എന്താണ് ആർ.എസ്.എസ് പ്രത്യയശാസ്ത്രമെന്നത് ആൻ്റണി ഉൾപ്പെടെയുള്ള നേതാക്കൾ പഠിപ്പിക്കാത്തതു കൊണ്ടാണ് അവരുടെ മക്കളും കോൺഗ്രസ്സ് നേതാക്കളും അണികളും എല്ലാം ബി.ജെ.പിയിൽ ചേക്കേറുന്നതെന്ന് കെ.ടി ജലീൽ എം.എൽ.എ. സ്വന്തം മക്കളെ ആർ.എസ്.എസ് പ്രത്യയശാസ്ത്രം ബോധ്യപ്പെടുത്താൻ കഴിയാത്തവർക്ക് നാട്ടുകാരെ എങ്ങനെ ബോധ്യപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
എക്സ്പ്രസ്സ് കേരളയ്ക്കു നൽകിയ അഭിമുഖത്തിൻ്റെ രണ്ടാം ഭാഗം കാണുക
പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ വടകരയിൽ പോയി മത്സരിക്കുന്നതിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം ?
വടകരയിൽ നിന്ന് കഴിഞ്ഞ തവണ ജയിച്ച എംപി എന്തിനാണ് തൃശ്ശൂരിലേക്ക് താവളം മാറിയത്. ശൈലജ ടീച്ചറാണ് അവിടെ മത്സരിക്കുന്നത് എന്നുള്ളതുകൊണ്ടാണ്. അവിടെ ഒരു സ്ഥാനാർഥി വേണം. മുസ്ലിംലീഗിന് കൂടി അഭിപ്രായമുള്ള ഉള്ള ഒരു സ്ഥാനാർത്ഥി അല്ലെങ്കിൽ അവരുടെ പിന്തുണ കിട്ടുന്ന ഒരു സ്ഥാനാർഥി വേണം. യഥാർത്ഥത്തിൽ മുസ്ലിംലീഗിന് കിട്ടിയ മൂന്നാം സീറ്റ് എന്നുള്ള നിലയിലാണ് ഇപ്പോൾ വടകര നിയോജക മണ്ഡലത്തെ കാണുന്നത്. ലീഗിന് കിട്ടിയ മൂന്നാം സീറ്റാണ് വടകര. വടകര ലീഗ് മത്സരിച്ചാൽ ജയിക്കില്ല അതായത് ഒരു മുസ്ലിം സ്ഥാനാർത്ഥി മത്സരിച്ചാൽ ജയിക്കില്ലായെന്ന ന്യായം പറഞ്ഞുകൊണ്ടാണ് ആ നിയോജകമണ്ഡലം കോൺഗ്രസ് ലീഗിന് കൊടുക്കാതിരുന്നത്. പക്ഷേ ഒരു മുസ്ലിം സ്ഥാനാർഥിയെ കോൺഗ്രസിന് മത്സരിപ്പിക്കേണ്ടി വന്നപ്പോൾ യാദൃശ്ചികമായി വടകരയിൽ മത്സരിപ്പിക്കേണ്ടി വന്നു. ആ മുസ്ലിം സ്ഥാനാർത്ഥിയെ ജയിപ്പിച്ചെടുക്കാൻ കൈയും മെയ്യും മറന്ന് രംഗത്തുള്ളത് ഇപ്പോൾ ലീഗണ്. കാരണം ഷാഫി ജയിച്ചു കഴിഞ്ഞാൽ മുസ്ലിംലീഗിന് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ തീർച്ചയായും അവകാശവാദം ഉന്നയിക്കാം. കോൺഗ്രസ് അല്ലേ പറഞ്ഞത് ഇവിടെ ലീഗ് മത്സരിച്ചാൽ തോൽക്കുമെന്ന് ? ലീഗ് അക്ഷീണം പ്രയത്നിച്ച് ജയിപ്പിച്ച മുസ്ലിം സ്ഥാനാർത്ഥി ഉണ്ടായിരിക്കുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ സ്വന്തമായിട്ട് മത്സരിച്ചാലും അല്ലെങ്കിൽ ഞങ്ങളുടെ സ്ഥാനാർഥി മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചാലും ജയിക്കും എന്ന് അവർക്ക് പറയാൻ വേണ്ടിയാണ് ലീഗ് കൈയും മേയും മറന്ന് രംഗത്തിറങ്ങിയിരിക്കുന്നത്. പക്ഷേ അവിടെ ശൈലജ ടീച്ചറെ തോൽപ്പിക്കാൻ ഇന്ന് കേരളത്തിലുള്ള ഒരു രാഷ്ട്രീയ നേതാവിനെ എതിർ സ്ഥാനാർത്ഥിയായി നിർത്തിയാലും യുഡിഎഫിന് സാധിക്കില്ല.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ജയിക്കുമെന്ന് ഉറപ്പുള്ള മറ്റൊരു സീറ്റ് ഇല്ലാത്തതു കൊണ്ടാണോ ?
