തിരുവനന്തപുരം: മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് സംവിധായകൻ പ്രിയനന്ദനൻ. 2004ൽ പൃഥ്വിരാജിനെ വെച്ചുള്ള തൻ്റെ സിനിമ ഇത്തരത്തിലുള്ള പവർ ഗ്രൂപ്പാണ് ഇല്ലാതാക്കിയതെന്നും പ്രിയനന്ദനൻ ആരോപിച്ചു. ‘അത് മന്ദാരപ്പൂവല്ല’ എന്ന ചിത്രമാണ് മുടക്കിയത്. ആറ് ദിവസം ഷൂട്ട് തുടങ്ങി കഴിഞ്ഞാണ് തന്റെ സിനിമ മുടക്കിയതെന്നും പ്രിയാനന്ദൻ ആരോപിച്ചു.
പവർ ഗ്രൂപ്പ് ഇല്ല എന്ന് മമ്മൂട്ടിക്കും മോഹൻലാലിനും പറയാം. അവർക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടാകില്ല. മലയാള സിനിമയിലെ നിലവിലെ വിവാദങ്ങൾ എല്ലാം കലങ്ങിത്തെളിയുന്നതിലേക്ക് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയനന്ദനൻ പ്രമുഖ മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.
Also read: സഹപ്രവർത്തകനിൽ നിന്നുമുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി മനീഷ
വിശദാംശങ്ങൾ ചുവടെ:
നീണ്ട ദിവസത്തെ മൗനത്തിന് ശേഷം നടൻ മോഹൻലാലും മമ്മൂട്ടിയും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന ആരോപണം ഇരുവരും നിഷേധിച്ചു. സിനിമാ രംഗത്ത് ശക്തികേന്ദ്രങ്ങളില്ല. അങ്ങനെയൊന്ന് നിലനിൽക്കാൻ പറ്റുന്ന രംഗമല്ല സിനിമയെന്ന് മമ്മൂട്ടി പ്രതികരിച്ചപ്പോൾ സിനിമ സമൂഹത്തിന്റെ പരിച്ഛേദമാണെന്നായിരുന്നു മോഹൻലാലിൻറെ പ്രതികരണം. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിൽ നിന്നുണ്ടായ വെളിപ്പെടുത്തലിൽ ഇരുപതോളം പേർക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസെടുത്തിരുന്നു. കേസുകളിൽ തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്.