തൊടുപുഴ: ലൈംഗികാരോപണത്തിൽ കേസെടുത്തതിന് പിന്നാലെ മുകേഷ് എംഎൽഎ രാജിവെക്കണമെന്ന നിലപാടുകൾ തുടരുന്നതിനിടെ പ്രതികരണവുമായി സിപിഐഎം മുതിർന്ന നേതാവ് എം എം മണി. ഇത്തരം കാര്യങ്ങളെല്ലാം പരിശോധിക്കുന്ന പാർട്ടിയാണ് തങ്ങളുടേതെന്ന് എം എം മണി പറഞ്ഞു. ഒരു വിട്ടുവീഴ്ചയുടെയും പ്രശ്നം ഉണ്ടാകില്ല. തന്നെപ്പറ്റി ആക്ഷേപം ഉണ്ടായാലും പരിശോധിക്കുന്നതാണ് സംഘടന. കോൺഗ്രസിനെപ്പോലെ വളിച്ച കാര്യം തങ്ങൾ ചെയ്യില്ല. തോന്നിവാസം ചെയ്യുന്നവർക്ക് തങ്ങളുടെ കൂടെ സ്ഥാനം ഉണ്ടാകില്ല. അത് അതിനുമുമ്പും തെളിയിച്ചിട്ടുണ്ട്, ഇനിയും തെളിയിക്കുമെന്നും എം എം മണി പറഞ്ഞു.
അതേ സമയം കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ട് മുകേഷ് മടങ്ങി. പുത്തൻകുരിശിൽ അതീവരഹസ്യമായാണ് കൂടിക്കാഴ്ച നടന്നത്. പുത്തൻകുരിശ് വടവുകോട് അഭിഭാഷകന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. അഡ്വ ജിയോ പോളാണ് മുകേഷിനായി കോടതിയിൽ ഹാജരാകുന്നത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. നാലേ മുക്കാലോടെയാണ് മടങ്ങിയത്. വക്കാലത്ത് ഒപ്പിട്ടാണ് മുകേഷ് മടങ്ങിയത്. മുകേഷിന്റെ നിരപരാധിത്വം തെളിയിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ ജിയോ പോൾ പറഞ്ഞു.
Also read: ലൈംഗിക പീഡന കേസ്; മുകേഷ് അഭിഭാഷകനുമായി കൂടിക്കാഴ്ച
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. മുകേഷിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.