അങ്ങനെ തന്നെയല്ലേ നമ്മൾ കരുതേണ്ടത്, യഥാർത്ഥത്തിൽ രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് ബിജെപിയോടാണ്. ബിജെപിയുടെ ഒരു സ്ഥാനാർത്ഥിയെ തോൽപ്പിക്കുന്നതിന് പകരം ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ജയിച്ചാൽ ആ മുന്നണിയെ പിന്തുണക്കുന്ന ഒരു സ്ഥാനാർത്ഥിയെ തോൽപ്പിക്കാനാണല്ലോ രാഹുൽഗാന്ധി നോക്കുന്നത്. രാഹുൽ ഗാന്ധി അമേഠിയിലോ റായ്ബറേലിയിലോ അവിടെ എസ്പിയുമായിപ്പോൾ സഖ്യവും കൂടിയുണ്ട്. കഴിഞ്ഞ പ്രാവശ്യം സഖ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അമേഠിയയിൽ തോറ്റത് എന്നിട്ടും റായ്‌ബറേലിയയിൽ ജയിച്ചു. പക്ഷേ ഇപ്രാവശ്യം എസ്പിയുമായി കോൺഗ്രസ് ധാരണയിൽ ആയിരിക്കുകയാണ്. ആ പശ്ചാത്തലത്തിൽ ബിജെപിയിലേക്ക് ഏറ്റവുമധികം അംഗങ്ങളെ പാർലമെന്റിലേക്ക് സംഭാവന ചെയ്യുന്ന യുപിയിൽ രാഹുൽഗാന്ധി മത്സരിക്കുന്നതിന് പകരം അദ്ദേഹം കേരളത്തിലേക്ക് വന്നു എന്നുള്ളത് വ്യക്തമാക്കുന്നത് ഉത്തരേന്ത്യയിൽ എന്നല്ല കർണാടകയിലും തെലുങ്കാനയിലും ആന്ധ്രാപ്രദേശിലും പോലും രാഹുൽ ഗാന്ധിക്ക് സുരക്ഷിതമായി മത്സരിക്കാനുള്ള ഒരു സീറ്റില്ല ഇല്ല എന്നുള്ള ബോധത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്. വലിയ വങ്കത്തമാണ് രാഹുൽ ഗാന്ധി ചെയ്യുന്നത്. അദ്ദേഹം കൂടി അംഗമായിട്ടുള്ള ‘ഇൻഡ്യ’ മുന്നണി എങ്ങാനും അധികാരത്തിൽ വന്നാൽ കോൺഗ്രസുകാരെക്കാൾ ആ മുന്നണിക്ക് വേണ്ടി കൈപൊക്കാൻ സാധ്യതയുള്ള ആനി രാജയ്‌ക്കെതിരായി അദ്ദേഹം മത്സരിക്കുന്നത് കോൺഗ്രസ് എത്രമാത്രം മതേതര വോട്ടുകൾ ശിഥിലമാക്കുവാൻ വേണ്ടി ഇന്ത്യ മുന്നണി എന്ന കൺസെപ്റ്റിനെ ദുർബലമാക്കുവാൻ വേണ്ടി ശ്രമിക്കുന്നു എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ്.
ജെ.എൻ.യു കാമ്പസിലെ എസ്.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകളുടെ വിജയത്തെ എങ്ങനെയാണ് വിലയിരുത്തുന്നത് ?
