സാരികള്‍ എന്നും പുതുമയോടെ ഇരിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി

സാരികള്‍ എന്നും പുതുമയോടെ ഇരിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി
സാരികള്‍ എന്നും പുതുമയോടെ ഇരിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി

സാരി ഉടുത്തിറങ്ങുന്നത് പോലെ അത്ര എളുപ്പമല്ല കേടു കൂടാതെ സാരി ദീര്‍ഘകാലം സൂക്ഷിക്കുന്നത്. എങ്ങനെയെങ്കിലും അലക്കി എവിടെയെങ്കിലും വെച്ചാല്‍ സാരിയുടെ കഥ കഴിയും. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്‌തെങ്കില്‍ മാത്രമേ ഇവ ഏറെക്കാലം പുതുമയോടെ ഉപയോഗിക്കാന്‍ കഴിയൂ. ഏറ്റവും വില കൂടുതലുള്ള വസ്ത്ര ഇനം എന്ന് വേണമെങ്കില്‍ സാരിയെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ കൂടുതല്‍ വില കൊടുത്ത് വാങ്ങുന്ന സാരികളുടെ ഗുണനിലവാരവും മികച്ചതാകും. അതിനാല്‍ തന്നെ കൃത്യമായി സൂക്ഷിച്ചാല്‍ തലമുറകള്‍ കൈമാറി ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഓരോ സാരിയും.സാരികള്‍ കേടു കൂടാതെ എങ്ങനെ സൂക്ഷിക്കണം എന്ന് നോക്കാം.

നിങ്ങളുടെ കയ്യില്‍ വിവിധ തരം സാരികള്‍ ഉണ്ടാകും. നേര്‍ത്തത്, കട്ടിയുള്ളത്, മൃദുവായത്, കല്ലുകളും മുത്തുകളും പതിപ്പിച്ചത്, ത്രെഡ് വര്‍ക്ക് ചെയ്തത് തുടങ്ങി വിവിധയിനം. ഇവയെല്ലാം ഒരുമിച്ചാണോ സൂക്ഷിക്കുന്നത്? എങ്കില്‍ സാരികളുടെ ആയുസ് കുറയും. കല്ലുകളും മുത്തുകളും പതിപ്പിച്ച സാരികള്‍ നിങ്ങള്‍ പ്രത്യേകമായി തന്നെ സൂക്ഷിക്കണം. ഹെവി ഡിസൈന്‍ ആയതിനാല്‍ ഇവ മറ്റ് സാരികളില്‍ കൊളുത്തി നില്‍ക്കാനും അവയ്ക്ക് കേടുപാടുകള്‍ ഉണ്ടാകാനും കാരണമാകും. അതുകൊണ്ട് ഇത്തരം സാരികള്‍ പ്രത്യേക ബാഗുകളില്‍ മടക്കി വെച്ച് സൂക്ഷിക്കുന്നതാണ് നല്ലത്. പലപ്പോഴും സാരി ഉടുക്കുന്ന സമയങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള കറ പറ്റാന്‍ സാധ്യത കൂടുതലാണ്. പല കറകളും പൂര്‍ണമായും നീക്കം ചെയ്യാന്‍ പ്രയാസവുമാകും. അതിനാല്‍ തന്നെ കറ വീണു കഴിഞ്ഞാല്‍ എത്രയും വേഗം അവ നീക്കം ചെയ്യാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. ഏറെ നേരത്തിന് ശേഷം ഇവ നീക്കം ചെയ്യാന്‍ കഴിയണമെന്നില്ല. കറ വീണ ഉടന്‍ ആ ഭാഗം നന്നായി കഴുകുക. പൂര്‍ണമായും നീക്കം ചെയ്യാനായി വിനാഗിരി, നാരങ്ങാ നീര്, സോപ്പ് എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.

സാരി അയണ്‍ ചെയ്യുമ്പോള്‍ മറ്റ് വസ്ത്രങ്ങള്‍ അയണ്‍ ചെയ്യുന്നതിനേക്കാള്‍ ശ്രദ്ധ വേണം. കാരണം കൂടിയ ചൂടില്‍ അയണ്‍ ചെയ്യുന്നത് സാരിയുടെ ഫാബ്രിക്കിന്റെ ഭംഗി നശിപ്പിച്ചേക്കാം. അതുകൊണ്ട് തന്നെ കുറഞ്ഞ ചൂടില്‍ പതുക്കെ വേണം അയണ്‍ ചെയ്യാന്‍. പെട്ടെന്ന് ചൂടേല്‍ക്കാന്‍ സാധ്യതയുള്ള ഫാബ്രിക് ആണെങ്കില്‍ അതിനു മുകളില്‍ മറ്റൊരു തുണി വെച്ച ശേഷം അയേണ്‍ ചെയ്യുന്നത് ഗുണം ചെയ്യും. ഫാബ്രിക് നശിക്കാതിരിക്കാനും നിറം മങ്ങാതിരിക്കാനും ഈ വിദ്യ സഹായിക്കും. അതുപോലെതന്നെ സാരി അലക്കി വൃത്തിയാക്കുന്നതും അത് മടക്കി വെയ്ക്കുന്നതും അല്പം സമയമെടുക്കുന്ന പണി തന്നെയാണ്. എന്നാല്‍ എല്ലാ സാരികളും ഒരേ രീതിയില്‍ അലക്കാന്‍ കഴിയില്ല. സാരി ഉപയോഗിക്കുന്നതിനു മുന്‍പ് തന്നെ ഇവ അറിഞ്ഞിരിക്കണം. ചിലത് വാഷിംഗ് മെഷീനില്‍ അലക്കാന്‍ കഴിയുമെങ്കില്‍ മറ്റ് ചിലത് കൈകള്‍ ഉപയോഗിച്ച് മൃദുവായ രീതിയില്‍ കഴുകി വൃത്തിയാക്കാന്‍ നിര്‍ദേശിച്ചവയാകും. ചില സാരികള്‍ ഡ്രൈ ക്ലീന്‍ മാത്രം ചെയ്യേണ്ടവയാകും. ഇക്കാര്യങ്ങള്‍ പാലിക്കാതെ എങ്ങനെയെങ്കിലും അലക്കിയെടുത്താല്‍ സാരികള്‍ പെട്ടെന്ന് ചീത്തയാകും. അതിനാല്‍ വാങ്ങിക്കുമ്പോള്‍ തന്നെ സാരി അലക്കേണ്ട രീതിയും അറിഞ്ഞിരിക്കാം. സാരികള്‍ മടക്കി വെച്ച രീതിയില്‍ വര്‍ഷങ്ങളോളം ഇരിക്കുന്നത് നല്ലതല്ല, മടക്കുകളില്‍ വര വീഴാനും നിറ വ്യത്യാസമുണ്ടാകാനും ഇത് കാരണമാകും. അതിനാല്‍ ഇടയ്‌ക്കെങ്കിലും ഈ മടക്കുകള്‍ നിവര്‍ത്തി വീണ്ടും മടക്കി വെയ്ക്കുന്നതിനായി ശ്രദ്ധിക്കണം. ഒരേ മടക്കുകള്‍ മാറ്റുന്നതും നല്ലതാണ്, പ്രത്യേകിച്ച് സില്‍ക്ക് സാരികള്‍. വെളിച്ചം കയറാത്ത സ്ഥലങ്ങളില്‍ വേണം സാരികള്‍ സൂക്ഷിക്കാന്‍.

Top