ദുബായ്: ആരോപണത്തിൽ സത്യമില്ലെന്ന് നിവിൻ പോളിയുമായി ദുബായിൽവച്ച് കൂടിക്കാഴ്ച നടത്തിയ റാഫേൽ. സംവിധായകൻ സുനിലോ നിവിൻ പോളിയോ ഇങ്ങനെ ചെയ്യില്ലെന്നാണ് വിശ്വാസം. ദുബായിൽ മാളിൽ വച്ച് നിവിൻ പോളിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം പിരിയുകയും ചെയ്തുവെന്നും റാഫേൽ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
കഴിഞ്ഞ നവംബറിൽ ബന്ധുക്കൾക്കൊപ്പമായിരുന്നു കൂടിക്കാഴ്ച. സിനിമാ നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകുന്ന ആളാണ് റാഫേൽ. സിനിമ ചെയ്യാനായി സുനിൽ വിളിച്ചിരുന്നു. മകനും മകളുമുൾപ്പെടെ കുടുംബമൊന്നിച്ചാണ് നിവിൻ പോളിയെ കാണാനായി പോയത്. ദുബായ് മാളിലെ കഫേയിൽ വെച്ചായിരുന്നു സുനിലും നിവിൻ പോളിയും താനും തമ്മിലുള്ള കൂടിക്കാഴ്ച്ചയെന്ന് റാഫേൽ പറയുന്നു. താനറിയുന്ന സുനിലോ നിവിനോ ഇങ്ങനെ ചെയ്യുന്നവരാണെന്ന് കരുതുന്നില്ല. പെൺകുട്ടിയുമായി ബന്ധമുള്ള വാർത്തകൾ കണ്ടിരുന്നു. അതിൽ സത്യമുണ്ടോ ഇല്ലയോ എന്ന് പറയാനറിയില്ല. പെൺകുട്ടി പറയുന്നത് കേൾക്കുമ്പോൾ സത്യമുണ്ടെന്ന് തോന്നും. പക്ഷേ താനറിയുന്ന നിവിൻപോളിയും സുനിലും അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനും കഴിയുന്നില്ലെന്നും റാഫേൽ പറഞ്ഞു.
നിവിൻ പോളിയുടെ വാക്കുകൾ:
അതിനിടെ, തനിക്കെതിരായ ബലാത്സംഗ പരാതിക്ക് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുവെന്ന് നടൻ നിവിൻ പോളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിവിൻ പോളിക്കെതിരെ എഫ്ഐആർ ഇട്ടതിന് പിന്നാലെ കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിവിൻ പോളി. ഒന്നരമാസം മുൻപ് പൊലീസ് അവസാനിപ്പിച്ചുവെന്ന് പറഞ്ഞ പരാതി ഇത്തരത്തിൽ വരണമെങ്കിൽ അതിന് ഗൂഢാലോചന സംശയിക്കുന്നുവെന്നാണ് നിവിൻ പറഞ്ഞത്. അങ്ങനെയൊരു പെൺകുട്ടിയെ കണ്ടിട്ടില്ലെന്നും അവരുമായി സംസാരിച്ചിട്ടില്ലെന്നും പരിചയമില്ലെന്നും നിവിൻ പോളി പറഞ്ഞു. അടിസ്ഥാന രഹിതമായുള്ള ആരോപണമാണ്.
ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആരോപണം നേരിടുന്നത്. വാർത്ത നൽകുന്നതിൽ കുഴപ്പമില്ല. പക്ഷേ കാര്യങ്ങൾ അന്വേഷിച്ചിട്ട് കൊടുത്താൽ നല്ലതാകും. എൻറെ ഭാഗത്ത് ന്യായം ഉണ്ടെന്ന് 100 ശതമാനം ഉറപ്പുള്ളതുകൊണ്ടാണ് ഇന്ന് തന്നെ വാർത്താസമ്മേളനം വിളിച്ചത്. എൻറെ കുടുംബം എൻറെയൊപ്പം തന്നെയാണ്. ആദ്യം അമ്മയെ വിളിച്ചാണ് പറഞ്ഞത്. അവരെല്ലാം എൻറെ കൂടെയാണ്. കേസിൽ ഉൾപ്പെട്ടുവെന്ന് പറയുന്ന പ്രതികളെയൊന്നും അറിയില്ല. ഒരാളെ സിനിമയ്ക്ക് പണം നൽകുന്ന വ്യക്തി എന്ന നിലയിൽ അറിയാം. അത്തരത്തിലുള്ള ബന്ധവും ഉണ്ട്.
Also read: പീഡന പരാതി; നിവിൻപോളിക്ക് എതിരായ തെളിവുകൾ ഒന്നും കൈവശമില്ലെന്ന് പരാതിക്കാരി
എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. അതിനാൽ കേസ് അതിൻറെ വഴിക്ക് പോകും. നിയമപരമായി പോരാടും. അതിൻറെ ഏതറ്റം വരെയും പോകും. ഇത് സത്യമല്ലെന്ന് തെളിയിക്കാൻ എല്ലാ വഴികളും തേടും. ഇങ്ങനെ ആരോപണം ആർക്കെതിരെയും വരാം. ഇനി നാളെ മുതൽ ആർക്കെതിരെയും വരാം. അവർക്കെല്ലാം ഇവിടെ ജീവിക്കണം. അവർക്ക് കൂടി വേണ്ടിയാണ് എൻറെ പോരാട്ടം. എൻറെ സുഹൃത്തുക്കൾ ഉൾപ്പെടെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും തയ്യാറാണ്. ഇങ്ങനെ കാര്യങ്ങൾ സംസാരിച്ച് ശീലമില്ലെന്നും നിവിൻ പറഞ്ഞു.