ജയ്പുര്‍: രാജ്യത്തെ ആദ്യ പരീക്ഷണ റെയില്‍പാത രാജസ്ഥാനില്‍ വരുന്നു. ട്രെയിനുകളുടെ പരീക്ഷണ ഓട്ടത്തിന് മാത്രമായുള്ള പ്രത്യേക റെയില്‍പാതയാണിത്. ജോധ്പുര്‍ ഡിവിഷന് കീഴില്‍ ദീദ്വാന ജില്ലയിലാണ് പ്രത്യേക റെയില്‍പാത ഒരുങ്ങുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് ഓര്‍ഗനൈസേഷന്റെ (ആര്‍.ഡി.എസ്.ഒ) ഈ പ്രത്യേക പാത 2025 ഡിസംബറില്‍ പൂര്‍ത്തിയാകും.
റെയില്‍പാതയുടെ നീളം 60 കിലോമീറ്ററാണ്. പൂര്‍ണമായി നേര്‍രേഖയില്‍ അല്ലാതെ വളവുകളും പാതയിലുണ്ട്. ഇതുവഴി ട്രെയിനിന്റെ വേഗത അറിയുവാനും വേഗത്തിലെത്തുന്ന ട്രെയിന്‍ വളവുകളിലൂടെ എങ്ങനെ കടന്നുപോകുന്നു എന്ന് പരിശോധിക്കുവാനും സാധിക്കും.
Also Read: എയ്ഡയുടെ ചിത്രത്തിന് 110 കോടി; ലോകത്തെ ആദ്യ ‘ആർട്ടിസ്റ്റ്’ റോബോ
അതിവേഗ ട്രെയിനുകളുടെ വേഗത, സുസ്ഥിരത, സുരക്ഷാ മാനദണ്ഡങ്ങള്‍, അപകട പ്രതിരോധം, ട്രെയിനിന്റെ നിലവാരം എന്നിവയെല്ലാം പരിശോധിക്കാന്‍ കഴിയുന്ന തരത്തിലാണ് പരീക്ഷണപ്പാത നിര്‍മ്മിക്കുന്നത്. കൂടാതെ ട്രാക്ക് നിര്‍മ്മിക്കുന്ന ഉപകരണങ്ങള്‍, പാലങ്ങള്‍, ടി.ആര്‍.ഡി. ഉപകരണങ്ങള്‍, സിഗ്നലുകള്‍ എന്നിവയുടെ പരിശോധനയും ഈ പാതയില്‍ നടത്താം.
129 ചെറിയ പാലങ്ങള്‍,ഏഴ് വലിയ പാലങ്ങള്‍,നാല് സ്റ്റേഷനുകള്‍ എന്നിവയാണ് പാതയില്‍ ഉണ്ടാകുക. 820 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മ്മാണച്ചെലവിനായ് കണക്കാക്കുന്നത്. നിലവില്‍ 27 കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതിയുടെ ഒന്നാം ഘട്ട പ്രവൃത്തി 2018 ഡിസംബറിലാണ് ആരംഭിച്ചത്. രണ്ടാം ഘട്ടം 2021 നവംബറിലും ആരംഭിച്ചു. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയുള്ള ബുള്ളറ്റ് ട്രെയിനുകളുടെ പരീക്ഷണ ഓട്ടം വരെ ഇവിടെ നടത്തുവാൻ സാധിക്കും.