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ഇന്ത്യയുടെ ഭൗതിക കേന്ദ്രം എന്നാണ് അറിയപ്പെടുന്നത്. അത് പിടിച്ചടക്കാൻ കേന്ദ്രസർക്കാറിന്റെ എല്ലാ ഒത്താശകളോടും കൂടി എബിവിപി നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ടു എന്നാണ് അവിടത്തെ ഏറ്റവും അവസാനത്തെ യൂണിയൻ തെരഞ്ഞെടുപ്പിന്റെ റിസൾട്ട് വ്യക്തമാക്കുന്നത്. 4 പ്രധാനപ്പെട്ട സീറ്റുകളിൽ ഒരു സീറ്റ് പോലും എബിവിപിക്ക് പിടിച്ചടക്കാൻ കഴിഞ്ഞില്ല. ഇടതുപക്ഷ വിദ്യാർത്ഥി സഖ്യമാണ് അവിടെ വിജയിച്ചിരിക്കുന്നത്. അതൊരു നല്ല സൂചനയാണ്. ഈ രാജ്യത്ത് ചിന്തിക്കുന്നവർ, വായിക്കുന്നവർ, കാര്യങ്ങൾ ശരിയായ രീതിയിൽ ഗ്രഹിക്കുന്നവർ ബിജെപിക്കെതിരായും അവരുടെ മതരാഷ്ട്രവാദത്തിനെതിരായും വർഗീയ രാഷ്ട്രീയത്തിനെതിരായും ചിന്തിക്കുന്നു എന്നുള്ളതിന്റെ മികച്ച തെളിവാണ് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നടന്ന തെരഞ്ഞെടുപ്പിൽ എബിവിപിയുടെ പരാജയവും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ ശക്തമായിട്ടുള്ള വിജയവും വ്യക്തമാക്കുന്നത്. അവിടെയും കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടന എൻഎസ്യു ഒറ്റയ്ക്ക് മത്സരിച്ച് ദയനീയമായ തോൽവി ഏറ്റുവാങ്ങുകയാണുണ്ടായത്. എബിവിപിയെ തോൽപ്പിക്കാൻ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾക്ക് പിന്തുണ നൽകുകയായിരുന്നു അവർ യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത്. പകരം ഒറ്റക്ക് മത്സരിച്ച് അവരുടെ വോട്ടുകൾ പിടിച്ചു. വളരെ നാമ മാത്രമായ വോട്ടുകളെ അവർക്ക് കിട്ടിയുള്ളൂ. ബിജെപിയെ തോൽപ്പിക്കുക എന്നുള്ളത് അവരുടെ അജണ്ടയിലെ ഇനമല്ല എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ നമുക്ക് എങ്ങനെയാണ് കുറ്റപ്പെടുത്താൻ കഴിയുക.
ആൻ്റണിയുടെയും കരുണാകരൻ്റെയും മക്കൾ ഉൾപ്പെടെ രാജ്യത്തെ നിരവധി കോൺഗ്രസ്സ് നേതാക്കളും മുൻ മുഖ്യമന്ത്രിമാരും ബി.ജെ.പിയിലേക്ക് പോകുന്നത് എന്തു കൊണ്ടാണെന്നാണ് വിലയിരുത്തൽ ?
