തിരുവനന്തപുരം: എല്‍ഡിഎഫ് സിഎഎ വിഷയം ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎഎയ്‌ക്കെതിരെ എല്‍ഡിഎഫ് സംസാരിക്കുന്നത് തിരഞ്ഞെടുപ്പ് വന്നതുകൊണ്ടാണെന്നാണ് പലരും പറയുന്നത്. നാല് വര്‍ഷം മുന്‍പ് തിരഞ്ഞെടുപ്പ് ഇല്ലായിരുന്നല്ലോ, അന്നും തങ്ങള്‍ ഇതിനെതിരെ ശബ്ദിച്ചവരാണ്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അടക്കം സമീപിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐഎം ഇറക്കിയ പ്രകടനപത്രിയില്‍ പൗരത്വ നിയമത്തിനെതിരെ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ മിണ്ടാട്ടമില്ല. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ എട്ടാം പേജ് നോക്കാനായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഉപദേശം. പൗരത്വ നിയമഭേദഗതി എന്ന ഒരു കാര്യമേ ആ പേജിലില്ല. എത്രമാത്രം വസ്തുതാ വിരുദ്ധമായ കാര്യമാണ് കോണ്‍ഗ്രസ് പറയുന്നതെന്നും കൂട്ടിച്ചേര്‍ത്ത് മുഖ്യമന്ത്രി എങ്ങനെയാണ് കോണ്‍ഗ്രസിന് സംഘപരിവാര്‍ മനസ്സ് വരുന്നതെന്ന് ചോദിച്ചു. കിഫ്ബി, തോമസ് ഐസക്ക് വിഷയങ്ങളില്‍ കോണ്‍ഗ്രസ് ആരുടെ കൂടെയാണെന്ന് ചോദിച്ച മുഖ്യമന്ത്രി, പ്രതിപക്ഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൂടെയാണെന്നും ആരോപിച്ചു.എന്നാല്‍ കോണ്‍ഗ്രസിന് ഇപ്പോഴും സിഎഎയില്‍ പ്രതികരണമില്ല. ഒരു പാര്‍ട്ടി എന്ന നിലയില്‍ പ്രതികരിക്കേണ്ടേ, എത്ര പരിഹാസ്യമാണ് ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു. രാജ്യത്തുള്ള എല്ലാ വിഷയങ്ങളിലും പ്രതികരിച്ച രാഹുല്‍ ഗാന്ധിയും ഇതില്‍ പ്രതികരിച്ചില്ല.