വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ ഒരു പ്രകൃതിദത്ത മധുര പദാര്‍ത്ഥമാണ് തേന്‍. തേനിന് പഞ്ചസാരയെ അപേക്ഷിച്ച് താഴ്ന്ന ഗ്ലൈസമിക് സൂചികയാണുള്ളത്. കൂടാതെ ചുമ, തൊണ്ടവേദന, ജലദോഷം എന്നിവയെ ശമിപ്പിക്കാനുള്ള കഴിവും തേനിനുണ്ട്. എന്നാല്‍ തേനിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. അവ ഏതൊക്കെയെന്ന് നോക്കാം.
മുള്ളങ്കി
റാഡിഷ് അഥവാ മുള്ളങ്കിയുമായി തേന്‍ ചേര്‍ക്കുന്നതും ദഹനക്കേടും വയറിളക്കവും ഉണ്ടാക്കാം. അതിനാല്‍ ഇവ രണ്ടും ഒരുമിച്ച് കഴിക്കാതിരിക്കുന്നതാണ് നല്ലത്.
പുളിപ്പിച്ച ഭക്ഷണങ്ങള്‍
തൈര്, അച്ചാര്‍, പുളിച്ച മാവ് തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങളുമായി തേന്‍ ചേര്‍ക്കുന്നതും കുടലിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. കൂടാതെ ഇത് അസിഡിറ്റി വര്‍ദ്ധിക്കുന്നതിനും ദഹനസംബന്ധമായ അസ്വസ്ഥതകള്‍ക്കും കാരണമാകുന്നു.
ചൂടുവെള്ളം/ തിളയ്ക്കുന്ന ദ്രാവകങ്ങള്‍
ചൂടുവെള്ളത്തിലോ തിളയ്ക്കുന്ന ദ്രാവകങ്ങളിലോ തേന്‍ കലര്‍ത്തുമ്പോള്‍, അതിന്റെ ഗുണകരമായ എന്‍സൈമുകളും പോഷകങ്ങളും നഷ്ടപ്പെടും. കൂടാതെ, ആയുര്‍വേദ പ്രകാരം, തേന്‍ 104°F (40°C)ന് മുകളില്‍ ചൂടാക്കുന്നത് ചില വിഷ പദാര്‍ത്ഥത്തെ സൃഷ്ടിക്കും, ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
നെയ്യ്
ആയുര്‍വേദം അനുസരിച്ച്, നെയ്യില്‍ തേന്‍ കലര്‍ത്തി കഴിക്കുന്നത് ദഹനത്തെ മോശമായി ബാധിക്കാം.
മത്സ്യം
മത്സ്യത്തിനൊപ്പവും തേന്‍ ചേര്‍ക്കരുതെന്ന് ആയുര്‍വേദം മുന്നറിയിപ്പ് നല്‍കുന്നു. കാരണം ഈ കോമ്പിനേഷനും ദഹനപ്രശ്‌നങ്ങള്‍ക്കും ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.
സോയാബീന്‍ ഉല്‍പ്പന്നങ്ങള്‍
സോയാബീന്‍ ഉല്‍പന്നങ്ങളുമായി തേന്‍ ചേര്‍ക്കുന്നത് ദഹനകേടിന് കാരണമാവുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യും. സോയയിലെ പ്രോട്ടീനുകള്‍ തേനിലെ പഞ്ചസാരയുമായി ചേരുമ്പോഴാണ് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്
ഉള്ളി
ഉള്ളിയില്‍ തേന്‍ കലര്‍ത്തുന്നത് വിഷാംശം ഉത്പാദിപ്പിക്കാന്‍ കാരണമാകും, ഇതും ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍
നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങളുമായും തേന്‍ കലര്‍ത്തരുതെന്നാണ് ആയുര്‍വേദം പറയുന്നത്. ഇതും ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമത്രേ.