ഇറാനെ ആക്രമിക്കാൻ തമ്പടിച്ചവർ, അരലക്ഷം അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ചരിത്രവും അറിയണം

ഇറാനെ ആക്രമിക്കാൻ തമ്പടിച്ചവർ, അരലക്ഷം അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ചരിത്രവും അറിയണം
ഇറാനെ ആക്രമിക്കാൻ തമ്പടിച്ചവർ, അരലക്ഷം അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ചരിത്രവും അറിയണം

ലോകത്തിലെ തന്നെ നമ്പർവൺ ശക്തിയായ ഒരു രാജ്യം. പലതിലും വില്ലൻ പരിവേശത്തോടെ വിജയം കണ്ടെത്തിയ വൻ സൈനീക ശക്തി. സർവ സന്നാഹങ്ങളും ആയുധശേഖരങ്ങളും സമ്പത്തും ആവിശ്യത്തിലധികമുള്ള ഈ രാജ്യം ആ​ഗോള ശക്തികളിൽ തന്നെ വമ്പൻമാരായ അമേരിക്കയാണ്. എവിടെയും തോൽക്കാൻ മനസില്ലാത്ത രാജ്യമാണ് അമേരിക്ക. നാണക്കേടും പ്രതിസന്ധികളും മറച്ചു പിടിക്കാൻ എന്ത് കുതന്ത്രങ്ങളും പയറ്റി സ്വന്തം പൗരൻമാരെയടക്കം വഞ്ചിച്ച് സാമ്രാജ്യത്തിന്റെ പവർ നിലനിർത്താൻ ശ്രമിക്കുന്ന ലോകപൊലീസാണത്. അമേരിക്കയെ വലവീശിപിടിക്കാനും അമേരിക്കൻ സൈനീക ശക്തിക്ക് മുന്നിൽ പൊരുതി നിൽക്കാനും അത്ര എളുപ്പത്തിൽ ഒരു രാജ്യത്തിനും കഴിയുകയില്ല. എന്നാൽ ഈ സാമ്രാജ്യത്വ ശക്തിയെ ചുവപ്പ് പ്രത്യയശാസ്ത്രം നൽകിയ കരുത്ത് കൈമുതലാക്കി ചെറുത്ത് തോൽപ്പിച്ച ചരിത്രമുള്ള ഒരു കൊച്ചു രാജ്യമുണ്ട് ലോകത്ത്. അത് വിയറ്റ്നാമാണ്. അമേരിക്ക എന്ന വമ്പനെ മുട്ടുകുത്തിച്ച ഈ കമ്യൂണിസ്റ്റ് രാജ്യത്തിൻ്റെ പോരട്ടത്തിൻ്റെ കഥ രക്തത്തിൽ എഴുതിയ വേറിട്ടൊരു കഥ തന്നെയാണ്. യുദ്ധം ജയിക്കാൻ ആയുധബലവും ആൾബലവും മാത്രം പോരന്ന് അമേരിക്കയെ ബോധ്യപ്പെടുത്തിയ ഈ കഥ ഇസ്രയേലിനു വേണ്ടി പൊരുതാൻ ഇപ്പോൾ പശ്ചിമേഷിയിൽ കാത്തു കിടക്കുന്ന അമേരിക്കൻ സൈനികരും ഓർക്കുന്നത് നല്ലതാണ്.

