ഇസ്രായേലി വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ ശ്രീലങ്കയിലെ തീവ്രവാദ വിരുദ്ധ പോലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് (റോ) ഭീഷണിയെക്കുറിച്ച് ശ്രീലങ്കയ്ക്ക് സൂചന നല്‍കിയത് എന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ റഷ്യ ടുഡേയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ശ്രീലങ്കയുടെ കിഴക്കന്‍ മേഖലയിലെ അരുഗംബേയിലെ സര്‍ഫിംഗ് റിസോര്‍ട്ടില്‍ വെച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒരു കെട്ടിടത്തില്‍ വെച്ച് ഇസ്രായേല്‍ പൗരന്മാരെ ആക്രമിക്കാന്‍ ഇരുവരും പദ്ധതിയിട്ടിരിക്കാമെന്നാണ് പോലീസ് വക്താവ് പറഞ്ഞതെന്നും വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Also Read:ഷിരൂരിൽ അർജുനായുള്ള തിരച്ചിലിന് നേതൃത്വം നൽകിയ എം.എൽ.എയെ സി.ബി.ഐ അറസ്റ്റ് ചെയ്തു
ഇന്ത്യന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഇരുവരുടെയും പേരുള്‍പ്പെടെ തിരിച്ചറിഞ്ഞിരുന്നു. അവരില്‍ ഒരാള്‍ ഇറാഖ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ഒക്ടോബര്‍ ഏഴിനാണ് ഇതുസംബന്ധമായ സൂചന ലഭിച്ചതെന്ന് ശ്രീലങ്കയുടെ ആക്ടിംഗ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് പ്രിയന്ത വീരസൂര്യ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ പൗരന്‍മാരോട് ശ്രീലങ്ക വിടാനും, അതല്ലെങ്കില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറാനും ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു. ആക്രമണം തടയാന്‍ 500 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ വിന്യസിച്ചിരുന്നത്.
Also Read:ജ.സഞ്ജീവ് ഖന്ന അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; വിജ്ഞാപനം പുറപ്പെടുവിച്ച് രാഷ്ട്രപതി
ഇസ്രയേല്‍ ഗാസയിലും ലെബനനിലും നടത്തുന്ന ആക്രമണങ്ങള്‍ക്ക് എതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ഹിസ്ബുള്ളയും ഹമാസും പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്‍ അനുകൂല സംഘടനകള്‍ക്ക് ലോകത്തെ മിക്ക രാജ്യങ്ങളിലും നെറ്റ്‌വര്‍ക്ക് ഉള്ളതിനാല്‍ അതീവ ജാഗ്രതയാണ് ഇസ്രയേലും അമേരിക്കയും പുലര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി പൗരന്‍മാരുടെ സുരക്ഷിതത്വത്തിലുള്ള ആശങ്ക ശ്രീലങ്കന്‍ സര്‍ക്കാറിനെയും ഇസ്രയേല്‍ അറിയിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായ വിവരവും പുറത്ത് വന്നിരിക്കുന്നത്.
ഇസ്രയേല്‍ ഇറാനെതിരെ തിരിച്ചടിക്ക് ഇസ്രയേല്‍ ഒരുങ്ങുന്നതായ റിപ്പോര്‍ട്ടുകള്‍ കൂടി പുറത്ത് വന്നതോടെ, ലോക രാജ്യങ്ങളും വലിയ ആശങ്കയിലാണുള്ളത്. ഇറാന്‍ – ഇസ്രയേല്‍ യുദ്ധം പൊട്ടി പുറപ്പെട്ടാല്‍ അത് ലോക മഹായുദ്ധത്തില്‍ കലാശിക്കുമെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.