കാക്കനാട്: തൃക്കാക്കര നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്തയിനത്തില്‍ ഗുരുതര സാമ്പത്തിക ക്രമക്കേടുകളെന്ന് നഗരസഭ ധനകാര്യ കമ്മിറ്റിയുടെ കണ്ടെത്തല്‍. ഫയലില്‍ വെട്ടിത്തിരുത്തല്‍ നടത്തി കൂടുതല്‍ തുക തട്ടാന്‍ ഉദ്യോഗസ്ഥതലത്തില്‍ നടന്ന ഇടപെടലുകള്‍ ധനകാര്യ കമ്മിറ്റി കണ്ടെത്തി തടയുകയായിരുന്നു. 2023 മേയ് 25ന് നല്‍കിയ ബില്ലു പ്രകാരം ജനുവരി മുതല്‍ ഏപ്രില്‍ വരെ 190 ലോഡ് കുടിവെള്ളം വിവിധ വാര്‍ഡുകളില്‍ വിതരണം ചെയ്തതായാണ് കണക്ക്.
ഇതേ ബില്ലില്‍ കൃത്രിമം കാണിച്ച് ബില്‍ തുകയും കുടിവെള്ള വിതരണക്കണക്കും പെരുപ്പിച്ചുകാട്ടിയതായി കണ്ടെത്തുകയായിരുന്നു. 190 ലോഡ് കുടിവെള്ളം എന്നത് 299 ലോഡ് ടാങ്കര്‍ കുടിവെള്ളമെന്ന് തിരുത്തി 2,39,000 രൂപയായി ബില്‍ തുക വര്‍ധിപ്പിച്ചു. 2024 മേയ് 31 ന് നല്‍കിയ ബില്‍ നഗരസഭ ധനകാര്യ കമ്മിറ്റി മുമ്പാകെ പരിഗണനക്ക് വന്നപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ നഗരസഭയുടെ മരാമത്ത് ഫയലുകളില്‍ വ്യാപക തിരുത്തലുകള്‍ കണ്ടെത്തിയിരുന്നു. അത്താണി ശ്മശാനം റോഡ്, പാലച്ചുവട് മണ്ണാടി റോഡ് എന്നിവയുടെ നിര്‍മാണ ചിലവിലെ ബില്ലിലാണ് അന്ന് തിരുത്തല്‍ കണ്ടെത്തിയത്.
ഒരു റോഡിലെ നിര്‍മാണചെലവ് ഏഴുലക്ഷം എന്നത് ഏഴുകോടിയാക്കി ആദ്യം തിരുത്തി. പിന്നീട് ആ ഫയല്‍ വീണ്ടും വെട്ടിതിരുത്തി 70 ലക്ഷമാക്കി. മറ്റൊരു റോഡ് നിര്‍മാണം 1.20 ലക്ഷമെന്നത് 12 ലക്ഷമാക്കി തിരുത്തിയ നിലയിലുമായിരുന്നു.