CMDRF

ഇത് കുട്ടിക്രിക്കറ്റിന്റെ കാലം; പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം

ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ആവേശത്തിന് തിങ്കളാഴ്ച തിരുവനന്തപുരത്ത് തുടക്കമാകും.

ഇത് കുട്ടിക്രിക്കറ്റിന്റെ കാലം; പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം
ഇത് കുട്ടിക്രിക്കറ്റിന്റെ കാലം; പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിക്കറ്റ് ആരാധകർ ആവേശത്തിലാണ്. ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ആവേശത്തിന് തിങ്കളാഴ്ച തിരുവനന്തപുരത്ത് തുടക്കമാകും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ.) പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ തുടക്കമാകും. അതേസമയം കേരളത്തിൽ ആദ്യമായാണ് ഇത്രയും വലിയ ഒരു ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്നത്. ഒരു ദിവസം രണ്ടു മത്സരങ്ങളാണ്. ഒരു മത്സരം ഫ്ളഡ്‌ലിറ്റിലാണ്. കാണികൾക്ക് പ്രവേശനം സൗജന്യമായിരിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം.

ഇന്ന് ഉച്ചയ്ക്ക് 2.30-ന് ആദ്യ മത്സരത്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാപ്റ്റനായ ആലപ്പി റിപ്പിൾസും, വരുൺ നായനാർ ക്യാപ്റ്റനായ തൃശ്ശൂർ ടൈറ്റൻസും ഏറ്റുമുട്ടും. തുടർന്ന് മത്സരശേഷം വൈകീട്ട് 6-ന് കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം നടക്കും. കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം ഗായകൻ അരുൺ വിജയ് ആലപിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക. കൂടാതെ 60 കലാകാരന്മാർ ചേർന്നൊരുക്കുന്ന ദൃശ്യവിരുന്നും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Also Read: കോഹ്‍ലി എല്ലാവർക്കും പ്രോത്സാഹനമായ നായകൻ : അശ്വിൻ

അതേസമയം കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡർ മോഹൻലാൽ ചാമ്പ്യൻഷിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.അബ്ദുറഹ്‌മാൻ, കെ.സി.എ. വനിതാ ക്രിക്കറ്റ് ഗുഡ്‌വിൽ അംബാസഡർ നടി കീർത്തി സുരേഷ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഉദ്ഘാടനച്ചടങ്ങിനു പിന്നാലെ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ അബ്ദുൽ ബാസിത് നയിക്കുന്ന ട്രിവാൻഡ്രം റോയൽസും ബേസിൽ തമ്പി നായകനായ കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും. ഈ മാസം സെപ്റ്റംബർ 16 വരെയാണ് ആദ്യ റൗണ്ട് മത്സരങ്ങൾ. 17-ന് സെമി ഫൈനൽ. 18-നാണ് ഫൈനൽ. അതേസമയം മത്സരങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. സ്റ്റാർ സ്‌പോർട്‌സിൽ മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും.

സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പ്..

SYMBOLIC IMAGE

കേരളത്തിലെ പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കുന്ന യുവാക്കൾക്കുള്ള സുവർണാവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ഐ.പി.എലിലേക്കുള്ള സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റ് വിദഗ്ധർ കരുതുന്നത്.

നിലവിൽ രഞ്ജി ടീമിൽ കളിക്കുന്ന കേരളത്തിന്റെ താരങ്ങൾക്കൊപ്പം ക്ലബ് തലത്തിൽ കളിക്കുന്നവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങൾക്ക് കൂടുതൽ അവസരവും മികച്ച പ്രതിഫലവും ഇതോടൊപ്പം കേരള ക്രിക്കറ്റ് ലീഗ് ഉറപ്പുനൽകുന്നുണ്ട്. കഴിഞ്ഞ രണ്ട് ആഴ്ചയായി ആറു ടീമുകളും കഠിനമായ പരിശീലനത്തിലാണ്. ഗ്രീൻഫീൽഡിൽ തയ്യാറാക്കിയ ഏഴ്‌ പിച്ചുകളിലായിരിക്കും മത്സരം.

Also Read: മുൻ നായകനെ വിമർശിച്ച് യുവരാജ് സിംഗിന്റെ പിതാവ്

ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്, കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ്, തൃശ്ശൂർ ടൈറ്റൻസ്, കൊച്ചി ബ്ളൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിൾസ് ടീമുകളാണ് വാശിയേറിയ ചാമ്പ്യൻഷിപ്പിൽ ഏറ്റുമുട്ടുന്നത്.

Top