‘വലിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയം; ഇതൊരു തുടക്കം മാത്രം’: ഹാര്‍ദ്ദിക് പാണ്ഡ്യ

‘വലിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയം; ഇതൊരു തുടക്കം മാത്രം’: ഹാര്‍ദ്ദിക് പാണ്ഡ്യ

മുംബൈ: ഐപിഎല്‍ 2024 സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സിന് തകര്‍ത്താണ് മുംബൈ സീസണില്‍ അക്കൗണ്ട് തുറന്നത്. പുതിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ ജയമാണിത്. ഇപ്പോള്‍ നിര്‍ണായക വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ.

‘വലിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയം. ഞങ്ങള്‍ ഒരുപാട് കാര്യങ്ങളില്‍ മാറ്റം വരുത്തി. ഞങ്ങളുടെ തീരുമാനങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തി. എല്ലാ തീരുമാനങ്ങളും ക്ലിക്കായ ദിവസമായിരുന്നു ഇന്ന്. ഞങ്ങള്‍ക്ക് ഒരുപാട് സ്നേഹവും കരുതലും ലഭിക്കുന്നുണ്ട്. ഞങ്ങള്‍ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഞങ്ങള്‍ പരസ്പര വിശ്വാസം കൈവിട്ടില്ല. ഞങ്ങള്‍ക്ക് ഈ വിജയം ആവശ്യമായിരുന്നു. ഇത് തുടക്കം മാത്രമാണ്’, പാണ്ഡ്യ പറഞ്ഞു.

‘പവര്‍പ്ലേയില്‍ തന്നെ 77 അല്ലെങ്കില്‍ 80 റണ്‍സ് നേടാനാവുകയെന്നത് അതിശയകരമാണ്. ബാറ്റിങ്ങില്‍ ഞങ്ങള്‍ക്ക് താളം കണ്ടെത്തേണ്ടിയിരുന്നു. ഡല്‍ഹിക്കെതിരെ എല്ലാ താരങ്ങളും തങ്ങളുടെ അവസരം ഉപയോഗപ്പെടുത്തിയ രീതി അതിശയകരമാണ്’, പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.ഒടുവില്‍ ടീമിന് അവസാനം താളം കണ്ടെത്താന്‍ സാധിച്ചുവെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

Top