CMDRF

ഈ ഫ്രൂട്ടിന് ആരോഗ്യഗുണങ്ങള്‍ അനവധിയാണ്

ഈ ഫ്രൂട്ടിന് ആരോഗ്യഗുണങ്ങള്‍ അനവധിയാണ്
ഈ ഫ്രൂട്ടിന് ആരോഗ്യഗുണങ്ങള്‍ അനവധിയാണ്

കാണാന്‍ മാത്രമല്ല കഴിക്കാനും ഭംഗിയാണ് അനാര്‍ അഥവാ മാതളനാരങ്ങയ്ക്ക്. മാതളനാരങ്ങയുടെ പള്‍പ്പും തൊലിയും, പോളിഫെനോളുകളും ഫ്‌ലേവനോയിഡുകളും ഉള്‍പ്പെടെയുള്ള ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. കലോറി കുറഞ്ഞതും നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയ പഴമാണ് മാതള നാരങ്ങ. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും ഫ്‌ലേവനോയ്ഡുകളും പോലുള്ള ആന്റിഓക്സിഡന്റുകളും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്.

മാതളം പതിവായി കഴിക്കുന്നത് ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദവും വീക്കവും കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നതായി ഇറാനിയന്‍ ജേണല്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

വന്‍കുടല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കാനും ദഹനനാളത്തിലെ വീക്കം കുറയ്ക്കാനും മാതളനാരങ്ങ സഹായകമാണെന്ന് ഓക്സിഡേറ്റീവ് മെഡിസിന്‍ ആന്റ് സെല്ലുലാര്‍ ലോംഗ്വിറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മാതളനാരങ്ങയ്ക്ക് ഹൃദയാരോഗ്യം ഗണ്യമായി മെച്ചപ്പെടുത്താന്‍ കഴിയും.

രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയധമനികളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അവ സഹായകമാണ്. രണ്ടാഴ്ചത്തേക്ക് ദിവസവും 50 മില്ലി മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാന്‍ ഇടയാക്കിയതായി ഗവേഷകര്‍ പറയുന്നു. കൂടാതെ, മാതളനാരങ്ങയിലെ ആന്റിഓക്സിഡന്റുകള്‍ എല്‍ഡിഎല്‍ കൊളസ്ട്രോളിനെ തടയാന്‍ സഹായിക്കുന്നു.

ലിവര്‍ കാന്‍സറിന്റെ പ്രാരംഭ ഘട്ടത്തില്‍ ട്യൂമര്‍ വളര്‍ച്ചയെ തടസ്സപ്പെടുത്താനുള്ള കഴിവ് മാതളനാരങ്ങയ്ക്കുണ്ടെന്ന് ന്യൂട്രിയന്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മറ്റൊരു പഠനത്തില്‍, മാതളനാരങ്ങയുടെ സത്തില്‍ കാന്‍സര്‍ കോശങ്ങളുടെ വ്യാപനത്തെ തടയുന്നു.

മാതളനാരങ്ങ തലച്ചോറിന്റ ആരോഗ്യത്തിന് ഗുണം ചെയ്യും. മാതളനാരങ്ങയിലെ എല്ലഗിറ്റാനിന്‍സ്, ഒരു ആന്റിഓക്സിഡന്റ്, ഓക്സിഡേറ്റീവ് കേടുപാടുകള്‍ കുറയ്ക്കുന്നതിലൂടെ അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ആന്റി -ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ദഹനവ്യവസ്ഥയിലെ വീക്കം കുറയ്ക്കുകയും ക്രോണ്‍സ് രോഗം, വന്‍കുടല്‍ പുണ്ണ് തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് സഹായിക്കുന്ന വിറ്റാമിന്‍ സി ഉള്‍പ്പെടെ നിരവധി അവശ്യ വിറ്റാമിനുകളും ധാതുക്കളും മാതളനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് അണുബാധകളെ ചെറുക്കുന്നതിനും സഹായിക്കുന്നു.

പതിവായി മാതള നാരങ്ങ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യത്തെ സഹായിക്കും. സന്ധിവാതം, ചില അര്‍ബുദങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ രോഗങ്ങളെ ചെറുക്കാനും മാതള നാരങ്ങ സഹായിക്കുന്നു.

Top