തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് ദിവസം മഴ പെയ്തപ്പോള്‍ തലസ്ഥാനമുള്‍പ്പെടെ വെള്ളക്കെട്ടിലായെന്ന് സതീശന്‍ പറഞ്ഞു. കേരളം വെള്ളത്തിലാണ്. ഇത്രയും കെടുകാര്യസ്ഥത നിറഞ്ഞ സര്‍ക്കാര്‍ ഭരിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനം നടന്നിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
‘ഹെല്‍ത്ത് ഡാറ്റ സര്‍ക്കാരിന്റെ കയ്യിലില്ല. സംസ്ഥാനത്ത് മരണം കൂടുകയാണ്. ഒരു ഓടപോലും വൃത്തിയാക്കിയിട്ടില്ല. ഒന്നും ചെയ്യാതിരിക്കുക എന്നതാണ് സര്‍ക്കാരിന്റെ മുഖമുദ്ര. എന്താണ് കേരളത്തില്‍ നടക്കുന്നത്. കൈയ്ക്ക് പകരം കുട്ടിയുടെ നാവിനാണ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുത്തത്. കത്രിക കുടുങ്ങിയ ഹര്‍ഷിനക്ക് നഷ്ടപരിഹാരം കൊടുത്തിട്ടില്ലെന്നും എവിടെയാണ് ആരോഗ്യമന്ത്രിയെന്നും’ വിഡി സതീശന്‍ ചോദിച്ചു. നവകേരള ബസല്ല മ്യൂസിയത്തില്‍ വെക്കേണ്ടത്. ബസില്‍ സഞ്ചരിച്ച ഈ പീസുകളെയാണ് മ്യൂസിയത്തില്‍ വെക്കേണ്ടത്. സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാവ സംഘമാണ് പൊലീസിനെ ഭരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
അതേസമയം, തിരുവനന്തപുരത്ത് തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണം അവതാളത്തിലായിരിക്കുകയാണ്. റോഡ് പണിക്കായി കുഴിച്ച കുഴികളിലെല്ലാം വെള്ളം നിറഞ്ഞതോടെ ജോലികള്‍ വീണ്ടും ഇഴഞ്ഞു നീങ്ങുകയാണ്. പലയിടത്തും കുഴികളിലെ വെള്ളം വറ്റിക്കാന്‍ തന്നെ മണിക്കൂറുകളെടുക്കുന്നതോടെ ഗതാഗതവും തടസപ്പെടുന്നു. പലയിടത്തും നടക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്.
മാര്‍ച്ച് 31, ഏപ്രില്‍ 30 അങ്ങനെ പല തിയ്യതികള്‍ പറഞ്ഞെങ്കിലും പണി ഇപ്പോഴും ഇഴയുകയാണ്. നഗരത്തിലെ പ്രധാന റോഡുകളായ ആല്‍ത്തറ – ചെന്തിട്ട റോഡ്, കിള്ളിപ്പാലം – അട്ടക്കുളങ്ങര, ജനറല്‍ ആശുപത്രി- വഞ്ചിയൂര്‍ തൈവിള, സഹോദര സമാജം റോഡ് തുടങ്ങിയവ ഇപ്പോഴും കുഴിച്ചിട്ടിരിക്കുകയാണ്. എല്ലാ സ്ഥലത്തും ഒരു വശത്ത് കൂടി മാത്രമാണ് ഗതാഗതം. സ്റ്റാച്യു- ജനറല്‍ ആശുപത്രി റോഡ് അടക്കം തുറന്ന് കൊടുത്തെങ്കിലും പണികള്‍ തീരാത്തത് യാത്രക്കാരെ വലയ്ക്കുന്ന സാഹചര്യമാണുള്ളത്.