ഏകപക്ഷീയമായ ഒരു വിജയം അത് എന്ത് ടെക്നോളജി ഉപയോഗിച്ച് ഇറാനെ ആക്രമിച്ചാലും അമേരിക്കയ്ക്കും ഇസ്രയേലിനും ഉണ്ടാകുകയില്ല. പുതിയ ലോകക്രമത്തിൽ കമ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈനയും ഉത്തര കൊറിയയും അമേരിക്കയ്ക്ക് എതിരാണ്. പഴയ കമ്യൂണിസ്റ്റ് രാജ്യമായ സോവിയറ്റ് യൂണിയൻ, ഇപ്പോൾ റഷ്യയായി മാറിയെങ്കിലും അവരുടെ അമേരിക്കൻ വിരുദ്ധ നിലപാടിന് ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഈ രാജ്യങ്ങളുമായി ഏറെ അടുപ്പം പുലർത്തുന്ന ഇറാൻ ആക്രമിക്കപ്പെട്ടാൽ അതു കൊണ്ടു തന്നെ വൻ തിരിച്ചടിയും ഉറപ്പാണ്. ഭൂമിശാസ്ത്രപരമായി നോക്കിയാൽ ഇറാനിൽ കയറി ആ രാജ്യത്തെ പ്രഹരിക്കാൻ അമേരിക്കൻ സൈന്യത്തിന് അത്രപെട്ടന്ന് കഴിയുകയില്ല. വിയറ്റ്നാമിന് സമാനമായി ഗറില്ലാ ആക്രമണത്തിലൂടെ ശത്രു സൈന്യത്തെ തുരത്താൻ ആവശ്യമായ എല്ലാ ഭൗതിക സാഹചര്യവും ഇറാനിലുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ, ഇറാൻ ശത്രുക്കളുടെ ശവപറമ്പായാണ് മാറുക. ആകാശമാർഗ്ഗമുള്ള യുദ്ധത്തിലാണ് അമേരിക്കയും ഇസ്രയേലും പ്രതീക്ഷയർപ്പിക്കുന്നത്. അതിൽ ഈ രാജ്യങ്ങൾക്ക് മേൽക്കോയ്മ ഉണ്ടെങ്കിലും അത്തരം സാഹചര്യത്തിൽ ഇറാനെ പിന്തുണയ്ക്കുന്ന മറ്റു രാജ്യങ്ങൾ ഇടപെട്ടാൽ കളി മാറും. മാത്രമല്ല, റഷ്യ എന്തൊക്കെ ആയുധങ്ങളാണ് ഇറാന് നൽകിയിരിക്കുന്നത് എന്നതും യുദ്ധം പൊട്ടി പുറപ്പെട്ടാൽ മാത്രമേ അമേരിക്കയ്ക്ക് പോലും മനസ്സിലാക്കാൻ കഴിയുകയുള്ളൂ. ആണവായുധം പ്രയോഗിക്കാൻ റഷ്യക്കാണ് മടിയുള്ളത്. എന്നാൽ ആ മടി ഇറാന് ഉണ്ടായിരിക്കുകയില്ല. ഈ ഘട്ടത്തിൽ അതും നാം അറിയേണ്ടതുണ്ട്. സ്വയം രക്തസാക്ഷിയാകാൻ സന്നദ്ധതയുള്ള ചാവേറുകളാൽ സമ്പന്നമായ രാജ്യമാണ് ഇറാൻ അമേരിക്കയ്ക്ക് എതിരായ അവരുടെ പോരാട്ടത്തിന് ആവേശംപകരുന്നത് വിയറ്റ് നാമിൻ്റെ ചങ്കുറപ്പാണ്. പ്രത്യയശാസ്ത്രങ്ങൾ വ്യത്യസ്തമാണെങ്കിലും അമേരിക്കയ്ക്ക് എതിരായ നിലപാടുകളിൽ അമേരിക്കൻ വിരുദ്ധരായ രാജ്യങ്ങൾക്ക് എല്ലാം തന്നെ ഒരേ മനസ്സാണുള്ളത്. മുറിവേറ്റ ആ മനസ്സുകളുടെ പകയോടാണ് യഥാർത്ഥത്തിൽ അമേരിക്കയ്ക്കും ഇസ്രയേലിനും ഇനി ഏറ്റുമുട്ടേണ്ടി വരിക. അത്തരമൊരു സാഹചര്യത്തിലേക്കാണ് ലോകം ഇപ്പോൾ നീങ്ങി കൊണ്ടിരിക്കുന്നത്.

മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കലഹങ്ങളിൽ ചെന്ന് പക്ഷം പിടിക്കുക എന്നത് അമേരിക്ക എന്നും ചെയ്തു പോന്നിട്ടുള്ള ഒരു കാര്യമാണ്. എന്നാൽ, എന്നും അത്തരത്തിലുള്ള ഇടപെടലുകൾ കൊണ്ട് സാമ്പത്തികവും, സൈനികവുമായ നേട്ടങ്ങൾ മാത്രമുണ്ടാക്കിയിട്ടുള്ള അമേരിക്കയുടെ ചരിത്രത്തിലേറ്റ കറുത്ത അധ്യായമാണ് വിയറ്റ്നാം.

യുദ്ധലോകത്തെ രാജാക്കൻമാരെന്ന തലക്കനം, സ്വയം വെച്ചുപുലർത്തുന്ന അമേരിക്കക്ക് വിയറ്റ്നാമിലേറ്റ പഴയ ആ തിരിച്ചടിയാണ് ഇന്നും നാണക്കേട് ഉണ്ടാക്കുന്നത്. ആ കഥ എങ്ങനെ എന്നത് നമുക്കും വിശദമായി ഒന്നു പരിശോധിക്കാം.

അമേരിക്കയ്‌ക്കെതിരെ 20 കൊല്ലം നീണ്ട യുദ്ധം നടത്തിയ ചരിത്രമാണ് വിയറ്റ്‌നാമിന്‌ ഉള്ളത്. 20 ലക്ഷം പേരാണ്‌ ആ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നത്‌. ഇതിൽ 58,000 അമേരിക്കൻ സൈനികരും ഉൾപ്പെടും. 1975 ഏപ്രിൽ 29ന് ആണ് അമേരിക്ക സേനാ പിൻമാറ്റം തുടങ്ങിയത്. അമേരിക്കൻ പിന്തുണയോടെ നില നിന്ന തെക്കൻ വിയറ്റ്നാം ഏപ്രിൽ 30നും കീഴടങ്ങുകയുണ്ടായി. ഹോചിമിൻ സ്വപ്നം കണ്ടപോലെ ഏകീകൃത വിയറ്റ്നാം രൂപീകരിച്ചതായി അന്നാണ് പ്രഖ്യാപിക്കപ്പെട്ടത്.

ഉത്തര – ദക്ഷിണ വിയറ്റ്നാമുകൾ തമ്മിൽ നടന്ന ആഭ്യന്തരയുദ്ധങ്ങളിൽ 1965 -ലായിരുന്നു അമേരിക്കയുടെ സായുധ ഇടപെടൽ ഉണ്ടായിരുന്നത്. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഐസൻഹോവർ തന്റെ ‘ഡോമിനോസ് തിയറി’ കൊണ്ട് വിയറ്റ്നാം അധിനിവേശത്തിനു വേണ്ട ന്യായങ്ങൾ ചമച്ചു.1959 -ൽ തന്നെ ഈ രണ്ട് കക്ഷികൾക്കിടയിലുള്ള യുദ്ധം തുടങ്ങിയിരുന്നു. അറുപതുകളുടെ തുടക്കത്തിൽ ആദ്യം ഇപ്പോൾ ഇസ്രയേലിനും യുക്രെയിനും നൽകുന്ന സൈനിക ഉപദേശങ്ങൾ മാത്രമായി അമേരിക്കൻ ഇടപെടൽ ഒതുങ്ങി നിന്നിരുന്നു എങ്കിൽ 1965 -ൽ, സൈന്യത്തെ നിയോഗിച്ചതോടെ അത് പൂർണ്ണമായ സായുധ ഇടപെടൽ ആയി മാറുകയാണ് ഉണ്ടായത്. 1975 -ൽ കമ്യൂണിസ്റ്റ് ശക്തികൾ വിയറ്റ്നാമിലെ അധികാരം പിടിച്ചടക്കി ഉത്തര ദക്ഷിണ വിയറ്റ്നാമുകൾ ഏകീകരിച്ചതോടെ ആ യുദ്ധം കെട്ടടങ്ങുകയായിരുന്നു.

