന്‍എ പരിശോധനയ്ക്കായി സ്ഥലത്തെത്തിയിരുന്നു. ഭാര്യയും ആറുവയസ്സുകാരന്‍ മകനും ശരവണനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. പരാതികൊടുക്കാനും, അധികൃതര്‍ക്ക് പുറകെ ഓടാനും മാത്രമെ അവരെകൊണ്ടാകൂ. കഴിഞ്ഞ പത്തുദിവസമായി ശരവണനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ദുരന്തമുഖത്ത് അലയുകയാണ് ശരവണന്റെ സഹോദരീ ഭര്‍ത്താവ്. അര്‍ജുനായി അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരോട് വിങ്ങലോടെ സെന്തില്‍ പറഞ്ഞത് ‘കേരളക്കാരെ പോലെ ചോദിക്കാന്‍ ആവില്ല സാര്‍’ എന്നാണ്. സ്വന്തം നിയമസംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെടുന്ന ഏതൊരു പൗരനും നിശ്ശബ്ദനാകുന്നത് ഇത്തരത്തില്‍ ഇങ്ങനെ ഓടി തളരുമ്പോഴാണ്….!

REPORT: ANURANJANA KRISHNA

Top