CMDRF

കാറിന്റെ ബ്രേക്ക് പോയാൽ ഹാൻഡ് ബ്രേക്ക് ഇങ്ങനെ ഉപയോഗിക്കാം

ബ്രേക്ക് പൂര്‍ണമായും നഷ്ടമാവുമ്പോള്‍ അടിയന്തരമായി വാഹനം നിര്‍ത്താനും ഹാന്‍ഡ് ബ്രേക്കിനെ ഉപയോഗിക്കാം

കാറിന്റെ ബ്രേക്ക് പോയാൽ ഹാൻഡ് ബ്രേക്ക് ഇങ്ങനെ ഉപയോഗിക്കാം
കാറിന്റെ ബ്രേക്ക് പോയാൽ ഹാൻഡ് ബ്രേക്ക് ഇങ്ങനെ ഉപയോഗിക്കാം

സുരക്ഷിതമായ യാത്രകള്‍ക്ക് ഹാന്‍ഡ്‌ബ്രേക്ക് എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള അറിവും നിര്‍ണായകമാണ്. ബ്രേക്ക് തകരാറുകള്‍ കാണിച്ചാലോ പൂര്‍ണമായി നഷ്ടപ്പെട്ടാലോ ഉള്ള അവസരങ്ങളില്‍ ജീവന്‍ രക്ഷാ ഉപകരണമായി പ്രവര്‍ത്തിക്കാന്‍ ഹാന്‍ഡ് ബ്രേക്കിനാവും. അതേസമയം സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വാഹനം മറിയാനും നിയന്ത്രണം നഷ്ടമായി ഇടിക്കാനുമൊക്കെയുള്ള സാധ്യതയുമുണ്ട്.

പ്രധാനമായും രണ്ടു ഘട്ടങ്ങളിലാണ് ഹാന്‍ഡ് ബ്രേക്ക് ഉപയോഗം വരിക. വാഹനം നിര്‍ത്തിയിടുമ്പോള്‍ തനിയെ മുന്നോട്ടോ പിന്നോട്ടോ പോയി അപകടം ഉണ്ടാവാതിരിക്കാനാണ് ആദ്യത്തേത്. ബ്രേക്ക് പൂര്‍ണമായും നഷ്ടമാവുമ്പോള്‍ അടിയന്തരമായി വാഹനം നിര്‍ത്താനും ഹാന്‍ഡ് ബ്രേക്കിനെ ഉപയോഗിക്കാം. എപ്പോള്‍, എങ്ങനെ ഉപയോഗിക്കണമെന്നത് ഹാന്‍ഡ് ബ്രേക്കിനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്.

വളരെ അത്യാവശ്യമുള്ള സമയത്തു മാത്രമേ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കാവൂ. ഉയര്‍ന്ന വേഗതയില്‍ വാഹനം പോവുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ചാല്‍ വാഹനം നിരങ്ങി നിയന്ത്രണം നഷ്ടമാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കുറഞ്ഞ വേഗതയിലോ വാഹനം നിര്‍ത്തിയിരിക്കുമ്പോഴോ മാത്രം ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

ഇനി വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ബ്രേക്ക് നഷ്ടമായെന്ന് തിരിച്ചറിഞ്ഞാല്‍ ഒരിക്കലും ധൃതിയില്‍ ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ ശ്രമിക്കരുത്. ഇത് വലിയ അപകടത്തില്‍ കലാശിച്ചേക്കും. പൊടുന്നനെ ഹാന്‍ഡ് ബ്രേക്കിട്ടാല്‍ വാഹനം തെന്നി മറ്റു വാഹനങ്ങളില്‍ ഇടിക്കാനും നിയന്ത്രണം നഷ്ടമായി മറിയാനുമൊക്കെ സാധ്യത കൂടുതലാണ്. ഇത് നമുക്കൊപ്പം റോഡിലുള്ള മറ്റു വാഹനങ്ങള്‍ക്കും യാത്രികര്‍ക്കുമെല്ലാം അപകടം ക്ഷണിച്ചു വരുത്തും.

വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കേണ്ടി വന്നാല്‍ ഘട്ടം ഘട്ടമായി ചെയ്യാന്‍ ശ്രമിക്കുക. ആദ്യം തന്നെ റോഡില്‍ മറ്റു വാഹനങ്ങള്‍ സുരക്ഷിതമായ അകലത്തിലാണെന്ന് ഉറപ്പു വരുത്തണം. ഒറ്റ തവണ ഹാന്‍ഡ് ബ്രേക്ക് വലിക്കുകയോ ഇലക്ട്രോണിക് സിസ്റ്റമാണെങ്കില്‍ സ്വിച്ച് ഞെക്കുകയോ ചെയ്യരുത്. ആദ്യം ഹാന്‍ഡ് ബ്രേക്ക് ലിവറില്‍ പിടിത്തം ഉറപ്പിച്ച ശേഷം പതിയെ ഹാന്‍ഡ് ബ്രേക്ക് അപ്ലൈ ചെയ്യുക. ബട്ടന്‍ ആണെങ്കിലും ഒറ്റയടിക്ക് ഞെക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്തെങ്കിലും കാരണവശാല്‍ വാഹനം നിരങ്ങി പോവുന്നുവെന്ന് തിരിച്ചറിഞ്ഞാല്‍ ഹാന്‍ഡ് ബ്രേക്കില്‍ നിന്നും കൈ എടുക്കാനും ശ്രദ്ധിക്കണം.

ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ച് വാഹനം നിര്‍ത്തി കഴിഞ്ഞാല്‍ അടുത്ത നിമിഷം തന്നെ ഹസാഡ് ലൈറ്റ് ഇടണം. സാധ്യമെങ്കില്‍ ഗതാഗത തിരക്ക് കുറഞ്ഞ ഭാഗത്തേക്ക് വാഹനം മാറ്റണം. ഒരിക്കല്‍ അടിയന്തര സാഹചര്യത്തില്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ചാല്‍ ഒരു പ്രൊഫഷണല്‍ മെക്കാനിക്കിനെ വാഹനം കാണിക്കുന്നതും നല്ലതാണ്. ഇത് വാഹനത്തിന്റെ ബ്രേക്കിങ് സംവിധാനത്തിന് തകരാറില്ലെന്ന് ഉറപ്പുവരുത്താന്‍ സഹായിക്കും. മറ്റേതൊരു പ്രതിസന്ധി ഘട്ടത്തിലേയും പോലെ ഹാന്‍ഡ് ബ്രേക്കിടേണ്ടി വരുമ്പോഴും ശാന്തമായും സമചിത്തതയോടെയും സാഹചര്യം കൈകാര്യം ചെയ്താല്‍ അപകടം ഒഴിവാക്കാനാവും.

Top