CMDRF

രാജ്യസഭയിൽ ഭൂരിപക്ഷമില്ല; മോദിക്ക് ഇനി റാവുവിനെയും ജഗൻ മോഹനെയും പിണക്കാൻ കഴിയില്ല !

രാജ്യസഭയിൽ ഭൂരിപക്ഷമില്ല; മോദിക്ക് ഇനി റാവുവിനെയും ജഗൻ മോഹനെയും പിണക്കാൻ കഴിയില്ല !
രാജ്യസഭയിൽ ഭൂരിപക്ഷമില്ല; മോദിക്ക് ഇനി റാവുവിനെയും ജഗൻ മോഹനെയും പിണക്കാൻ കഴിയില്ല !

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതെ ബി.ജെ.പിയും എന്‍.ഡി.എയും കടുത്ത പ്രതിസന്ധിയില്‍. രാജ്യസഭയില്‍ 86 സീറ്റ് മാത്രമേ ഇപ്പോള്‍ ബി.ജെ.പിക്കുള്ളൂ. എന്‍.ഡി.എ മുന്നണിക്ക് 101ഉം. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് 113 എം.പിമാരുടെ പിന്തുണയാണ് വേണ്ടത്. പുറത്തുനിന്നുള്ള 12 എം.പിമാരുടെ പിന്തുണയില്ലെങ്കില്‍ രാജ്യസഭയില്‍ ബി.ജെ.പിക്ക് ബില്ലുകള്‍ പാസാക്കാനാവില്ല. നാമനിര്‍ദ്ദേശം ചെയ്ത 4 അംഗങ്ങളുടെ കാലാവധി കഴിഞ്ഞതോടെയാണ് ബി.ജെ.പിയുടെ നില പരുങ്ങലിലായത്.

ഇന്ത്യാ മുന്നണിയിലോ എന്‍.ഡി.എയിലോ ഇല്ലാത്ത ചന്ദ്രശേഖര റാവുവിന്റെ ബി.ആര്‍.എസ്, ആന്ധ്ര പ്രദേശില്‍ ജഗന്‍ മോഹന്‍ റെഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ, ഒഡീഷയിലെ ബിജു ജനതാദള്‍ എന്നിവരുടെ പിന്തുണയാണ് ബി.ജെ.പിക്കാവശ്യം. ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ മുമ്പ് രാജ്യസഭയില്‍ ബി.ജെ.പിയെ പിന്തുണച്ചിരുന്ന ബി.ജെ.ഡി ഇനി പിന്തുണക്കാന്‍ സാധ്യതയില്ല.

11 അംഗങ്ങളുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസും നാലു വീതം അംഗങ്ങളുള്ള ബി.ആര്‍.എസും എ.ഐ.എ.ഡി.എം.കെയും സഹായിച്ചില്ലെങ്കില്‍ രാജ്യസഭയില്‍ ബി.ജെ.പിക്ക് ബില്ലുകള്‍ പാസാക്കാന്‍ കഴിയില്ല. ഇന്ത്യാ മുന്നണി ബില്ലുകളില്‍ വോട്ടിങ് ആവശ്യപ്പെട്ടാല്‍ അത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുകയും ചെയ്യും. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിലും ഇനി തിരിച്ചടിയുണ്ടാകും.

എന്‍.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യുവും ടി.ഡി.പിയും ഏകീകൃത സിവില്‍കോഡിനെതിരായ നിലപാടിലാണ്. ഭരണഘടനാ ഭേദഗതിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷവേണം. പ്രതിപക്ഷ കക്ഷികളുടെ പിന്തുണയില്ലാതെ ഏകീകൃത സിവില്‍കോഡ് പാര്‍ലമെന്റില്‍ പാസാക്കാനും കഴിയില്ല. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നത് ആര്‍.എസ്.എസിന്റെ പ്രധാന ആവശ്യമാണ്.

കഴിഞ്ഞ ലോക്‌സഭയില്‍ ഏകീകൃത സിവില്‍കോഡ് ബില്‍ അവതരിപ്പിച്ച് നിയമമാക്കാന്‍ നീക്കം നടത്തിയിരുന്നെങ്കിലും ഇത്തവണ നാനൂറിലേറെ ഭൂരിപക്ഷത്തോടെ ബില്‍ കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. 400 സീറ്റ് ലക്ഷ്യമിട്ട് മോദിയുടെ നേതൃത്വത്തില്‍ പ്രചരണത്തിനിറങ്ങിയ എന്‍.ഡി.എക്ക് മുന്നൂറ് സീറ്റ് കടക്കാന്‍ പോലും കഴിഞ്ഞില്ല.

293 സീറ്റാണ് എന്‍.ഡി.എ നേടിയത്. 2019തില്‍ 303 സീറ്റുമായി ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷമുണ്ടായിരുന്നു. സഖ്യകക്ഷികളെക്കൂടി കൂട്ടുമ്പോള്‍ എന്‍.ഡി.എക്ക് 353 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷമാണുണ്ടായിരുന്നത്. ഇത്തവണ ബി.ജെ.പിക്ക് മാത്രം 63 സീറ്റിന്റെ കുറവാണുള്ളത്. പ്രതിപക്ഷത്തെ ഇന്ത്യാ സഖ്യം 235 സീറ്റിന്റെ മികച്ച മുന്നേറ്റമാണ് നടത്തിയത്.

100 സീറ്റുമായി ശക്തമായ തിരിച്ചുവരവ് നടത്തിയ കോണ്‍ഗ്രസിലെ രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവുമായി. 16 സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുടെയും 12 സീറ്റുള്ള നിധീഷ് കുമാറിന്റെ ജെ.ഡി.യുവിന്റെയും പിന്തുണയിലാണ് മോദിയുടെ കേന്ദ്രഭരണം. രാജ്യസഭയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം നഷ്ടമായത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ചന്ദ്രബാബു നായിഡുവിന്റെയും നിധീഷ് കുമാറിന്റെയും കനിവില്‍ പ്രധാനമന്ത്രിയായ മോദിക്ക് രാജ്യ സഭകടക്കാന്‍ ജഗന്‍ മോഹന്‍ റെഡിയുടെയും ചന്ദ്രശേഖര റാവുവിന്റെയും കാലു പിടിക്കേണ്ട ഗതികേടാണ്.

ഈ വര്‍ഷം അവസാനം മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധ്യതയുണ്ട്. അങ്ങിനെയെങ്കില്‍ രാജ്യസഭയില്‍ ബി.ജെ.പിയുടെ നില വീണ്ടും പരുങ്ങലിലാവും.

Top