കേരളത്തില്‍ ചൂടിന് കുറവില്ല; 9 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട് മാര്‍ച്ച് 28 വരെ

കേരളത്തില്‍ ചൂടിന് കുറവില്ല; 9 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട് മാര്‍ച്ച് 28 വരെ
കേരളത്തില്‍ ചൂടിന് കുറവില്ല; 9 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട് മാര്‍ച്ച് 28 വരെ

തിരുവനന്തപുരം: കേരളത്തില്‍ കൊടുംചൂടിന് കുറവില്ല. മാര്‍ച്ച് 28 വരെ 9 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തൃശൂര്‍, കൊല്ലം. പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകള്‍ക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

ഈ വ്യാഴാഴ്ച വരെ (മാര്‍ച്ച് 28 വരെ) തൃശ്ശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താനിടയുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും കോട്ടയം ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും എത്തും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതായത് സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ഒന്‍പത് ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ മാര്‍ച്ച് 28 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കണം നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണം.അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

ചൂട് കൂടുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അറിയിപ്പുണ്ട്.

Top