CMDRF

അരിവാള്‍ രോഗികളെ കണ്ടെത്താന്‍ പദ്ധതികളില്ല; രോഗം ബാധിച്ച് രണ്ട് മരണം

അരിവാള്‍ രോഗികളെ കണ്ടെത്താന്‍ പദ്ധതികളില്ല; രോഗം ബാധിച്ച് രണ്ട് മരണം
അരിവാള്‍ രോഗികളെ കണ്ടെത്താന്‍ പദ്ധതികളില്ല; രോഗം ബാധിച്ച് രണ്ട് മരണം

അഗളി: 2047-ഓടെ രാജ്യത്ത് അരിവാള്‍രോഗം തുടച്ചുനീക്കുമെന്നത് 2023-ല്‍ കേന്ദ്രബജറ്റിലെ പ്രഖ്യാപനമായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനബജറ്റിലും പദ്ധതിപ്രഖ്യാപനമുണ്ടായി. പക്ഷേ, ഈ പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി. ഇന്നലെ മാത്രം അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് മരിച്ചത് രണ്ട് ആദിവാസിയുവതികളാണ്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ 2014-ലാണ് അറിവാള്‍രോഗം കണ്ടെത്തിയത്. ഇതില്‍ അട്ടപ്പാടിയിലെയും വയനാട്ടിലെയും ഗോത്രവര്‍ഗക്കാരിലാണ് രോഗം കൂടുതലെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാനത്തുള്ള 1200 അരിവാള്‍രോഗികളില്‍ വയനാട്ടില്‍ 1057 പേരും അട്ടപ്പാടിയില്‍ 128 പേരുമായിരുന്നു. ഇതുവരെ 198 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്നുപേര്‍ കഴിഞ്ഞ വര്‍ഷവും ഒരാള്‍ ഈ വര്‍ഷവും മരിച്ചു.അരിവാള്‍രോഗം സ്ഥിരീകരിച്ചവര്‍ക്ക് മരുന്നും പെന്‍ഷനും കിട്ടുന്നുണ്ടെന്നത് മാത്രമാണ് ആശ്വാസം. 2014-ല്‍ ഗതാഗതസൗകര്യമില്ലാത്ത ഊരുകളിലൊന്നും വ്യക്തമായ പരിശോധന നടന്നില്ല. പിന്നീട് ആശുപത്രികളില്‍ വിവിധ രോഗങ്ങളുമായി എത്തുന്നവരെ പരിശോധിച്ചതിലാണ് ഐ.ടി.ഡി.പിയുടെ കണക്കില്‍ 156 പേരുണ്ടെന്ന് സ്ഥിരീകരിച്ചത്.

കഴിഞ്ഞ വര്‍ഷം അഗളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഇലക്ട്രോഫോഴ്‌സസ് മെഷീനുപയോഗിച്ച് പ്രീമെട്രിക് ഹോസ്റ്റലുകളിലും നാല് ഊരുകളിലും പരിശോധന നടത്തിയിരുന്നു. ഇതില്‍ 160-ഓളം പേരില്‍ രോഗം സ്ഥിരീകരിച്ചു. വീണ്ടും പരിശോധന വേണമെന്നും ഇതിനായി രക്തസാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള പാത്തോളജി ലാബിലെത്തിച്ച് പരിശോധിക്കണമെന്നും അന്നത്തെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചെങ്കിലും നടപടിയുണ്ടായില്ല. അരിവാള്‍രോഗനിര്‍ണയത്തിനായി കേന്ദ്രപദ്ധതി വരുന്നതിനാല്‍ ഊരുകളില്‍ പോയുള്ള പരിശോധന നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശമുണ്ടായി. ഇതിനിടയില്‍ ഷോളയൂര്‍ കുടുംബരോഗ്യകേന്ദ്രത്തിലും രോഗനിര്‍ണയപദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ഇതോടെ പരിശോധനകള്‍ നിലച്ചു. നിലവില്‍ ലക്ഷണങ്ങളോടെ അഗളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തുന്നവരെ മാത്രമാണ് പരിശോധിക്കുന്നത്.

Top