മലയാളം സിനിമാ ഇൻഡസ്ട്രിയിൽ ഹേമ കമ്മിറ്റി പോലൊന്ന് വന്നതിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ച് നടി അപർണ ബാലമുരളി. സിനിമയിൽ വന്ന് ഇതുവരെയും എനിക്കോ അടുത്ത സുഹൃത്തുക്കൾക്കോ മോശം അനുഭവങ്ങളുണ്ടായിട്ടില്ല, അതിനർഥം ആർക്കും ഇതൊന്നും സംഭവിച്ചിട്ടില്ല എന്നല്ലെന്നും നടി പറഞ്ഞു. ഒട്ടേറെ ഇരകളാണ് അതിക്രമങ്ങളെക്കുറിച്ചു സംസാരിച്ച് മുന്നോട്ടുവരുന്നത്.
അവർക്കു നീതി ലഭിക്കണമെന്നു തന്നെയാണ് തന്റെ ആഗ്രഹം എന്നും അപർണ പറഞ്ഞു. എന്റെ അന്നമാണ് സിനിമ. അവിടെ സുരക്ഷിതമായി, സന്തോഷത്തോടെ എല്ലാവർക്കും ജോലി ചെയ്യാനാകണം. ഭാവിയിൽ അതു പൂർണ അർഥത്തിൽ സാധ്യമാകുമെന്നു തന്നെയാണു വിശ്വാസം എന്നും താരം കൂട്ടിച്ചേർത്തു.
Also Read: ആലിയ ഭട്ട് ചിത്രം ‘ജിഗ്‌റ’ ടീസർ പുറത്തിറങ്ങി
പല തവണ ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നയാളാണ് താൻ എന്ന് ആളുകൾ എപ്പോഴും എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കും. വണ്ണം കൂടിയാലും കുറഞ്ഞാലും കുറ്റം പറയും. വാട്ടർ പാക്കറ്റ് എന്ന പാട്ടിൽ വണ്ണമാണ് എന്റെ പ്ലസ് പോയിന്റ്. അതുകൊണ്ട്, ബോഡി ഷെയ്മിങ്ങൊന്നും ഞാൻ കാര്യമാക്കാറില്ല. ആരോഗ്യത്തോടെയിരിക്കുക, ബാക്കിയൊന്നും കാര്യമാക്കേണ്ടതില്ല എന്നാണ് നടി പറയുന്നത്.
സിനിമയിലെത്തുമെന്നോ സിനിമയിൽ തുടരുമെന്നോ കരുതിയിരുന്നില്ല. ആർക്കിടെക്ചർ പഠിക്കുമ്പോഴാണ് 2015ൽ ‘സെക്കൻഡ് ക്ലാസ് യാത്ര’യിലെത്തുന്നത്. റിലീസായി അഞ്ചാം ദിവസമാണ് തിയറ്ററിലെത്തി ഞാൻ സിനിമ കണ്ടത്. സൂരറൈ പോട്ര് സിനിമയ്ക്കുവേണ്ടി ഒരു വർഷം മാറ്റിവച്ചു. ആ കഥയും ബൊമ്മി എന്ന കഥാപാത്രവും അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. അതിനുള്ള അംഗീകാരമായി 2020ൽ ദേശീയ അവാർഡ് ലഭിച്ചു. കഠിനാധ്വാനം ചെയ്താൽ നല്ല സിനിമയും കഥാപാത്രങ്ങളും അംഗീകാരങ്ങളും കിട്ടുമെന്ന് സിനിമ പഠിപ്പിച്ചു എന്നും അപർണ പറഞ്ഞു.