ഡല്‍ഹി: ഇലക്ടറല്‍ ബോണ്ടിനെ വിമര്‍ശിക്കുന്നവര്‍ അധികം വൈകാതെ ഖേദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്റെ സ്രോതസ്സുകളുടെ വിവരങ്ങള്‍ കൃത്യമായി ലഭിക്കും. 2014 ന് മുമ്പ് തിരഞ്ഞെടുപ്പിനിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കിയിട്ടില്ല. ‘ഞാന്‍ ആണ് ഇലക്ടറല്‍ ബോണ്ടുകള്‍ മുന്നോട്ട് വച്ചത്. ഇലക്ടറല്‍ ബോണ്ടിന് നന്ദി, ഇപ്പോള്‍ നമുക്ക് ഫണ്ടിന്റെ സ്രോതസ്സ് കണ്ടെത്താം’; മോദി പറഞ്ഞു. ഒന്നും പൂര്‍ണമല്ല അപൂര്‍ണതകള്‍ പരിഹരിക്കാന്‍ കഴിയുമെന്നും ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോദി കൂട്ടിച്ചേര്‍ത്തു.
ഇലക്ടറല്‍ ബോണ്ടുകള്‍ക്ക് പുറമേ, തമിഴ്നാട്ടില്‍ ബിജെപിയും എഐഎഡിഎംകെയും തമ്മിലുള്ള ബന്ധം ഉപേക്ഷിച്ചതിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. അവരുടെ നഷ്ടം എന്നാണ് മോദി ഇതിനെ വിശേഷിപ്പിച്ചത്. ഞങ്ങളുടെ സൗഹൃദം ശക്തമായിരുന്നു. ഖേദമുണ്ടെങ്കില്‍ അത് എഐഎഡിഎംകെയുടെ ഭാഗത്തുനിന്നായിരിക്കണം. ബിജെപിയുടെ ഭാഗത്തുനിന്നല്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ (ജെ ജയലളിത) സ്വപ്നങ്ങള്‍ തകര്‍ത്ത് പാപം ചെയ്യുന്നവര്‍ മാത്രമേ ഖേദിക്കേണ്ടതുള്ളൂവെന്നും മോദി കൂട്ടിച്ചേര്‍ത്തു.2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലായിരുന്നു എഐഎഡിഎംകെ എന്‍ഡിഎ സഖ്യത്തിനൊപ്പം ചേര്‍ന്നത്. എന്നാല്‍ 2023 സെപ്തംബര്‍ അവസാനത്തോടെ എഐഎഡിഎംകെ എന്‍ഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
2018 ല്‍ വിജ്ഞാപനം ചെയ്ത ഇലക്ടറല്‍ ബോണ്ട് ഫെബ്രുവരി 15നാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി, ഏപ്രില്‍ മുതല്‍ വാങ്ങിയതും പണമാക്കിയതുമായ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവന്ന വിധി പ്രതിപക്ഷ പാര്‍ട്ടികളും ആക്ടിവിസ്റ്റുകളും സ്വാ?ഗതം ചെയ്തു. വിവിധ തിരഞ്ഞെടുപ്പുകളിലായി ഇലക്ടറല്‍ ബോണ്ടില്‍ ഏറ്റവുമധികം ഫണ്ട് സ്വീകരിച്ചത് ബിജെപിയാണ്.