ഇത് കഷ്ടപ്പാടിന്റെ സന്തോഷം; മകൻ അമ്മയ്ക്ക് നൽകിയത് ഐഎഎസ് വിജയം

അച്ഛന്റെ മരണാനന്തര ചടങ്ങുകൾ വഹിക്കാൻ പോലും സാധിക്കാതിരുന്ന രമേശിന് അന്ന് മനസിലായി തന്നെ പോലുള്ളവർക്ക് വിദ്യാഭ്യാസം വഴി മാത്രമേ ദാരിദ്ര്യം മറികടക്കാൻ കഴിയുകയുള്ളൂവെന്ന്.

ഇത് കഷ്ടപ്പാടിന്റെ സന്തോഷം; മകൻ അമ്മയ്ക്ക് നൽകിയത് ഐഎഎസ് വിജയം
ഇത് കഷ്ടപ്പാടിന്റെ സന്തോഷം; മകൻ അമ്മയ്ക്ക് നൽകിയത് ഐഎഎസ് വിജയം

മുംബൈ: മക്കളെ അല്ലെങ്കിൽ കുടുംബത്തെ നല്ല രീതിയിൽ വളർത്താൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്ന ഒത്തിരിപേർ നമുക്ക് ചുറ്റുമുണ്ട്. ആ കഷ്ടപ്പാടിൽ സാമൂഹിക-സാമ്പത്തിക-ശാരീരിക വെല്ലുവിളികൾ അതിജീവിച്ച് ഉന്നതിയിലെത്തുന്ന ഒരുപാട് പേരുണ്ട്. അത്തരത്തിൽ ഒരാളാണ് രമേഷ് ​ഖൊലാപ് ഐഎഎസ്. കഷ്ടപാട് നിറഞ്ഞ ജീവിതത്തിന്റെ എല്ലാ വെല്ലുവിളികളെയും തരണംചെയ്താണ് രമേഷ് ​ഖൊലാപ് എന്ന പേരിനൊപ്പം ഐ.എ.എസ് നേടിയെടുത്തത്.

മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ മഹാഗാവ് എന്ന ഗ്രാമത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബത്തിലാണ് രമേശ് ഗോലാപ് ജനിച്ചത്. രമേശിൻ്റെ പിതാവ് ഗോരഖ് ഗോലാപ്പിന് ഗ്രാമത്തിൽ ഉണ്ടായിരുന്ന ഒരു ചെറിയ സൈക്കിൾ റിപ്പയർ കടയിൽ നിന്ന് കിട്ടുന്ന വരുമാനത്തിലൂടെയാണ് ആ കുടുംബം ജീവിച്ചുപോന്നിരുന്നത്. രമേഷ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കടുത്ത മദ്യപാനിയായ പിതാവ് മരണപ്പെട്ടു. പണമില്ലാത്തതിനാൽ അയൽക്കാരാണ് അച്ഛന്റെ മരണാനന്തര ചടങ്ങുകൾ നടത്തിയത്. അച്ഛന്റെ മരണാനന്തര ചടങ്ങുകൾ വഹിക്കാൻ പോലും സാധിക്കാതിരുന്ന രമേശിന് അന്ന് മനസിലായി തന്നെ പോലുള്ളവർക്ക് വിദ്യാഭ്യാസം വഴി മാത്രമേ ദാരിദ്ര്യം മറികടക്കാൻ കഴിയുകയുള്ളൂവെന്ന്.

Also Read: മനുഷ്യന് ശേഷം ഭൂമിയിൽ പുതിയൊരു ആവാസവ്യവസ്ഥയോ …?

തുടർന്ന് കുടുംബം പുലർത്താൻ രമേഷിന്റെ അമ്മ വിമൽ വളകൾ വിൽക്കാൻ തെരുവിലേക്കിറങ്ങി. പോളിയോ ബാധിച്ച് ഇടതുകാൽ തളർന്നതാണെങ്കിലും രമേഷും സഹോദരനും അമ്മക്കൊപ്പം ചേർന്നു. വള വിൽപ്പനയ്‌ക്കൊപ്പം തന്നെ തന്റെ പഠനവും രമേഷ് തുടർന്നു. പഠനം നല്ല രീതിയിൽ മുന്നോട്ടുപോയെങ്കിലും സാമ്പത്തിക വെല്ലുവിളികൾ വിടാതെ പിന്തുടർന്നു. ബിരുദ പഠനത്തിന് ശേഷം മറ്റ് ജോലികൾക്ക് പോകാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന അവസ്ഥ വന്നപ്പോൾ ഒരു ഓപൺ യൂനിവേഴ്സിറ്റിയിൽ രമേഷ് ​ഖൊലാപ് അധ്യാപകനായി ചേർന്നു. അവിടെ നിന്നാണ് ഐ എ എസ് എന്ന മോഹം രമേഷിന്റെ മനസ്സിലേക്ക് വരുന്നത്.

Ramesh Gholap IAS and Mother Vimal Gholap

പിന്നെ ഒന്നും നോക്കിയില്ല. ജോലി രാജിവെച്ച് സിവിൽ സർവീസ് പരിശീലനത്തിനായി പുനെയിലേക്ക്. കഷ്ടപ്പാടുകൾ സഹിച്ച് കഠിനമായി ജോലി ചെയ്ത് മകന്റെ പഠനത്തിനായി അമ്മയും പണം സ്വരൂപിക്കാൻ തുടങ്ങി. തുടർന്ന് 2010ൽ ആദ്യമായി സിവിൽ സർവീസ് പരീക്ഷയെഴുതിയെങ്കിലും വിജയിക്കാൻ സാധിച്ചില്ല. അതിൽ തളരാതെ രമേഷ് വീണ്ടും മുന്നോട്ട് പോയി. 2012ൽ 287ാം റാ​ങ്ക് നേടി പരീക്ഷ പാസായി. രമേഷിന് ഭിന്നശേഷി ക്വാട്ടയുള്ളതിനാൽ ഐ.എ.എസ് തന്നെ ലഭിച്ചു. കഷ്ടപ്പെട്ട് തന്നെ വളർത്തി വലുതാക്കിയ അമ്മയ്ക്ക് മകൻ കൊടുത്ത വിലയേറിയ സമ്മാനമാണ് ഈ ഐ എ എസ് വിജയം.

Top