തൊടുപുഴ; യു.ഡി.എഫില്‍ ഇനിയും കലഹം തീര്‍ന്നിട്ടില്ല

തൊടുപുഴ; യു.ഡി.എഫില്‍ ഇനിയും കലഹം തീര്‍ന്നിട്ടില്ല
തൊടുപുഴ; യു.ഡി.എഫില്‍ ഇനിയും കലഹം തീര്‍ന്നിട്ടില്ല

തൊടുപുഴ: യു.ഡി.എഫില്‍ കലഹം തീര്‍ന്നിട്ടില്ലെന്ന് അടിവരയിട്ട് തൊടുപുഴ നഗരസഭ വൈസ് ചെയര്‍പേഴ്‌സണെതിരായ അവിശ്വാസത്തില്‍ നിന്ന് മുസ്ലിം ലീഗ് വിട്ടുനിന്നു. എല്‍.ഡി.എഫ്. ബി.ജെ.പി അംഗങ്ങളും പങ്കെടുക്കാതിരുന്നതോടെ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ പ്രഫ. ജെസി ആന്റണിക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത് ഏഴ് പേര്‍ മാത്രം. അഞ്ചുപേര്‍ കോണ്‍ഗ്രസില്‍ നിന്നും ഒരു ലീഗ് സ്വതന്ത്രനും ഒരു കേരള കോണ്‍ഗ്രസ് പ്രതിനിധിയും മാത്രമാണ് ചര്‍ച്ചക്കെത്തിയത്.

ഒരു കോണ്‍ഗ്രസ് കൗണ്‍സിലര്‍ വൈകിയെത്തിയതിനാല്‍ രേഖകളില്‍ ഒപ്പുവെക്കാന്‍ അനുവദിച്ചില്ല. അവിശ്വാസം പാസാകണമെങ്കില്‍ ആകെയുളള 35ല്‍ പകുതിയില്‍ കൂടുതല്‍ പേരുടെ പിന്തുണ വേണം. അതായത് 18 പേര്‍.ബി.ജെ.പിയുടെ എട്ട് അംഗങ്ങള്‍ അവിശ്വാസത്തെ അനുകൂലിച്ചാല്‍ പോലും ലീഗിന്റെ ആറ് അംഗങ്ങള്‍ വിട്ടുനിന്നതോടെ അവിശ്വാസം പാസാകില്ലെന്ന് ഉറപ്പായിരുന്നു. കഴിഞ്ഞ ദിവസം ചെയര്‍മാനെതിരെ കൊണ്ടുവന്ന അവിശ്വാസത്തെ ബി.ജെ.പി അംഗങ്ങളും ലീഗ് അടക്കം യു.ഡി.എഫും പിന്തുണച്ചിരുന്നു.

ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലാകട്ടെ യു.ഡി.എഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും എല്‍.ഡി.എഫിലെ സബീന ബിഞ്ചുവാണ് വിജയിച്ചത്. സമവായത്തിലെത്താന്‍ സാധിക്കാതെ വന്നതോടെ യു.ഡി.എഫ് വിട്ട് ലീഗ് ഒറ്റയ്ക്ക് മല്‍സരിക്കുകയും അവസാന റൗണ്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ലീഗ് പിന്തുണക്കുകയും ചെയ്താണ് ഒമ്പത് പേര്‍ മാത്രം വോട്ടെടുപ്പില്‍ ഹാജരായിട്ടും എല്‍.ഡി.എഫിന് വിജയം നല്‍കിയത്. ഒരാള്‍ മറുകണ്ടം ചാടുകയും മറ്റു രണ്ടുപേര്‍ വിട്ടുനില്‍ക്കുകയും ചെയ്തതാണ് എല്‍.ഡി.എഫിന്റെ അംഗബലം 12ല്‍ നിന്ന് ഒമ്പതായി കുറച്ചത്. യു.ഡി.എഫ് അന്തച്ഛിദ്രം മൂലം എല്‍.ഡി.എഫിന് നഗരസഭ ചെയര്‍മാന്‍ പദവി ലഭിച്ചതിന്റെ പേരിലെ ലീഗ്-കോണ്‍ഗ്രസ് വാക്‌പോര് ശമിച്ചെങ്കിലും കോണ്‍ഗ്രസുമായി ലീഗ് പഴയനില വീണ്ടെടുക്കാത്തതും ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ലീഗിനെ കോണ്‍ഗ്രസ് ഒറ്റപ്പെടുത്തിയെന്ന വികാരവുമാണ് വൈസ് ചെയര്‍പേഴ്സന്‍ തെരഞ്ഞെടുപ്പില്‍ ലീഗ് വിട്ടുനില്‍ക്കുന്നതില്‍ കലാശിച്ചത്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നായിരുന്നു ലീഗ് ജില്ല പ്രസിഡന്റ് കെ.എം.എ ഷൂക്കൂര്‍ അറിയിച്ചിരുന്നത്. എന്നാല്‍, സ്വന്തം പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തില്‍ വലയുന്ന ലീഗിന് ഉറച്ച തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് സൂചന.

Top