കൊല്ലം: ആക്ഷേപം ആർക്കെതിരെ വന്നാലും അന്വേഷണം നടക്കുമെന്ന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ വ്യക്തമാക്കി. പരാതികൾ അന്വേഷിക്കുന്നുണ്ട്. പുറത്തുവരട്ടെ. ഫലപ്രദമായ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തു കൊണ്ടുവരും. അത് കേരളത്തിലെ സർക്കാരിൻ്റെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
നാല് വനിതാ ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം വിഷയം ഗൗരവപൂർവം അന്വേഷിക്കുന്നുണ്ട്. പാർട്ടിക്കു മുന്നിൽ എംഎൽഎയ്ക്ക് എതിരെ പരാതി വന്നിട്ടില്ല. ഇന്ന് നടന്ന സെക്രട്ടേറിയറ്റ് യോഗം ബ്രാഞ്ച് സമ്മേളനത്തെ കുറിച്ച് മാത്രമാണ് ചർച്ച ചെയ്തത്. പ്രതിപക്ഷത്തിന് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാന സർക്കാർ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് നടനും എംഎൽഎയുമായ മുകേഷിനെ ഒഴിവാക്കി മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐഎം. ലൈംഗികാരോപണം നേരിടുന്ന മുകേഷിന്റെ എംഎൽഎ സ്ഥാനം നിലനിർത്തി ചേർത്തുപിടിക്കാനാണ് തീരുമാനം.
Also Read: പ്രിയപ്പെട്ട ക്യാപ്റ്റനെ തിരഞ്ഞെടുത്ത് റിങ്കു സിങ്
സിനിമാ മേഖലയിൽ ആരോപണം നേരിടുന്ന വ്യക്തി തന്നെ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് നയം രൂപീകരിക്കാനുള്ള സമിതിയിൽ അംഗമാക്കുന്നതിലൂടെ സർക്കാർ എന്ത് നയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. പ്രതിഷേധം കൂടി ശക്തമായതോടെ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കാനുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ മഹിളാ കോൺഗ്രസ് കൊല്ലത്ത് മുകേഷിന്റെ കോലം കത്തിച്ചിരുന്നു. എം വിൻസന്റ്, എൽദോസ് കുന്നപ്പിള്ളിൽ എന്നീ എംഎൽഎമാർ ആരോപണവിധേയരായ ഘട്ടത്തിൽ സ്ഥാനം രാജിവെച്ചില്ലല്ലോ എന്ന് മറുചോദ്യം പ്രതിപക്ഷത്തിന്റെ വായടയ്ക്കാൻ ഇടതുമുന്നണിയിൽ നിന്ന് ഉയരുന്നുണ്ട്. എന്നാൽ കോൺഗ്രസ് നേതാക്കൾക്കെതിരെയുണ്ടായ ആരോപണങ്ങളിൽ സംഘടനാ തലത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേകതാവ് വി ഡി സതീശൻ വ്യക്തമാക്കി. എൽദോസ് കുന്നപ്പള്ളിയുടെ കേസിലെ ജഡ്ജമെൻ്റ് വന്നപ്പോഴാണ് കേസിന് മറ്റൊരു വശം കൂടിയുണ്ടെന്ന് മനസിലായത്. എൽദോസിനെതിരെ പാർട്ടി നടപടി സ്വീകരിച്ചു. ആറ് മാസം പാർട്ടിയുടെ എല്ലാ പ്രവർത്തനത്തിൽ നിന്നും മാറ്റി. ഇതിനിടെയാണ് അദ്ദേഹത്തിന് അനുകൂലമായ വിധി വരുന്നതെന്നും ഇതോടെയാണ് പാർട്ടിയിലേക്ക് തിരിച്ചെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.