മസ്കറ്റ്: തൊഴിൽ നിയമ ലംഘനങ്ങളിൽ നടപടികളുമായി ഒമാൻ തൊഴിൽ മന്ത്രാലയം. രാജ്യത്തെ നിയമ ലംഘനങ്ങളിൽ നിയമനടപടികൾ ഇല്ലാതെ ഒത്തുതീർപ്പാക്കാൻ സാധിക്കുന്ന മന്ത്രിതല പരിഹാരങ്ങൾ ആണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിലൂടെ രാജ്യത്തെ തൊഴിൽ നിയമ ലംഘനങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം വെക്കുന്നത്. അതിന്റെ ഭാഗമായാണ് ഇത്തരത്തിൽ പുതിയ നീക്കവുമായി തൊഴിൽ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തെ സ്വദേശിവത്കരണം നടത്തിയ മേഖലകളിൽ പ്രവാസികളെ നിയമിക്കുക, കൂടാതെ അനധികൃതമായി ജോലിയിൽ പ്രവേശിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 1,000 റിയാൽ പിഴ അടച്ച് നിയമ നടപടികളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുമെന്ന ഉത്തരവാണ് ഇപ്പോൾ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. അതേസമയം ഈ അവസരം ഉപയോഗപ്പെടുത്താതെ അനധികൃതമായി ജോലിയിൽ തുടർന്നാൽ നടപടികൾ ഉണ്ടാകും എന്നും അധികൃതർ അറിയിച്ചു.
രാജ്യത്തെ നിയമം ലംഘിച്ച് നാടുകടത്തുന്നവർക്കുള്ള ചെലവ് തൊഴിലുടമയുടെയോ അല്ലെങ്കിൽ തൊഴിൽ ചെയ്യുന്ന സ്ഥാപനമോ ആണ് വഹിക്കേണ്ടത്. കൂടാതെ നിയമനടപടികൾ തുടരാതിരിക്കാനും ഒത്തുതീർപ്പ് രീതിയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകാനും ആണ് തൊഴിൽ മന്ത്രാലയം ഇത്തരിലൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.