കുമളി: തമിഴ്നാട്ടിലെ കമ്പത്ത് സിനിമ കാണാനെത്തിയ മലയാളി യുവാക്കളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തവര്‍ പിടിയില്‍. കമ്പം സ്വദേശികളായ സുന്ദര്‍, അജിത്ത്, മുകിലന്‍ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വെള്ളാരംകുന്ന് സ്വദേശികളായ ആന്‍സന്‍, അഭിഷേക്, അതുല്‍ എന്നിവര്‍ സിനിമ കാണുന്നതിനായാണ് കമ്പത്ത് എത്തിയത്. തിയേറ്ററിന് സമീപം ഇവര്‍ ഓട്ടോയിൽ ഇറങ്ങിയതോടെ പ്രതികളിലൊരാളായ സുന്ദര്‍ ബൈക്കിലെത്തി ഇവരോട് കുമളി ഭാഗത്ത് ജോലിക്ക് വന്നിട്ടുണ്ടെന്ന് പറഞ്ഞ് മലയാളത്തില്‍ സംസാരിച്ച് പരിചയം സ്ഥാപിച്ചു. തുടര്‍ന്ന് ഇവര്‍ തിയേറ്ററിലേക്ക് പോകാന്‍ ഒരുങ്ങവേ പ്രതികള്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഇവരെ ഭീഷണിപ്പെടുത്തി മൊബൈലുകള്‍ ആവശ്യപ്പെട്ടു. ഭയത്താൽ ഇവര്‍ സിം ഊരിയെടുത്ത് മൊബൈലുകള്‍ നല്‍കി. തുടര്‍ന്ന് മോഷ്ടാക്കള്‍ ബൈക്കില്‍ കടന്നുകളഞ്ഞു.
ALSO READ: മോഷ്ടിച്ച ബൈക്കിൽ കഞ്ചാവുമായെത്തിയ യുവതിയും യുവാവും പിടിയിൽ
യുവാക്കള്‍ കമ്പം ടൗണിലൂടെ ഭയന്ന് വരുന്നതുകണ്ട വെള്ളിലാംകണ്ടം സ്വദേശിയായ റിട്ട.ആര്‍മി ഉദ്യാഗസ്ഥനായ റെജിമോന്‍ ഇവരെ തടഞ്ഞുനിര്‍ത്തി വിവരം തിരക്കി. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സഹായത്തോടെ കന്പം നോര്‍ത്ത് സ്റ്റേഷനിലെത്തിയ യുവാക്കള്‍ പരാതി നല്‍കി. തുടര്‍ന്ന് എസ്.ഐ. ദേവരാജിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച രാത്രിയോടെയാണ് പ്രതികളെ കന്പത്തുനിന്ന് പിടികൂടി. പ്രതി സുന്ദര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് കണ്ടെത്തൽ. ഇന്‍സ്പെക്ടര്‍ മുത്തുലക്ഷ്മി, സി.പി.ഒ. ധര്‍മരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.