അബുദാബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായി അവതരിപ്പിച്ച ഇൻഷുറൻസ് പദ്ധതിക്ക് ഗൾഫ് ലോകത്ത് സ്വീകാര്യതയേറുന്നു. ഈ വർഷം മാർച്ച് ഒന്നിന് ആരംഭിച്ച ലൈഫ് പ്രൊട്ടക്ഷൻ പ്ളാൻ (എൽപിപി) എന്ന പദ്ധതിയിൽ ഇതുവരെയായി 5500ൽ അധികം പ്രവാസികളാണ് അംഗങ്ങളായത്.
യുഎഇയിൽ തൊഴിൽ ചെയ്യുന്ന ഇന്ത്യൻ പ്രവാസി മരണപ്പെടുന്ന സാഹചര്യമുണ്ടായാൽ കുടുംബത്തിന് 75,000 ദിർഹം (ഏകദേശം 17 ലക്ഷം രൂപ) നഷ്ടപരിഹാരം ലഭിക്കുന്ന പദ്ധതിയാണിത്. അത് സ്വാഭാവിക മരണമായാലും അപകടമരണമായാലും നഷ്ടപരിഹാരം ലഭിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.
പ്രവാസലോകത്തെ തൊഴിൽ സംബന്ധമായ മരണങ്ങൾക്കും പരിക്കുകൾക്കും പല കമ്പനികളും ആരോഗ്യ ഇൻഷുറൻസും നഷ്ടപരിഹാരവും നൽകിയിരുന്നെങ്കിലും സ്വഭാവിക മരണത്തിന് ഇതുവരെ കവറേജ് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തൊഴിലാളി മരണപ്പെടുമ്പോൾ കുടുബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യമുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് കൊണ്ട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് യുഎഇയിലെ വിവിധ കമ്പനികളെയും ഇൻഷുറൻസ് ദാതാക്കളെയും ഉൾപ്പെടുത്തി നടത്തിയ ചർച്ചയിലാണ് പുതിയ ഇൻഷുറൻസ് പദ്ധതി അവതരിപ്പിക്കുന്നതിനെക്കുറിച്ച് തീരുമാനമായത്. അതേസമയം, നിലവിൽ ഈ പദ്ധതിയിൽ തൊഴിലാളികൾക്ക് സ്വമേധയാ അംഗത്വം എടുക്കാൻ സാധിക്കില്ല. തൊഴിൽ ദാതാവോ കമ്പനിയോ ആണ് തൊഴിലാളികളെ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത്.
ഇത്തരത്തിൽ യുഎഇ തൊഴിൽ വിസയുള്ള ജീവനക്കാർക്ക് ലോകമെമ്പാടുമുള്ള പരിരക്ഷ ഉൾപ്പെടെ വിപുലമായ കവറേജ് ആണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. പ്രവാസിയായിരിക്കെ സ്വാഭാവിക മരണം, അപകട മരണം എന്നിവ കൂടാതെ അപകടം മൂലമുണ്ടായ പൂർണ്ണമായതോ ഭാഗികമായതോ ആയ വൈകല്യത്തിനുള്ള പരിരക്ഷയും ലഭിക്കുന്നു. എന്നാൽ മരണപ്പെട്ട തൊഴിലാളിയുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിലേക്കായി 12,000 ദിർഹം വരെ ചെലവ് പദ്ധതി വഹിക്കുന്നു. അതേസമയം 18 മുതൽ 70 വയസ്സുവരെയുള്ള വ്യക്തികൾക്കാണ് നിലവിൽ കവറേജ് ലഭ്യമാകുന്നത്. പ്രതിവർഷം 72 ദിർഹം അടയ്ക്കുന്നവർക്ക് 75,000 ദിർഹം നഷ്ടപരിഹാരം ലഭിക്കും. പ്രതിവർഷം 50 ദിർഹമിന് 50,000 ദിർഹവും 37 ദിർഹമിന് 35,000 ദിർഹവും പദ്ധതിപ്രകാരം അവർക്ക് നഷ്ടപരിഹാലം ലഭിക്കും.
ഇന്ത്യൻ കോൺസുലേറ്റിന്റെ കണക്കനുസരിച്ച് നിലവിൽ ഏകദേശം 3.5 ദശലക്ഷം ഇന്ത്യക്കാരാണ് യുഎഇയിൽ താമസിക്കുന്നത്. എന്നാൽ ഇതിൽ 65 ശതമാനം പേരും ബ്ലൂകോളർ ജോലികൾ ചെയ്യുന്നവരാണ്. അതേസമയം 2022ൽ ദുബായിൽ 1750 ഇന്ത്യൻ പ്രവാസികളാണ് മരണപ്പെട്ടത്. ഇവരിൽ 1100 പേർ സാദാ തൊഴിലാളികളാണ്. കഴിഞ്ഞവർഷം 1513 ഇന്ത്യൻ പ്രവാസികൾ യുഎഇയിൽ മരണപ്പെട്ടു. ഇവരിൽ ആകട്ടെ 1000 പേർ തൊഴിലാളികളാണ്. എന്നാൽ ഇതിൽ 90 ശതമാനത്തിലധികം മരണങ്ങളും സ്വാഭാവിക കാരണങ്ങളാൽ സംഭവിച്ചതാണെന്നാണ് കോൺസുലേറ്റിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.