ഇവനൊരു കുട്ടിതേവാങ്ക് തന്നെ

ഇവ മിശ്രഭുക്കുകള്‍ ആണെങ്കിലും ഭക്ഷണത്തിലെ എഴുപത് ശതമാനത്തിലധിക ഭാഗവും സസ്യങ്ങളില്‍ നിന്നുള്ളതും മുപ്പത് ശതമാനം സസ്യേതര ഭക്ഷണവും ആണ്

ഇവനൊരു കുട്ടിതേവാങ്ക് തന്നെ
ഇവനൊരു കുട്ടിതേവാങ്ക് തന്നെ

വനാണ് ശെരിക്കുമുള്ള കുട്ടി തേവാങ്ക്. പൊതുവേ ‘ലോറിസ്’ എന്നറിയപ്പെടുന്ന തേവാങ്കുകൾ ആര്‍ദ്രവും ദയനീയവും യാചനാപൂര്‍ണ്ണവുമായ കണ്ണുകളുമുള്ള ജീവികളാണ്. ഇവയുടെ ശരീരത്തിന് 30 സെന്റിമീറ്ററും വാലിന് അഞ്ച് സെന്റിമീറ്ററും നീളമുണ്ട്. കുരങ്ങുകളും മനുഷ്യക്കുരങ്ങുകളും മനുഷ്യരും ഒക്കെ ഉള്‍പ്പെടുന്ന പ്രൈമേറ്റുകളില്‍ പെട്ടവരാണ് ഇവരും. ബുദ്ധിവികാസത്തിന്റെ അളവുകോല്‍ വെച്ച് ഒന്നാമത് നില്‍ക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണല്ലോ പ്രൈമേറ്റുകള്‍ എന്ന് വിളിക്കുന്നത്. സസ്തനികളില്‍ പെട്ട ഇവര്‍ക്കെല്ലാം തള്ളവിരലുകള്‍ മറ്റു വിരലുകള്‍ക്ക് അഭിമുഖമായി സ്ഥാനം പിടിച്ചിരിക്കുന്നതിനാല്‍ കൈകള്‍ ഉപയോഗിച്ച് മറ്റു വസ്തുക്കള്‍ എടുക്കാനും പിടിമുറുക്കാനും കഴിയും.

കന്നടയിൽ കടുപാപ്പ എന്നും തമിഴിൽ കുട്ടിത്തേവാങ്ക് എന്നും ഈ പാവത്താന്മാർ അറിയപ്പെടുന്നു. തമിഴിലെ പേരുതന്നെ മലയാളികളും കടമെടുത്തു സിംഹളഭാഷയിൽ ഇവയുടെ പേര് മറ്റൊന്നാണ് ഉലഹപുലുവ. ഫ്രഞ്ച് ഭാഷയില്‍ ലോറിസ് എന്നാല്‍ വിളറിയതോ നിഴല്‍ പോലുള്ളതോ ആയ രൂപം അല്ലെങ്കില്‍ പ്രേതാത്മാവ് എന്നൊക്കെ വ്യാഖ്യാനമുണ്ട്. രാത്രികാല സഞ്ചാരവും ഇരുട്ടില്‍ തിളങ്ങുന്ന വട്ടക്കണ്ണുകളും ഒക്കെ ആവാം അങ്ങിനെ വിളിക്കാന്‍ കാരണം. തലയിലും തോൾഭാഗത്തും വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ രോമപാളികൾ. തലയിൽ നിന്നു പിന്നിലേക്കു പോകുന്ന തവിട്ടുനിറത്തിലുള്ള രേഖയും കണ്ണിനു ചുറ്റിലുമുള്ള തവിട്ടുവലയങ്ങളും ഇവയുടെ സവിശേഷതകളാണ്. തേവാങ്കുകളുടെ വയറിനും പൃഷ്ഠഭാഗത്തിനും വയ്‌ക്കോലിന്റെ നിറമായിരിക്കും.

Also Read: ഇത് കഴിച്ചാൽ കുറച്ചതികം വെള്ളം കുടിക്കും

ദക്ഷിണേന്ത്യയിലെയും ശ്രീലങ്കയിലെയും മഴക്കാടുകൾ, ഇലപൊഴിയും വനങ്ങൾ, മുള്ളുകൾ നിറഞ്ഞ കുറ്റിക്കാടുകൾ, മുളങ്കാടുകൾ എന്നിവിടങ്ങളാണ് ഇവയുടെ താവളങ്ങൾ. ഏതുനേരവും മരമുകളിൽ കഴിയാനാണിഷ്ടം. ഇതിനൊരു കാരണമുണ്ട്. ഉയരങ്ങളിലാകുമ്പോൾ ശത്രുക്കളുടെ ശല്യം കുറയും. ഒപ്പം ഇഷ്ടഭക്ഷണമായ പ്രാണികളെ ഇഷ്ടം പോലെ കിട്ടുകയും ചെയ്യും. ഉരുണ്ട തലയില്‍ വട്ടക്കണ്ണടവെച്ചപോലുള്ള ഉണ്ടക്കണ്ണുകള്‍ ആണിവരുടെ എറ്റവും വലിയ പ്രത്യേകത. നീണ്ട മൂക്കും ഉണ്ട് . സഞ്ചാരം പതുക്കെ ആയതിനാല്‍ ഇട്ട പേരാണ് സ്ലോ ലോറിസ് എന്ന്. കൈകള്‍ക്കും കാലുകള്‍ക്കും ഏകദേശം ഒരേ നീളമാണുള്ളത്. നീളന്‍ ശരീരം നന്നായി വളക്കാനും തിരിക്കാനും കഴിയുന്ന വിധമായതിനാല്‍ കമ്പുകളില്‍ പിടിച്ച് വലിഞ്ഞ് കയറാന്‍ ഇതിന് പ്രയാസമില്ല. വിരലുകളുടെ പ്രത്യേകതമൂലം കമ്പുകളില്‍ ഉറച്ച് പിടിച്ച് വളരെ നേരം കഴിയാന്‍ ഇവയ്ക്ക് പറ്റും.

