CMDRF

അട്ടപ്പാടിയില്‍ വ്യാപകമായി മരം മുറിച്ചു കടത്തുന്നുവെന്ന് പരാതി

കോഴിക്കൂടം ഊരിലെ ആദിവാസികളാണ് പരാതി നല്‍കിയത്.

അട്ടപ്പാടിയില്‍ വ്യാപകമായി മരം മുറിച്ചു കടത്തുന്നുവെന്ന് പരാതി
അട്ടപ്പാടിയില്‍ വ്യാപകമായി മരം മുറിച്ചു കടത്തുന്നുവെന്ന് പരാതി

കോഴിക്കോട്: അട്ടപ്പാടിയില്‍ വ്യാപകമായി മരം മുറിച്ചു കടത്തുന്നുവെന്ന് പരാതി. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇതു സംബന്ധിച്ച് പാലക്കാട് കലക്ടര്‍ അന്വേഷണം തുടങ്ങി എന്നാണ് റവന്യൂ വകുപ്പില്‍ നിന്ന് അറിയുന്നത്.ഏതാണ്ട് 10 ചുറ്റളവില്‍ പൈന്‍മരങ്ങള്‍ മാത്രം തിങ്ങിനില്‍ക്കുന്ന പ്രദേശത്താണ് മരം മുറി വ്യാപകമായി നടക്കുന്നത്. മരങ്ങള്‍ മുറിച്ചു കടത്തുന്നതിന്റെ ഫോട്ടോകള്‍ അട്ടപ്പാടിയില്‍ നിന്ന് പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. കോഴിക്കൂടം ഊരിലെ ആദിവാസികളാണ് പരാതി നല്‍കിയത്.

സോഷ്യല്‍ മീഡിയയില്‍ രണ്ട് ലോറികളിലായി മരം തമിഴ്‌നാട്ടിലേക്ക് കയറ്റിക്കൊണ്ടുപോകുന്നത് ചിത്രങ്ങളില്‍ കാണാം. വയലൂര്‍ ഭാഗത്ത് റോഡില്‍ മുറിച്ച് മരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ആദിവാസികള്‍ക്ക് സാമൂഹിക വനാവകാശ നിയമപ്രകാരം നല്‍കിയ പ്രദേശത്തുനിന്നാണ് മരങ്ങള്‍ മുറിക്കുന്നത്. ഈ പ്രദേശത്തിന്റെ വടക്കും തെക്കും അതിര്‍ത്തി വരടിമലയാണ്. വടക്ക് വയലൂരും പടഞ്ഞാറ് വെങ്കക്കടവുമാണ് അതിരുകള്‍. പഴയകാലത്ത് കോഴിക്കൂടം, വയലൂര്‍ ഊരുകളിലെ ആദിവാസികളുടെ കൊത്തുകാട് ഭൂമികളായിരുന്നു..

Lorry transporting the woods to Tamil Nadu

ബ്രിട്ടീഷുകാരാണ് ഈ പ്രദേശത്ത് എസ്റ്റേറ്റ് തുടങ്ങിയത്. 1947 ശേഷം ബ്രിട്ടീഷുകാര്‍ എസ്റ്റേറ്റ് ഒഴിഞ്ഞ് പോയി. നിലവില്‍ ഭവാനി പ്രോഡ്യൂസേഴ്‌സ് കമ്പനിയുടെ എസ്റ്റേറ്റും കഴക്കമ്പലം എസ്റ്റേറ്റുമെല്ലാം ഇവിടെയുണ്ട്. ഹില്‍ട്ടണ്‍മല, പുതുക്കാട്, പെരിയ ചോല, മേലെ കുറവന്‍പടി, 40 ഏക്കര്‍ എന്നീ എസ്റ്റേറ്റ് ഭാഗങ്ങളില്‍നിന്നാണ് വ്യാപകമായി മരം മുറിച്ച് ലോഡ്കണക്കിന് തടി കടത്തുന്നത്.

മരം മുറിക്കുന്നതിന് അനുമതിയൊന്നും വനംവകുപ്പില്‍നിന്ന് നില്‍കിയട്ടില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആദിവാസികള്‍ക്ക് നല്‍കിയ മറുപടി. വനാവകാശ നിയമ പ്രകാരം വനാവകാശ കമ്മിറ്റികള്‍ ഈ പ്രദേശത്തുണ്ട്. എന്നാല്‍, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്താശയോടെ എസ്റ്റേറ്റ് മനേജര്‍മാരാണ് മരം മുറിച്ച് കടത്തുന്നതെന്നാണ് ആദിവാസികളുടെ ആരോപണം. ഊരുകൂട്ടത്തിന്റെ അനുമതി ഇല്ലാതെ മരം മുറിക്കുന്നത് നിയമവിരുദ്ധമാണെന്നും ആദിവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

അട്ടപ്പാടിയില്‍ പലയിടത്തും വനഭൂമിയും എസ്റ്റേറ്റും തമ്മിലുള്ള അതിര്‍വരമ്പ് കൃത്യമല്ല. അതിനാല്‍ വനഭൂമിയില്‍ നിന്നും മരങ്ങള്‍ മുറിച്ചിട്ടുണ്ട് എന്നാണ് ആദിവാസികളുടെ ആക്ഷേപം. കോഴിക്കൂടം, വയലൂര്‍ ഊരുകളിലെ ആദിവാസികളുടെ പാരമ്പര്യ ഭൂമിയില്‍നിന്ന മരം മുറിച്ചതായി പഴനിസ്വാമി നേരത്തെ പരാതി നല്‍കിയിരുന്നു. വനാവകാശ നിയമപ്രകാരം പട്ടികവര്‍ഗക്കാരുടെ ആവശ്യത്തിന് മാത്രമേ ഈ പ്രദേശത്ത് നിന്ന് മരംമുറിക്കാന്‍ കഴിയു. ആദിവാസികള്‍ക്ക് ചുവന്ന സുഗന്ധദ്രവ്യങ്ങള്‍ നല്‍കുന്ന മരങ്ങളാണ് മുറിച്ച് കടത്തുന്നത്. ഇക്കാര്യത്തില്‍ കലക്ടര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോഴിക്കൂടം ഭരൂരിലെ ആദിവാസികള്‍ ആവശ്യപ്പെട്ടു.

Top