ചൈനീസ് വിപണിയായ ഷാങ്‌ഹാക്ക് ഒപ്പം ജപ്പാൻ, സിംഗപ്പൂർ എക്‌സ്‌ചേഞ്ചുകളിലും കഴിഞ്ഞ ദിവസങ്ങളിൽ റബറിന് തിളക്കമാർന്ന ഡിമാൻഡായിരുന്നു. കൂടാതെ ഏഷ്യ -യൂറോപ്യൻ ഓട്ടോ മേഖല പ്രതിസന്ധികളെ മറികടക്കുമെന്ന വിലയിരുത്തലുകൾ നിക്ഷേപകരെ റബറിലേക്ക് അടുപ്പിച്ചു.
ഏറെ നാളുകൾക്ക് ശേഷം ജപ്പാനിൽ കിലോ 400 യെന്നിന് മുകളിൽ റബറിന്റെ വ്യാപാരം നടന്നു. സിംഗപ്പൂരിൽ റബർ 200 ഡോളറിലേക്കും ഉയർന്നു. മുഖ്യ അവധി വ്യാപാര രംഗം ബുൾ ഇടപാടുകാരുടെ നിയന്ത്രണത്തിൽ നീങ്ങിയത് റബർ കയറ്റുമതി രാജ്യങ്ങളെയും ആവേശംകൊള്ളിച്ചു. തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യൻ മാർക്കറ്റുകളിൽ കയറ്റുമതിക്കാർ വില ഉയർത്തി. ഏഷ്യൻ റബർ മാർക്കറ്റുകൾ പലതും കുതിപ്പിലേക്ക് തിരിഞ്ഞെങ്കിലും ഇന്ത്യൻ റബറിന് തിരിച്ചടി നേരിട്ടു. പ്രമുഖ ടയർ നിർമാതാക്കൾ എല്ലാവരും കേരളത്തിൽ നിലയുറപ്പിച്ചിരുന്നെങ്കിലും വില ഇടിച്ച് ചരക്ക് കൈക്കലാക്കാൻ അവർ നീക്കം നടത്തി.
Also Read: ചെക്ക് പണമാക്കാന്‍ ഇനി കാത്തിരിക്കേണ്ട: മണിക്കൂറുകള്‍ക്കകം പണം അക്കൗണ്ടിലെത്തും
അതേസമയം, കേരളത്തിൽ ഷീറ്റ് വില ഇടിഞ്ഞു. 23,200 രൂപയിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും കമ്പനികൾ നിരക്ക് താഴ്‌ത്തി ക്വട്ടേഷൻ ഇറക്കിയതോടെ വാരാവസാനം നാലാം ഗ്രേഡ് 22,500ലേക്ക് തളർന്നു. നിരക്ക് അടുത്ത മാസം ഇനിയും ഇടിയുമെന്ന നിലപാടിലാണ് വ്യവസായികൾ. തെളിഞ്ഞ കാലാവസ്ഥയിൽ റബർ ടാപ്പിങ് രംഗം അടുത്ത മാസം ഉണരും. ഇതിനിടയിൽ ശൈത്യകാലത്തിന് തുടക്കംകുറിക്കുന്നതോടെ റബർ മരങ്ങളിൽനിന്നുള്ള യീൽഡും വർധിക്കുമെന്നത് ഷീറ്റ്, ലാറ്റക്‌സ് ക്ഷാമം വിട്ടുമാറാൻ അവസരം ഒരുക്കും.