സംസ്ഥാനത്ത് മേഖല തിരിച്ച വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി ബദല്‍ നിര്‍ദേശം ചര്‍ച്ചചെയ്യും

സംസ്ഥാനത്ത് മേഖല തിരിച്ച വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി ബദല്‍ നിര്‍ദേശം ചര്‍ച്ചചെയ്യും
സംസ്ഥാനത്ത് മേഖല തിരിച്ച വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി ബദല്‍ നിര്‍ദേശം ചര്‍ച്ചചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപഭോഗം കൂടിയ മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ബദല്‍ നിര്‍ദേശം വൈദ്യുതിമന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. പീക്ക് സമയത്ത് ഉപഭോഗം കുറക്കാന്‍ വ്യവസായസ്ഥാപനങ്ങളോടും കെഎസ്ഇബി ആവശ്യപ്പെടും. സംസ്ഥാന വ്യാപകമായ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിക്കേണ്ടെന്ന് ഇന്നലെ വൈദ്യുതിമന്ത്രി വിളിച്ച യോഗം തീരുമാനിച്ചിരുന്നു.

അതിന് പകരമായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം കെഎസ്ഇബി മുന്നോട്ട് വെക്കുന്നതാണ് മേഖലാ തിരിച്ചുള്ള നിയന്ത്രണം. ഉപഭോഗം കുത്തനെ കൂടിയ സ്ഥലങ്ങളിലാകും നിയന്ത്രണം. നിലവില്‍ മലബാറിലാണ് ഉപഭോഗം കൂടുതല്‍. ഒപ്പം ഉപഭോഗം കൂടിയ മേഖലകളിലെ വ്യവസായ സ്ഥാപനങ്ങളോട് പീക്ക് ടൈമില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്താനും ആവശ്യപ്പെടും.

വ്യാപാരസ്ഥാപനങ്ങള്‍ അടച്ചാലും പുറത്ത് പ്രവര്‍ത്തിക്കുന്ന അലങ്കാര വിളക്കുകളും ബോര്‍ഡുകളും ഓഫ് ചെയ്യാനും ആവശ്യപ്പെടും. എസിയുടെ ഉപഭോഗം കുറക്കാന്‍ ഗാര്‍ഹിക ഉപഭോക്താക്കളോടും നിര്‍ദ്ദേശിക്കും. ഈ രീതിയിലെ നിയന്ത്രണം വഴി പ്രതിദിനം 150 മെഗാ വാട്ട് ഉപയോഗം എങ്കിലും കുറയ്ക്കുകയാണ് ലക്ഷ്യം. കൂടുതലായി വൈദ്യുതി ഉപയോഗം വരുന്ന ട്രാന്‍സ്‌ഫോര്‍മറുകളുടെ പട്ടികയുണ്ടാക്കാന്‍ ചീഫ് എഞ്ചിനിയര്‍മാരെ ചുമതലപ്പെടുത്തി.

എഞ്ചിനിയര്‍മാര്‍ തയ്യാറാക്കി നല്‍കുന്ന ചാര്‍ട്ട് വൈദ്യുതി മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറും. ഇതിന് ശേഷം നടക്കുന്ന ചര്‍ച്ചയിലാകും അന്തിമ തീരുമാനം എടുക്കുക. എങ്ങിനെ, എവിടെ, എപ്പോള്‍ നിയന്ത്രണം കൊണ്ട് വരുമെന്ന കാര്യത്തില്‍ കെഎസ്ഇബി സര്‍ക്കുലര്‍ ഇറക്കും. ജനവികാരം എതിരാക്കുന്നത് ഒഴിവാക്കാനാണ് ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിക്കാത്തത്. ഒപ്പം ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിക്കുന്നത് കേന്ദ്ര ഗ്രാന്റിനെയും കടമെടുപ്പ് പരിധിയെയും ബാധിക്കുന്നതും സര്‍ക്കാര്‍ കണക്കിലെടിക്കുന്നു

Top