തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ജോയിയെ രക്ഷിക്കാനാകാത്തതില്‍ വിങ്ങിപൊട്ടി മേയര്‍ ആര്യ രാജേന്ദ്രന്‍. തോടില്‍ മാലിന്യങ്ങള്‍ കുന്നുകൂടിയതില്‍ കോര്‍പ്പറേഷനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് മേയര്‍ വികാരധീനയായത്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞ മേയര്‍ ആര്യയെ ഒപ്പം നിന്നവര്‍ ആശ്വസിപ്പിച്ചു. ആര്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ് ചെയ്തതെന്ന് സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ അടക്കം ആര്യ രാജേന്ദ്രനോട് പറഞ്ഞു.
ജോയിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയും സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. ജോയിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേയില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്ന തകരപ്പറമ്പ് ഭാഗത്തെ കനാലിലാണ് മൃതദേഹം ജീര്‍ണിച്ച അവസ്ഥയില്‍ കണ്ടെത്തിയത്. 46 മണിക്കൂറിലേറെ നീണ്ട തിരച്ചില്‍ ശ്രമങ്ങളാണ് വിഫലമായത്. കാണാതായ സ്ഥലത്ത് നിന്ന് ഒരു മീറ്റര്‍ അകലെയായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.