പാലക്കാട്ടെ ട്രോളി വിവാദമുണ്ടാക്കിയവർ തന്നെ ഒടുവിൽ ഫൂൾ ആയെന്ന് പി.വി അൻവർ എം.എൽ.എ. എക്സ്പ്രസ്സ് കേരളയ്ക്ക് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്.
പ്രതികരണത്തിൻ്റെ പ്രസക്തഭാഗങ്ങൾ ചുവടെ
ചേലക്കരയിൽ ഡിഎംകെയുടെ ഒരു രാഷ്ട്രീയ തുടക്കമാണ്, ഇത് ഒരു അത്ഭുതമായി മാറുമോ?
ഇത് അത്ഭുതമായി മറിക്കഴിഞ്ഞല്ലോ ഓൾറെഡി. ഡിഎംകെ ഇവിടെ വിജയിക്കാൻ പോവുകയാണ്. കാരണം എല്ലാം വിഭാഗം ജനങ്ങളും ഞങ്ങളുമായി സഹകരിച്ചു കൊണ്ടാണ് പോകുന്നത്. അതൊന്നും പുറത്തേക്ക് ഒരാൾക്കും കാണാൻ കഴിയില്ല. എല്ലാ മുന്നണിയിൽ നിന്നും വലിയ ശതമാനം വോട്ട് ഡിഎംകെയ്ക്ക് അനുകൂലമായി മാറുന്നുണ്ട്. ഡിഎംകെ പറയുന്ന കാര്യങ്ങൾ വസ്തുതാപരമാണെന്നും ഇത് ഒരു പൊളിറ്റിക്കൽ നക്സസിനെതിരെ ജനങ്ങൾ ഒരുമിക്കണമെന്നുമുള്ള ഒരു തോന്നൽ പൊതുവിൽ കേരളത്തിൽ ഒട്ടാകെ ജനങ്ങൾക്കുണ്ടായിട്ടുമുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന ഇവിടെ അത് കുറച്ചു കൂടുതൽ ആയിട്ടുണ്ട്. അതുകൊണ്ട് ഞങ്ങൾ ജയിക്കും. അത് കൊണ്ട് അത്ഭുതങ്ങൾ തന്നെ സംഭവിക്കും.
ചേലക്കര മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയം എന്താണ്? രാഷ്ട്രീയപരമായും അല്ലാതെയുമുള്ള വികസന ചർച്ചകളാണെങ്കിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്?
ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയം, ഇവിടുത്തെ മനുഷ്യരുടെ അടിസ്ഥാന വിഷയമെന്ന് പറയുന്നത് വീടാണ്. അതാണ് ഒന്ന്, ലൈഫ് പദ്ധതി എന്ന് പറഞ്ഞു കൊണ്ട് ഉണ്ടായിരുന്ന വീട് പോലും ജനങ്ങളോട് ”ഇതാ നിങ്ങൾക്ക് നാളെ വീട് കിട്ടും അത് പൊളിച്ചു കളയൂ” എന്ന് പറഞ്ഞുകൊണ്ട് ഉള്ള വീട് പൊളിപ്പിച്ച നാടാണ് ഈ പറയുന്ന ചേലക്കര.
പൊളിച്ച വീടിന്റെ തറയുടെ മുകളിൽ തുണികെട്ടി താമസിക്കുന്ന ജനങ്ങളുള്ള കേരളത്തിലെ ഏക പ്രദേശം ഇതാണ്, ഏറ്റവും വലിയ ചർച്ച വിഷയം അതാണ്. രണ്ടാമത്തെ ചർച്ചാവിഷയം ഇവിടത്തെ ആരോഗ്യരംഗമാണ്. ആരോഗ്യരംഗത്തിന്റെ അവസ്ഥ വളരെ മോശമാണ്. ആയിരത്തിൽ പരം ഡയാലിസിസ് രോഗികൾ ഉള്ള ഇവിടെ ആകെ നാല് മെഷീനുകൾ ആണ് ഈ പറയുന്ന ചേലക്കര ആശുപത്രിയിൽ ഉള്ളത്.
മറ്റുള്ള പിഎച്ച്എസ്ഇകളുടെ അവസ്ഥ കേരളത്തിലെ കേരളത്തിലെ മറ്റു പിഎച്ച്എസ്ഇകളെ വെച്ച് നമ്മൾ തുലനം ചെയ്യുമ്പോൾ വളരെ മോശമാണ്. പിന്നെ ഏറ്റവും വലിയ വിഷയം, റോഡും കുടിവെള്ളവും ആണ്. പിന്നെ കാർഷിക മേഖലയിൽ, ഒരുപാട് കനാലുകളും വെള്ളസംഭരണികളും ഉണ്ടായിരുന്ന നാട്ടിലെ എല്ലാം തകർന്നു കിടക്കുകയാണ്. ഒരു മേഖലയിലും ഒരു മെയിന്റനൻസും നടന്നിട്ടില്ല. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്, ജനങ്ങൾ ചർച്ച ആക്കിയിട്ടുണ്ട്.
മാറിമാറി വന്ന സർക്കാരുകൾ ഇവിടെ വികസന മുരടിപ്പാണോ കൊണ്ടുവന്നത്?