കോൺഗ്രസുകാർ എന്താണ് കോൺഗ്രസ്, എന്താണ് ആർഎസ്എസ്, എന്താണ് ബിജെപി എന്നുള്ളത് കോൺഗ്രസിന്റെ പ്രവർത്തകന്മാരെ ഒരു ഘട്ടത്തിലും പഠിപ്പിച്ചു കൊടുത്തിട്ടില്ല. എല്ലാ കോൺഗ്രസുകാരും ബിജെപിയെ കാണുന്നത് കോൺഗ്രസിന് ബദലായ ഒരു ആൾട്ടർനേറ്റീവ് പാർട്ടി എന്നുള്ള നിലയിലാണ്. കോൺഗ്രസ്, ബിജെപി ഇതൊക്കെ ഒരു രാഷ്ട്രീയ പാർട്ടിയാണ്. കോൺഗ്രസ് അല്ലെങ്കിൽ ബിജെപി ആ നിലക്കാണ് അവർ ബിജെപിയെ കാണുന്നത്. ഒരു കോൺഗ്രസ്കാരന് ആജീവനാന്തം ചേരാൻ പറ്റാത്ത പാർട്ടിയാണ് ബിജെപിയെന്ന് ഇന്നുവരെ കോൺഗ്രസുകാർക്ക് അവരുടെ അണികളെ പറഞ്ഞു ബോധ്യപ്പെടുത്തുകയോ മനസ്സിലാക്കി കൊടുക്കുകയോ ചെയ്തിട്ടില്ല. അതിന്റെ അനന്തരഫലമാണ് എ കെ ആന്റണിയെ കണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ വളർന്ന അദ്ദേഹത്തിന്റെ മകൻ ബിജെപിയിലേക്ക് പോയി എന്നുള്ളതും കരുണാകരനെ കണ്ടു വളർന്ന മകൾ ബിജെപി യിലേക്ക് പോയി എന്നുള്ളതും വ്യക്തമാക്കുന്നത്. ഈ നേതാക്കന്മാർ അവരുടെ മക്കളെ പോലും കോൺഗ്രസ് എന്താണെന്ന് പഠിപ്പിച്ചില്ല. ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം കോൺഗ്രസുകാരന് ജീവൻ ഉണ്ടെങ്കിൽ സ്വീകരിക്കാൻ പറ്റാത്തതാണ് എന്ന് ബോധ്യപ്പെടുത്തി കൊടുത്തില്ല. സ്വന്തം വീട്ടുകാരെ അത് ബോധ്യപ്പെടുത്തി കൊടുക്കാൻ കഴിയാത്ത ആളുകൾ നാട്ടുകാരെ അത് ബോധ്യപ്പെടുത്തി കൊടുക്കും എന്ന് വിശ്വസിക്കാൻ കഴിയില്ലല്ലോ. അനന്തരഫലമാണ് അവരിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കുമോ ?
ബിജെപിക്ക് കേരളനിയമസഭയിൽ ഉണ്ടായിരുന്ന അക്കൗണ്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂട്ടുകയല്ലേ ചെയ്തത്? ഒരു നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് പൂട്ടിയ ഒരു സംസ്ഥാനത്ത് എങ്ങനെയാണ് ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന പാർലമെന്റ് മണ്ഡലത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുക? അതൊക്കെ ബിജെപിയുടെ മോഹമാണ്. ആർക്കും എന്തും ആഗ്രഹിക്കാം. ആഗ്രഹങ്ങൾ കുതിരകൾ ആയിരുന്നുവെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്തേനെ എന്ന് പറയാറുണ്ടല്ലോ! കുതിരപ്പുറത്ത് സവാരി ചെയ്യട്ടെ, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ. ഏത് ഭിക്ഷാംദേഹിക്കും അതിന് അവകാശമുണ്ടല്ലോ നമുക്ക് അത് അവർക്ക് വിട്ടുകൊടുക്കാം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി അക്കൗണ്ട് തുറക്കുന്ന പ്രശ്നമേയില്ല.
ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത കേന്ദ്ര ഏജൻസികൾ, അടുത്തതായി സി.പി.എം നേതാക്കളെ ലക്ഷ്യമിട്ടാൽ, എങ്ങനെ പ്രതിരോധിക്കാൻ കഴിയും ?