വിയറ്റ്നാമുകാരുടെ നിശ്ചയ ദാർഢ്യത്തിനും ഗറില്ലാ യുദ്ധ മുറകൾക്കും മുന്നിൽ, ആ മണ്ണിൽ പിടിച്ചുനിൽക്കാൻ, നാലുലക്ഷത്തോളം വരുന്ന അമേരിക്കയുടെ സൈനികർക്ക് സാധിക്കാതിരുന്നത്, ലോകത്തെ തന്നെ അമ്പരപ്പിച്ചിരുന്നു. സാധ്യമായ എല്ലാ യുദ്ധമുറകളും അമേരിക്ക അവിടെ പരീക്ഷിച്ചു നോക്കിയിട്ടും തലങ്ങും വിലങ്ങും ബോംബിട്ട് തകർത്തിട്ടും വിയറ്റ്നാമിനെ കീഴ്പ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. യുദ്ധങ്ങളുടെ ചരിത്രത്തിൽ ഏറ്റവും അധികം ബോംബുവീണ നാടും ഒരുപക്ഷെ വിയറ്റ്നാം ആയിരിക്കും. അമേരിക്ക വിയറ്റ്നാമിലെ മണ്ണിലേക്ക് വർഷിച്ചത്, 61 ലക്ഷം ടൺ ബോംബുകളാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ആകെ പ്രയോഗിക്കപ്പെട്ടതാകട്ടെ വെറും 21 ലക്ഷം ടൺ ആയിരുന്നു എന്നതും നാം ഓർക്കണം. ഇതിൽ നിന്നു തന്നെ ആക്രമണത്തിൻ്റെ വ്യാപ്തി മനസ്സിലാക്കാൻ സാധിക്കും. അമേരിക്ക നിരവധി മനുഷ്യത്വഹീനമായ രാസായുധങ്ങൾ പ്രയോഗിച്ചു നോക്കിയെങ്കിലും അതും ഏറ്റില്ല. ഏകദേശം രണ്ടുകോടി ഗ്യാലൻ കീടനാശിനികളാണ് അന്ന് അമേരിക്ക വിയറ്റ്നാം കാടുകളിലെ ഗറില്ലകളുടെ നാശത്തിനായി ഒഴുക്കിയത്. ഒന്നുകൊണ്ടും ഫലം കാണാഞ്ഞപ്പോൾ, തൊട്ടടുത്ത കിടക്കുന്ന ലാവോസിനെയും കമ്പോഡിയയെയും വരെ അവർ ആക്രമിച്ചു. ഒടുവിൽ ദീർഘകാലത്തെ യുദ്ധത്തിനൊടുവിൽ വിയറ്റ്‌നാം അധിനിവേശം അവസാനിപ്പിച്ച് പലായനം ചെയ്യുകയാണ് ഉണ്ടായത്. അരലക്ഷത്തിൽ അധികം സൈനികരുടെ ജീവൻ മാത്രമല്ല ഏകദേശം ഒരു ട്രില്യൺ ഡോളറിന്റെ സാമ്പത്തിക ബാധ്യതയും അന്നത്തെ ആ യുദ്ധം അമേരിക്കയ്ക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.

വിയറ്റ്നാമിൽ നിന്നും ഇറാനിലക്ക് ഇപ്പോൾ കാര്യങ്ങൾ നീളുമ്പോൾ പഴയ ഈ അനുഭവങ്ങളും അമേരിക്ക മറക്കാതിരിക്കുന്നതാണ്. സ്വയം പോരാടി മരിക്കാൻ സന്നദ്ധരായ ജനതയുള്ള ഒരു നാടിനെയും ഈ പുതിയ കാലത്തും കീഴ്പ്പെടുത്താൻ, അമേരിക്കയ്ക്ക് കഴിയുകയില്ല. ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ ഇടപെടുക വഴി സ്വയം നാശമാണ് അമേരിക്ക വിളിച്ചു വരുത്താൻ പോകുന്നത്.

EXPRESS VIEW

Top