അമരാവതി: യു.എസ് വൈസ് പ്രസിഡന്റായി ജെ.ഡി. വാൻസ് തെരഞ്ഞെടുക്കപ്പെട്ടത് ആന്ധ്രാപ്രദേശിന്റെ കൂടി സന്തോഷനിമിഷമാണെന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. ജെ.ഡി. വാൻസിന്റെ ഭാര്യയും യു.എസിലെ രണ്ടാമത്തെ വനിതയുമായ ഉഷ വാൻസിന്റെ കുടുംബം ആന്ധ്രപ്രദേശിലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് എൻ ചന്ദ്രബാബു നായിഡു സന്തോഷം പങ്കുവെച്ചത്.
38കാരിയായ ഉഷ വാൻസിന്റെ കുടുംബഗ്രാമം വെസ്റ്റ് ഗോദാവരി ജില്ലയിലെ വടലൂരിലാണ്. ആദ്യമായാണ് തെലുങ്ക് പാരമ്പര്യമുള്ള ഒരാൾ അമേരിക്കയുടെ രണ്ടാം വനിതയാകുന്നത്. യു.എസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെ.ഡി. വാൻസിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ വിജയം ചരിത്രനിമിഷമായി കണക്കാക്കുന്നു എന്നും ചന്ദ്രബാബു നായിഡു എക്സിൽ കുറിച്ചു.
ലോകത്താകമാനമുള്ള തെലുഗു സമൂഹത്തിന് അഭിമാന നിമിഷമാണിതെന്ന് പറഞ്ഞ നായിഡു ആന്ധ്രപ്രദേശ് സന്ദർശിക്കാൻ വാൻസിനെയും ഉഷയെയും ക്ഷണിക്കുമെന്നും സൂചിപ്പിച്ചു. യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെയും നായിഡു അഭിനന്ദിച്ചിരുന്നു. ട്രംപിന്റെ ഭരണകാലത്ത് ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.