കേരളത്തിൽ അങ്ങനെ ഏതെങ്കിലും സിപിഎം നേതാവിനെ കേന്ദ്ര ഏജൻസിക്ക് അത്ര പെട്ടെന്ന് അറസ്റ്റ് ചെയ്യാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. അരവിന്ദ് കെജ്രിവാളിനെ ആർഎസ്എസിന്റെ അജണ്ടയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തതാണ്. ഡൽഹിയിൽ കോൺഗ്രസുമായിട്ട് അരവിന്ദ് കെജ്രിവാൾ സഖ്യം ഉണ്ടാക്കി. അതാണ് അരവിന്ദ് കേജ്രിവാളിനെതിരായി ഉന്നയിക്കപ്പെട്ടിരിക്കുന്ന വലിയ ആരോപണം. അങ്ങനെ ഒരു സഖ്യത്തിന് അരവിന്ദ് കെജ്രിവാൾ മുതിർന്നില്ലായിരുന്നുവെങ്കിൽ അദ്ദേഹം ഒരുപക്ഷേ ഈ അറസ്റ്റ് ചെയ്യപ്പെടലിൽ നിന്ന് രക്ഷപ്പെടുമായിരുന്നു. കോൺഗ്രസും അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിയും ആംആദ്മി പാർട്ടിയും ഡൽഹിയിൽ യോജിച്ചാൽ ഡൽഹി സ്റ്റേറ്റിൽ 7 സീറ്റും അവര് നേടും. ബിജെപി ഇനി ഇന്ത്യയിൽ അധികാരത്തിൽ വന്നാൽ പോലും അതൊരു കറയായിട്ട് നിൽക്കും. അവരെ സംബന്ധിച്ചിടത്തോളം ഡൽഹിയിൽ മൂക്കിനു താഴെ ഒരു സീറ്റും നേടാൻ കഴിഞ്ഞില്ല എന്നുള്ളത് അവർക്ക് ഉണ്ടാക്കുന്ന അപമാനം ചെറുതല്ല. അതുകൊണ്ടാണ് ആദ്യം അരവിന്ദ് കെജ്രിവാളിനോട് കോൺഗ്രസുമായിട്ട് സഖ്യം പാടില്ലായെന്ന് പറഞ്ഞത്. കെജ്രിവാൾ അത് അനുസരിച്ചിരുന്നുവെങ്കിൽ ഈ അറസ്റ്റിൽ നിന്ന് രക്ഷപ്പെടമായിരുന്നു. സത്യത്തിൽ ഈ അറസ്റ്റിനെതിരായി ഡൽഹിയിലും രാജ്യവ്യാപകമായും ആരാണ് പ്രതിഷേധം രേഖപ്പെടുത്തേണ്ടിയിരുന്നത് ? ആരാണ് വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകേണ്ടിയിരുന്നത് ? രാഹുൽഗാന്ധിയാണ്, കോൺഗ്രസാണ്. കാരണം അവരോട് രാഷ്ട്രീയസഖ്യം കൂടി എന്നുള്ളതിന്റെ പേരിലാണ് അരവിന്ദ് കെജ്രിവാളിന് ഇങ്ങനെ ഒരു അവസ്ഥ അഭിമുഖീകരിക്കേണ്ടതായി വന്നത്. പക്ഷേ. ഇതിനെതിരെ ശക്തമായി ശബ്ദിച്ചത് ഇടതുപക്ഷം മാത്രമാണ്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഏതൊരു കാര്യത്തിലാണെങ്കിലും അതിന്റെ ന്യായാന്യായങ്ങളും സത്യാഅസത്യങ്ങളും നോക്കിയാണ് പ്രതികരണങ്ങൾ നടത്തുക. കോൺഗ്രസ് എപ്പോഴും അവരുടെ രാഷ്ട്രീയമായിട്ടുള്ള ലക്ഷ്യമായിരിക്കും ഏതൊരു കാര്യത്തിനാണെന്നെങ്കിലും മുൻഗണന നൽകുക. അതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് അരവിന്ദ് കെജരിവാളിനെ ഇഡി തീഹാർ ജയിലിൽ അടച്ചതിനെതിരായി വലിയ നിലയ്ക്കുള്ള പ്രക്ഷോഭങ്ങൾ രാജ്യവ്യാപകമായി അവർ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉണ്ടാക്കിയത്. അവിടെയെങ്കിലും കേന്ദ്രസർക്കാറിന്റെ ഓഫീസുകൾക്കെതിരായി അവർക്ക് വലിയ പ്രക്ഷോഭം സംഘടിപ്പിക്കാമല്ലോ എന്തുകൊണ്ടാണ് അവരത് ചെയ്യാതിരുന്നത്. കോൺഗ്രസിന്റെ കൂടെ നിൽക്കുന്ന ആളുകളുടെ സംരക്ഷണമോ അവരുടെ കാര്യങ്ങൾക്ക് വേണ്ടിയോ കോൺഗ്രസ് ഒരുതരത്തിലുള്ള ഇടപെടലും നടത്തില്ല എന്നുള്ളതിന്റെ തെളിവാണിത്.
