‘തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസര്‍ഫീ നിരക്കു വര്‍ദ്ധന പിന്‍വലിക്കണം ‘കേന്ദ്രമന്ത്രിക്ക് തരൂരിന്റെ കത്ത്

‘തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസര്‍ഫീ നിരക്കു വര്‍ദ്ധന പിന്‍വലിക്കണം ‘കേന്ദ്രമന്ത്രിക്ക് തരൂരിന്റെ കത്ത്

തിരുവനന്തപുരം: വിമാനത്താവളത്തിലെ യൂസര്‍ഫീ നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ഡോ. ശശിതരൂര്‍ എം പി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കിഞ്ജരാപ്പു റാം മോഹന്‍ നായിഡുവിന് അദ്ദേഹം കത്തെഴുതി. വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ആഭ്യന്തര യാത്രക്കാര്‍ക്കുള്ള യൂസര്‍ ഫീ 506 -ല്‍ നിന്നും 50 % വര്‍ദ്ധിപ്പിച്ച് 770 ആയി ഉയര്‍ത്തി. 2025 മാര്‍ച്ച് 31 വരെ ഈ നിരക്കായിരിക്കുമെന്നും തുടര്‍ന്നുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഇപ്രകാരം നിരക്കു വര്‍ദ്ധന ഉണ്ടാകുമെന്നും എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോരിറ്റി ഉത്തരവില്‍ പറയുന്നു. അതോടൊപ്പം തന്നെ വിമാനങ്ങളുടെ ലാന്റിംഗ് ചാര്‍ജ്ജുകള്‍ മൂന്നു മടങ്ങായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആദ്യവര്‍ഷത്തേക്ക് ഒരു മെട്രിക് ടണ്‍ എയര്‍ക്രാഫ്റ്റ് ഭാരത്തിന് 309 രൂപയില്‍ നിന്ന് 890 രൂപയായി വര്‍ദ്ധിക്കും. ഈ നിരക്ക് തുടര്‍ വര്‍ഷങ്ങളില്‍ അഞ്ചും ആറും മടങ്ങ് വര്‍ദ്ധിച്ച് ഒരു മെട്രിക് ടണ്ണിന് 1, 400 രൂപയും 1650 രൂപയുമാകുമെന്നും ഉത്തരവില്‍ പറയുന്നു. പാര്‍ക്കിംഗ് നിരക്കും ക്രമാതീതമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിന് ഈ നിരക്ക് വര്‍ദ്ധന ശക്തമായ പ്രതിബന്ധം സൃഷ്ടിക്കുമെന്ന് ഡോ. ശശിതരൂര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. അന്യായമായ യൂസര്‍ഫീ നിരക്കു വര്‍ദ്ധന വിമാനത്താവളത്തിലെത്തുന്ന വിമാനങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തിയേക്കാം. അമിതമായ ഫീസ് യാത്രക്കാരുടെ എണ്ണത്തിലും കുറവ് വരുത്തും. തൊട്ടടുത്ത വിമാനത്താവളങ്ങളിലൊക്കെ കുറഞ്ഞ യൂസര്‍ ഫീ നിരക്ക് ഉള്ളപ്പോള്‍ തിരുവനന്തപുരത്തെ ഈ നിരക്ക് വര്‍ദ്ധന വിമാനകമ്പനികളും യാത്രക്കാരും തിരുവനന്തപുരം വിമാനത്താവളം ഒഴിവാക്കുന്നതിന് കാരണമാകും. സ്ഥലത്തെ പാര്‍ലമെന്റിലെ സിറ്റിംഗ് അംഗത്തിന്റെ അധ്യക്ഷതയില്‍ ഉണ്ടായിരുന്ന വിമാനത്താവള ഉപദേശക സമിതി ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. വിമാനത്താവളം നേരിടുന്ന വെല്ലുവിളികളും വികസന സാധ്യതകളും ചര്‍ച്ച ചെയ്യാന്‍ നിലവില്‍ ഒരു വേദിയും ഇല്ലാത്ത അവസ്ഥയാണ് എന്നും ഡോ. ശശിതരൂര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജനപ്രതിനിധികള്‍, വിനോദ സഞ്ചാര ഏജന്‍സികള്‍, യാത്രക്കാര്‍ , തുടങ്ങിയവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി വിമാനത്താവള ഉപദേശക സമിതി അടിയന്തിരമായി രൂപീകരിക്കണമെന്നും, വിമാനത്താവള വികസനത്തിന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ശശിതരൂര്‍ ആവശ്യപ്പെട്ടു

Top