പത്തനംതിട്ട: നവീൻ ബാബുവിന്റേത് ആത്മഹത്യയല്ലെന്നും ആഴത്തിലുള്ള അന്വേഷണം നടന്നിട്ടില്ലെന്നും സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ പറഞ്ഞു. പി.പി. ദിവ്യക്ക് പിന്നിൽ മറ്റ് ചിലർ ആണെന്നും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പി.പി. ദിവ്യക്കെതിരെ നടപടിയെടുത്തതിന് സംഘടനാപരമായി അറിയിപ്പ് കിട്ടിയിട്ടില്ല. എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു. അന്വേഷണം തൃപ്തികരമല്ലെന്നും ഇനി അഭിപ്രായം മാറ്റി പറയില്ല, ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, പാർട്ടി അഭിപ്രായമല്ലെന്നും മോഹനൻ വ്യക്തമാക്കി. നേരത്തെ കണ്ണൂർ കളക്ടർക്കെതിരെയും ഇദ്ദേഹം രംഗത്തുവന്നിരുന്നു. കളക്ടര്‍ക്ക് പിന്നിലും ആരോ ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.