തിരുവനന്തപുരം; എകെജി സെന്റർ ആക്രമണക്കേസിെലെ രണ്ടാം പ്രതി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുഹൈൽ ഷാജഹാന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് തള്ളി.
പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. ഗൂഢാലോചന നടത്തിയ മുഖ്യ സൂത്രധാരൻ രണ്ടാം പ്രതിയാണെന്നും ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ജൂൺ 30ന് രാത്രി എകെജി സെന്റർ ഭാഗത്ത് എത്തി ബോംബെറിഞ്ഞ് ഭീതി പരത്തി എന്നാണ് ക്രൈംബ്രാഞ്ച് കേസ്. കേസിലെ ഒന്നും മൂന്നും പ്രതികളായ ജിതിൻ, നവ്യ എന്നിവർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയുള്ള പ്രതിയുടെ വാദവും ചോദ്യം ചെയ്യൽ അവസാനിച്ചുവെന്നും കേസിൽ കുറ്റപത്രം സമർപ്പിച്ചെന്നുമുള്ള വാദങ്ങളും കോടതി അംഗീകരിച്ചില്ല.
സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കുക വഴി സംസ്ഥാനത്ത് ഉടനീളം അക്രമ സംഭവങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് ശ്രമിച്ച കേസിലെ പ്രധാനിയണ് സുഹൈൽ എന്നാണ് കസ്റ്റഡി അപേക്ഷയിൽ പൊലീസ് പറയുന്നത്.