ചെന്നൈ: ആദ്യകുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള മധ്യസ്ഥ ചർച്ചകൾക്കിടെ നാടകീയമായ വഴിത്തിരിവ്. കോടതി വ്യവഹാരങ്ങൾക്കിടെ അതിജീവിതയ്ക്ക് രണ്ടാമത്തെ കുഞ്ഞു പിറക്കുകയും ഇതേത്തുടർന്ന് കുഞ്ഞിന്റെ അച്ഛനെതിരായ ബലാത്സംഗക്കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയുമാണ് ഉണ്ടായത്. ‘യുദ്ധത്തിലും പ്രണയത്തിലും നിയമങ്ങളൊന്നുമില്ല’എന്നു പറഞ്ഞാണ് ജസ്റ്റിസ് എൻ. ശേഷസായി കേസിൽ നിന്നും പ്രതിയെ കുറ്റവിമുക്തനാക്കിയത്.
ചെന്നൈ കടലൂർ സ്വദേശിയായ അവിവാഹിതയായ യുവതി ഗർഭിണിയായതോടെയാണ് ഇവരുമായി ബന്ധമുണ്ടായിരുന്ന യുവാവിനെതിരേ 2014-ൽ ബലാത്സംഗക്കേസ് നിലവിൽ വന്നത്. ഡി.എൻ.എ. പരിശോധനയിൽ കുട്ടി പ്രതിയുടേതെന്നു തെളിഞ്ഞു. അതേസമയം കടലൂരിലെ മഹിളാ സെഷൻസ് കോടതി 2015-ൽ പ്രതിക്ക് പത്തുവർഷം കഠിന തടവ് വിധിച്ചു. എന്നാൽ ഇതിനെതിരേ 2017-ൽ പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകി. അതേസമയം അതിജീവിതയുമായി താൻ പലതവണ ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരിക്കൽപ്പോലും അവർ എതിർപ്പു പ്രകടിപ്പിച്ചിട്ടില്ലെന്നുമായിരുന്നു പ്രതിയുടെ വാദം.
നിലവിലുള്ള കേസിന്റെ അപ്പീലിൽ വാദം കേൾക്കുന്നതിനിടെയാണ് ആദ്യ കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കും എന്ന പ്രശ്നം ഉയർന്നത്. ഇക്കാര്യം പ്രതിയും അതിജീവിതയും ചർച്ചചെയ്ത് തീരുമാനിക്കട്ടേയെന്ന് കോടതി നിർദേശിച്ചു. എന്നാൽ ചർച്ചകൾക്കിടെ അതിജീവിതയ്ക്ക് രണ്ടാമതൊരു കുഞ്ഞുകൂടി ജനിച്ചു. കുഞ്ഞിന്റെ അച്ഛൻ പ്രതി തന്നെയാണെന്ന് കോടതി തീർച്ചപ്പെടുത്തി. ഇതോടെയാണ് ഹൈക്കോടതി ബലാത്സംഗക്കേസ് റദ്ദാക്കിയതായി ഉത്തരവ് ഇറക്കിയത്.
അതേസമയം പ്രായപൂർത്തിയായവർ അവർക്കിഷ്ടപ്പെട്ടരീതിയിയിൽ ജീവിക്കുമ്പോൾ കോടതിക്ക് അതിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പ്രതിക്കെതിരേ ആദ്യം നൽകിയ പരാതി നിയമത്തിന്റെ ദുരുപയോഗമാണെന്നും കൂടാതെ കള്ളക്കേസാണെന്നും പറയാം. പക്ഷേ, കഴിഞ്ഞുപോയത് ഇനി കുത്തിപ്പൊക്കുന്നതിൽ കാര്യമില്ല എന്നും -കോടതി വ്യക്തമാക്കി.