സർക്കാർ മാറിയിട്ടുണ്ടെങ്കിലും ഇവിടെ എംഎൽഎമാർ മാറിയിട്ടില്ലല്ലോ? 10-30 വർഷമായിട്ട് ഇവിടെ സിപിഎമ്മിന്റെ എംഎൽഎമാർ അല്ലേ? അതിൽ ഒട്ടു മിക്ക ഭാഗവും ഒരേ ആളുകൾ അല്ലേ? അതുകൊണ്ട് സർക്കാർ മാറി എന്ന് പറഞ്ഞ് അവർക്ക് അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. അവരുടെ സർക്കാർ ഉണ്ടാവുന്ന കാലത്ത് അവർ അഞ്ചുവർഷം ചെയ്തിരുന്നെങ്കിൽ ഈ അവസ്ഥയുണ്ടാവില്ലല്ലോ? അതൊക്കെ ജനങ്ങൾക്ക് ഇപ്പോൾ നന്നായി മനസ്സിലാകുന്നുണ്ട്.
പാലക്കാട് ഒരു ട്രോളി വിവാദം ഉണ്ടായി. അത് ഏത് മുന്നണിക്കാണ് ഗുണം ചെയ്യുന്നത്?, അത് ഏത് രീതിയിലാണ് കേരള രാഷ്ട്രീയത്തിൽ ചർച്ച ചെയ്യാൻ പോകുന്നത്?
ട്രോളി എല്ലായിടത്തും ഉണ്ട്, എന്റെ കയ്യിലും ഉണ്ട്. ഈ നാട്ടിലെ ജനങ്ങൾ മുഴുവൻ കൊണ്ട് നടക്കുന്നതാണ് ട്രോളി. ഇത് പറഞ്ഞവൻ ഫൂൾ ആയി എന്നല്ലാതെ ഒരു നിലയ്ക്ക് അത് ചർച്ച ആവാൻ പോലും, ജനങ്ങളുടെ മനസ്സിൽ വോട്ടർമാരുടെ മനസ്സിൽ, അത് ചർച്ചയാവുമെന്ന അഭിപ്രായം എനിക്കില്ല.
ഈ തിരഞ്ഞെടുപ്പ് ചേലക്കര ആയാലും അതുപോലെ തന്നെ പാലക്കാട് ആയാലും കേരളത്തിൽ എന്ത് രാഷ്ട്രീയ മാറ്റമാണ് കൊണ്ടുവരാൻ പോകുന്നത് എന്നാണ് എംഎൽഎ കരുതുന്നത്?
ഇവിടെ രാഷ്ട്രീയം മാറ്റം വരണമെങ്കിൽ ഇവിടെ ഡിഎംകെ ജയിക്കണം. ഡിഎംകെ ജയിച്ചു കഴിഞ്ഞാൽ ഡിഎംകെ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ കേരളത്തിന്റെ അടിസ്ഥാനപരമായ രാഷ്ട്രീയനേതൃത്വങ്ങൾ തമ്മിലുള്ള നക്സസിനെതിരെയുള്ള പോരാട്ടമായി, ജനങ്ങൾ അത് സീരിയസായി എടുത്താൽ, അത് വലിയ മാറ്റം ഇവിടെ ഉണ്ടാക്കും. എല്ലാ പാർട്ടിയിലെയും പ്രവർത്തകർക്ക് നീതി കിട്ടാതെ പോകുന്നത് പൊളിറ്റിക്കൽ ലീഡേഴ്സ് തമ്മിലുള്ള നക്സസാണ്. അതാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ആ രീതിയിൽ ഒരു മാറ്റം ഉണ്ടായാൽ, മൊത്തത്തിൽ സ്റ്റേറ്റ് വൈഡായി ഒരു വലിയ പൊളിറ്റിക്കൽ മാറ്റം ആകും എന്നാണ് ഞാൻ കരുതുന്നത്.
എംഎൽഎ ഉയർത്തിയ പല വിഷയങ്ങളും അന്തരീക്ഷത്തിൽ ഉണ്ട്. അതൊക്കെ മുൻനിർത്തിയാണോ കോൺഗ്രസ് ഒരു സിപിഎം-ബിജെപി നക്സസ് ഇവിടെ ഉണ്ടെന്ന് പറയുന്നത് ?
സിപിഎം-ബിജെപി നെക്സസ് ഇവിടെ ഉണ്ടല്ലോ. പാലക്കാട് സിപിഎം ബിജെപിക്ക് വോട്ട് ചെയ്തു, ഇവിടെ തിരിച്ചു വോട്ട് ചെയ്യുന്നു. ഇത് ആദ്യം മുതലേ പറഞ്ഞതാണല്ലോ, ഇവിടെ കാണുന്നുണ്ടല്ലോ, ബിജെപി സ്ഥാനാർത്ഥിയെ നിങ്ങൾ എവിടെയെങ്കിലും കണ്ടോ? ഇവിടെയും കാണില്ല കാരണം ആ രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. സിപിഎം ലീഡർഷിപ്പിനെ സംബന്ധിച്ച് ബിജെപിയും ആയിട്ടുള്ള ഒരു അന്തർധാര സജീവമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇതിലേറെ സജീവമാകും. എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഡിഎംകെയുടെ ഭാവി പരിപാടികൾ? എന്തൊക്കെയാണ്?
ഭാവി പരിപാടികൾ, ഈ തിരഞ്ഞെടുപ്പ് റിസൾട്ട് വരട്ടെ. ഞങ്ങൾക്ക് പല പരിപാടികളും പ്ലാൻ ഉണ്ട്. ഈ റിസൾട്ടിനെ വെയിറ്റ് ചെയ്തായിരിക്കും ഞങ്ങൾ പൊളിറ്റിക്കൽ പ്ലാനിങ് ഫൈനൽ ആക്കാൻ പോകുന്നത്. അതാ സമയത്ത് നമ്മൾ പ്രഖ്യാപിക്കും.
വീഡിയോ കാണാം