പത്തനംതിട്ട: കിഫ്ബി മസാല ബോണ്ട് കേസില്‍ എട്ടാം തവണ ഇഡി നോട്ടീസ് കിട്ടിയതിന് പിന്നാലെ പ്രതികരണവുമായി തോമസ് ഐസക്.
ഇ.ഡിയുടെ അന്ത്യശാസന നോട്ടിസ് കിട്ടിയെന്ന് തോമസ് ഐസക് പ്രതികരിച്ചു. തന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. തിങ്കളാഴ്ച കോടതിയെ സമീപിക്കും. കോടതിയില്‍ ഇരിക്കുന്ന കേസില്‍ കൂടുതല്‍ പറയുന്നില്ല.
ഇഡിക്ക് ഭീഷണിയുടെ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.കോടതിയിലിരിക്കുന്ന കേസാണ്. കോടതിയില്‍ നിന്ന് തന്നെ സംരക്ഷണം തേടും. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രേരിതമായി ഇഡി ഭീഷണിപ്പെടുത്തുന്നു. ചെന്നില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു. ഇതൊക്കെ വടക്കേയിന്ത്യയില്‍ നടക്കും. ഇത് കേരളമാണെന്ന് ഇ.ഡി. ഓര്‍ക്കണമെന്നും തോമസ് ഐസക് പറഞ്ഞു.
മസാല ബോണ്ട് ഇടപാടിലെ ഇ.ഡി സമന്‍സിനെതിരായ തോമസ് ഐസക്കിന്റെ ഹര്‍ജിയില്‍ മറുപടി സത്യാവാങ്മൂലം ഇഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.കോടതി ഉത്തരവ് പ്രകാരം അന്വേഷണവുമായി സഹകരിച്ചുവെന്ന് കിഫ്ബി കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ അവധിയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.അടിയന്തര സാഹചര്യമുണ്ടായാല്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ടി ആര്‍ രവി പറഞ്ഞു.കേസ് ഇനി മെയ് 22 ന് വീണ്ടും പരിഗണിക്കും. മസാല ബോണ്ട് ഇറക്കാന്‍ തീരുമാനിച്ച വ്യക്തി എന്ന നിലയിലും, കിഫ്ബി സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമന്‍സ് നല്‍കിയതെന്നാണ് ഇഡി നിലപാട്.കേസുമായി ബന്ധപ്പെട്ട് തോമസ് ഐസക്ക് ഒഴികെ എല്ലാവരെയും ചോദ്യം ചെയ്‌തെന്നും അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ ഐസക്കിനെ ചോദ്യം ചെയ്യണം എന്നും ഇഡി വിശദീകരിക്കുന്നു.