അന്യസംസ്ഥാന തൊഴിലാളികളാണ് തീവണ്ടിയിലെ മോഷണം നടത്തുന്നവരിൽ ഏറെയും. ഇതിനായി ഇവർ തിരഞ്ഞെടുക്കുക എ.സി റിസർവേഷൻ കോച്ചുകളാണ്. മാന്യമായി വേഷം ധരിച്ച് എക്സിക്യൂട്ടീവ് സ്റ്റൈലിൽ ലാപ്ടോപ്പ് ബാഗുമായി എത്തുന്ന ഇവർ ടിക്കറ്റ് എടുക്കുമ്പോൾ മുതൽ മോഷണത്തിന്റെ പ്ലാനിങ് തുടങ്ങും.
കൗണ്ടറിൽ നിന്നും സ്ലീപ്പർ ടിക്കറ്റ് എടുക്കുന്ന ഇവർ ടി.ടി.ഇ.യെ കണ്ട് കൂടുതൽ പണം നൽകി എ.സി കമ്പാർട്ട്മെന്റിലേക്ക് ടിക്കറ്റ് തിരുത്തിയെടുക്കും. മുൻകൂട്ടി റിസർവേഷൻ ടിക്കറ്റ് എടുത്താൽ തിരിച്ചറിയൽ രേഖ കാണിക്കണമെന്നതിനാലാണ് ഈ തന്ത്രം ഇവർ പ്രയോഗിക്കുന്നത്. പിന്നീട് യാത്രക്കാരെ വിലയിരുത്തി ഇരകളെ കണ്ടെത്തുകയാണ് പതിവ്.
ഐഫോൺ കണ്ടാൽ മോഷണത്തിന് ആദ്യമൊന്ന് മടിക്കു൦. കാരണം പിടിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ലാപ്‌ടോപ്പാണെങ്കിൽ ഇവർ ഏത് വിധേനെയും കൈക്കലാക്കും. മൊബൈലും ലാപ്ടോപ്പും സുരക്ഷിതമായി വെയ്ക്കാതെ ഉറങ്ങുന്ന യാത്രക്കാരാണ് ഇവരുടെ ഇരകളാകുന്നത്. ഇത്തരത്തിൽ മോഷണം പോകുന്ന ലാപ്ടോപ്പുകൾ പരാതി നൽകിയാലും തിരിച്ചുകിട്ടുക വളരെ ചുരുക്കം മാത്രമാണ്.