തിരുവനന്തപുരം: എക്‌സിറ്റ് പോൾ ഫലങ്ങളിൽ അവിശ്വാസം പ്രകടിപ്പിച്ച തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിന് മറുപടിയുമായി കേന്ദ്രമന്ത്രിയും ബി.ജെ.പി. സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധി ഒരു ജിമ്മും ശശി തരൂർ ഇംഗ്ലീഷ് ട്രെയിന്ങ് ഇൻസ്റ്റിറ്റ്യൂട്ടും തുടങ്ങണമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പരിഹാസം.
രാഹുൽ ഗാന്ധി ഒരു ജിം തുടങ്ങണം. ശശി തരൂർ ഒരു ഇംഗ്ലീഷ് പരിശീലന കേന്ദ്രവും. കോൺഗ്രസ് പാർട്ടിയിൽ, ഭാഷാപരിജ്ഞാനം ഉള്ളവരും വാചാലമായി സംസാരിക്കാൻ കഴിയുന്നതുമായ നിരവധി ആളുകൾ ഉണ്ട്. അവർക്ക് ഈ തിരഞ്ഞെടുപ്പ് പുതിയ ജോലി സാധ്യതകൾ തുറക്കുമെന്നാണ് ഞാൻ കരുതുന്നത്’, രാജീവ് ചന്ദ്രശേഖർ വാർത്താഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
തങ്ങളെ സേവിക്കുന്ന, ജീവിത നിലവാരം ഉയർത്തുന്ന രാഷ്ട്രീയനേതാക്കളെയാണ് ജനങ്ങൾക്ക് ആവശ്യം. എന്നാൽ, രാഹുൽ ഗാന്ധിക്കോ മറ്റു നേതാക്കൾക്കോ ഈ യോഗ്യതകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബി.ജെ.പിക്ക് തുടർഭരണം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകൾ പരിഹാസ്യമാണെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ‘എക്‌സിറ്റ് പോളുകളെ ഞങ്ങൾ അവിശ്വാസത്തോടെയാണ് കാണുന്നത്. രാജ്യത്തുടനീളം പ്രചാരണം നടത്തിയവരാണ് ഞങ്ങൾ. ജനങ്ങളുടെ പൾസ് എന്താണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്’, എന്നായിരുന്ന എ.എൻ.ഐയോട് തരൂരിന്റെ പ്രതികരണം.