Also Read: ആരോ​ഗ്യത്തിനും മനസ്സിനും അൽപം ‘നല്ലനടത്തമാകാം’

ഇവ മിശ്രഭുക്കുകള്‍ ആണെങ്കിലും ഭക്ഷണത്തിലെ എഴുപത് ശതമാനത്തിലധിക ഭാഗവും സസ്യങ്ങളില്‍ നിന്നുള്ളതും മുപ്പത് ശതമാനം സസ്യേതര ഭക്ഷണവും ആണ്. പലതരം പഴങ്ങളും മുളകളും കൂടാതെ മരക്കറകളും കഴിക്കും. ഫാബിയേസിയേ കുടുംബത്തില്‍ പെട്ട സസ്യങ്ങളുടെ മരക്കറകള്‍ ഭക്ഷണമാക്കുന്ന ഇഷ്ട ശീലമുണ്ട്. മരപ്പശകളിലെ കാര്‍ബോ ഹൈഡ്രേറ്റുകളും ലിപ്പിഡുകളും ദഹിപ്പിക്കാനുള്ള ദഹന സംവിധാനം ഇവര്‍ക്കുണ്ട്. ഏകാന്ത സഞ്ചാരികളാണിവര്‍. ഇണചേരല്‍ കാലത്ത് മാത്രമേ ജോഡിയായി കാണാറുള്ളു. പെണ്‍ തേവാങ്കുകള്‍ക്കാണ് ആണിനേക്കാള്‍ വലിപ്പം. കൂട് കെട്ടുന്ന ശീലം ഇല്ല.

മഴക്കാലമാണ് ഇണചേരല്‍ കാലം. ജൂലായ് മുതല്‍ സെപ്തംബര്‍ വരെ ഉള്ള കാലത്ത് ഇണ ചേരല്‍ നടക്കും. ഡിസംബര്‍ ജനുവരി മാസങ്ങളിലാണ് പ്രസവം നടക്കുക. സാധാരണയായി ഒരു കുഞ്ഞ് മാത്രമാണ് ഉണ്ടാകുക. കുഞ്ഞുങ്ങള്‍ അഞ്ചാറു മാസം വരെ അമ്മയെ ആശ്രയിച്ച് കഴിയും. ആദ്യമൊക്കെ വയറില്‍ അള്ളിപ്പിടിച്ചും പിന്നെ പുറത്തേറ്റിയും അമ്മ കുഞ്ഞിനെ കൊണ്ടു നടക്കും. അല്‍പ്പം വളര്‍ന്നാല്‍ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ ഒളിപ്പിച്ച് നിര്‍ത്തി ഇരതേടി കൊണ്ടുവന്നു കൊടുക്കും. സ്വയം ഇരതേടാനായാല്‍ സ്വന്തം ടെറിട്ടറിയില്‍ നിന്ന് ദൂരേക്ക് ഓടിച്ച് വിട്ട് ഒഴിവാക്കും.

Also Read: പ്രമേഹ പിടിയില്‍ ലോകം, ജീവിതരീതി മാറ്റണമെന്ന് ലോകാരോഗ്യ സംഘടന

കൂടുതല്‍ എണ്ണം കുട്ടിത്തേവാങ്കുകളെ ഒരു സ്ഥലത്ത് തന്നെ കാണുന്നെങ്കില്‍ അതിനര്‍ത്ഥം അവയുടെ സഞ്ചാരത്തിനുള്ള സ്വാഭാവിക ഇലച്ചാര്‍ത്തുകള്‍ മുറിയപ്പെടുന്നു എന്നും അവയുടെ ആവാസ മേഖലാശോഷണം കാര്യമായി നടന്നിട്ടുണ്ട് എന്നും ആണ്. അല്ലാതെ ഇവ തൊട്ടടുത്തായി ജീവിക്കുന്ന ശീലം ഉള്ളവര്‍ അല്ല. സംരക്ഷണത്തില്‍ ഇവ 14മുതല്‍ 20 വര്‍ഷം വരെ ജീവിക്കുന്നതായി കണ്ടിട്ടുണ്ടെങ്കിലും വന്യതയിലെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ ഇവയുടെ ആയുസ് എത്ര വര്‍ഷം ആണ് എന്നത് ഇപ്പോഴും കൃത്യമായി അറിയില്ല.

Top