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടെയുള്ളവർക്ക് എതിരായ കേന്ദ്ര ഏജൻസികളുടെ നീക്കത്തിനു പിന്നിൽ യഥാർത്ഥത്തിൽ എന്തു അജണ്ടയാണെന്നാണ് താങ്കൾ കരുതുന്നത് ?
മുഖ്യമന്ത്രിയുടെ മകൾക്കെതിരായിട്ടും മുഖ്യമന്ത്രിക്കെതിരായിട്ടും എനിക്കെതിരായും എത്രയോ കാലങ്ങളായി സ്വർണക്കള്ളക്കടത്ത് എന്ന ആരോപണമുണ്ടല്ലോ. സിസോദി എന്നു പറയുന്ന ഡൽഹിയിലെ ഉപ മുഖ്യമന്ത്രി ഒരു കൊല്ലമായിട്ട് തിഹാർ ജയിലിലാണ്. അവിടുത്തെ ആരോഗ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്ത് ജയിലാക്കി. ഇപ്പോൾ അവിടുത്തെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തു ജയിലിലാക്കി. എന്തെങ്കിലും ഒരു തുമ്പുണ്ടായിരുന്നുവെങ്കിൽ എന്നെയും ജയിലിലടക്കുമായിരുന്നു. മൂന്നന്വേഷണ ഏജൻസികളല്ലേ അന്വേഷണം നടത്തിയത്. പിണറായി വിജയന്റെ മന്ത്രിസഭയിലെ അംഗമായിട്ടുള്ള ഈ വിഷയത്തിൽ ഏറ്റവും അധികം കുറ്റാരോപിതനായ എന്നെ തൊടാൻ അവർക്ക് സാധിച്ചിട്ടില്ലെങ്കിൽ പിന്നെ എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകളെ ഇഡിക്ക് തൊടാനാവുക. ഞാൻ കരുതുന്നില്ല.
ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത കേന്ദ്ര ഏജൻസികൾ, അടുത്തതായി മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ ലക്ഷ്യമിട്ടാൽ, എങ്ങനെ പ്രതിരോധിക്കാൻ കഴിയും ?
അങ്ങനെ ഒരു പ്രശ്നം തന്നെ ഇവിടെ ഉദിക്കുന്നില്ലല്ലോ. കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരായിട്ട് എന്തെങ്കിലും തരത്തിലുള്ള ആക്ഷേപമോ ആരോപണമോ ഉന്നയിക്കപ്പെട്ടിട്ടില്ലല്ലോ. അപ്പോഴെങ്ങനെയാണ് ശൂന്യതയിൽ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനാവുക. ഉന്നമിട്ട സ്വര്ണക്കള്ളക്കടത്തിൽ ഒരംശമെങ്കിലും വസ്തുത ഉണ്ടായിരുന്നെങ്കിൽ എന്നെയായിരുന്നു ആദ്യം അറസ്റ്റ് ചെയ്യേണ്ടിയിരുന്നത്. ഒന്നും ഇല്ലാത്തതുകൊണ്ടാണ് എന്നെ അവർക്ക് തൊടാൻ വേണ്ടി പറ്റാതിരുന്നത്.
ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പ്രതീക്ഷ എന്താണ് ?
ഇടതുപക്ഷം ഇത്തവണ ഭൂരിപക്ഷം സീറ്റുകളും കേരളത്തിൽ നേടും. അതിനുള്ള സാധ്യതയാണ് ഒരുങ്ങിവരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് പോലെ യുഡിഎഫിന് ഏകപക്ഷീയമായിട്ടുള്ള വിജയമെന്ന് വേണമെങ്കിൽ പറയാം. അങ്ങനൊരു വിജയം ഇത്തവണ ഒരു കാരണവശാലും ഉണ്ടാകില്ല.ഭൂരിപക്ഷം സീറ്റുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടും.