പാലക്കാട്: പാലക്കാട് ഹോട്ടലില്‍ ഇലക്ഷന് സ്ക്വാഡിന്റെ റെയ്ഡില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എഎ റഹീം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണവിധേയമായ സമയത്ത് ഹോട്ടലില്‍ എത്തിയിരുന്നോ എന്നും ആരെല്ലാം ഇവിടെയുണ്ടായിരുന്നു എന്നും പരിശോധിക്കണം. സംശായസ്പദമായി പുറത്തേക്ക് പോയ കാര്‍ എവിടേക്കാണ് പോയത്. കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ കോളുകള്‍ അന്വേഷണവിധേയമാക്കണമെന്ന് എഎ റഹീം ആവശ്യപ്പെട്ടു.
Also Read: ‘ബാഗില്‍ കള്ളപ്പണം’; പാലക്കാട് ഹോട്ടലില്‍ ഇലക്ഷന് സ്ക്വാഡിന്റെ റെയ്ഡ്
ഹോട്ടലില്‍ സമഗ്രമായ പരിശോധനയാണ് നടത്തിയത്. എല്ലാ മുറികളിലും കയറി. ബിന്ദു കൃഷ്ണ പരിശോധനയോട് സഹകരിച്ചു. ഷാനിമോള്‍ ഉസ്മാന് പരിശോധനയോട് മണിക്കൂറുകളോളം സഹകരിച്ചില്ലെന്ന റഹീം പറഞ്ഞു. ഷാഫി, ജ്യോതികുമാര്‍ ചാമക്കാല, വികെ ശ്രീകണ്ഠന് എന്നിവര്‍ തിരികെയെത്തി പരിശോധന അട്ടിമറിച്ചു. മാധ്യമപ്രവര്‍ത്തകരെ വടകര എംപി ഷാഫി പറമ്പില്‍ ആക്രമിച്ചു. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് അകത്തുണ്ടായിരുന്ന പണം മാറ്റുന്നതിനും പണം എത്തിച്ചവരെ രക്ഷിക്കുന്നതിനും ശ്രമിച്ചുവെന്ന് എഎ റഹീം ആരോപിച്ചു.