ഗുരുതരമായ സാഹചര്യം സംസ്ഥാനത്തില്ല, മുന്നോട്ടുപോകുന്നത് ശരിയായ പാതയിൽ; വീണ ജോർജ്

ഗുരുതരമായ സാഹചര്യം സംസ്ഥാനത്തില്ല, മുന്നോട്ടുപോകുന്നത് ശരിയായ പാതയിൽ; വീണ ജോർജ്

തിരുവനന്തപുരം: കോവിഡിനൊപ്പം സിക്ക, മങ്കി പോക്‌സ് തുടങ്ങിയ പകർച്ച വ്യാധികളെയും സർക്കാർ പിടിച്ചുനിർത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശരിയായ പാതയിലാണ് മുന്നോട്ട് പോകുന്നത്. ഏത് കേസ് കേരളത്തിൽ ഉണ്ടായാലും അത് കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പകർച്ച വ്യാധികളെ തടയുന്നതിലും പ്രതിരോധത്തിനുമായി വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ജാഗ്രതാ പ്രവർത്തനങ്ങൾ ഓരോ വർഷവും നടത്തിവരികയാണ്.

ഗുരുതരമായ സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നും മന്ത്രി പറഞ്ഞു. മഞ്ഞപ്പിത്തം പടരുന്നത്തിൽ സംസ്ഥാനത്ത് ഒരു പൊതു അവബോധം സൃഷ്ടിക്കുന്നതിന് സർക്കാർ ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പകർച്ച വ്യാധികളുടെ വ്യാപനത്തിന് ഉയർന്ന സാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. വർഷത്തിൽ ഏത് സമയത്തും പെയ്യാവുന്ന മഴ, ഉയർന്ന ജനസാന്ദ്രത, കാലാവസ്ഥ, വനമേഖലയുടെ സാന്നിധ്യം എന്നിവയാണ് കാരണമെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

സംസ്ഥാനത്ത് മഞ്ഞപ്പിത്തം അടക്കമുള്ള പകർച്ചവ്യാധികൾ കാരണം മരണങ്ങൾ വർധിക്കുന്ന സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതിലാണ് മന്ത്രിയുടെ മറുപടി. തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

ഡിഎച്ച്എസ്സിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ആർആർടിക്ക് രൂപം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളിലൂടെ എലിപ്പനി വ്യാപനം തടയാനായെന്നും മന്ത്രി സഭയിൽ അറിയിച്ചു.

അതേസമയം മന്ത്രി ലാഘവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നതെന്ന് ടി വി ഇബ്രാഹിം പറഞ്ഞു. പകർച്ചവ്യാധി വ്യാപനത്തിൽ കേരളം ഒന്നാംസ്ഥാനത്താണ്. ശുചീകരണ കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ശരിയായി പ്രവർത്തിച്ചില്ല. ആശുപത്രികളുടെ അവസ്ഥ പരിതാപകരമാണെന്നും ടി വി ഇബ്രാഹിം സഭയിൽ വ്യക്തമാക്കി.

Top