കുവൈത്ത് : രാജ്യത്ത് നിയമവിരുദ്ധമായി താമസിച്ചതിന് പിടിയിലായത് ആയിരങ്ങൾ. രണ്ട് മാസം കൊണ്ടാണ് കേസിൽ ഇത്രയധികം വർധന. പൊതുമാപ്പ് അവസാനിച്ചതിനു പിറകെ ആരംഭിച്ച ശക്തമായ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. പിടിയിലായവരിൽ ഭൂരിഭാഗം ആളുകളെയും നാടുകടത്തി. പൊതുമാപ്പ് കാലാവധി അവസാനിച്ചതിന് ശേഷം ഓരോ മാസവും 7,000 മുതൽ 8,000 വരെ അനധികൃത പ്രവാസികളെ നാടുകടത്തുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മാർച്ച് 17 മുതൽ മൂന്ന് മാസത്തേക്കാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂൺ 17 വരെ നിശ്ചയിച്ച സമയപരിധി പിന്നീട് 30 വരെ നീട്ടിയിരുന്നു. ഇതിനകം താമസ നിയമ ലംഘകർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും പിഴ അടച്ച് താമസരേഖ പുതുക്കാനും അവസരം നൽകിയിരുന്നു.
അനധികൃത താമസക്കാർക്കെതിരായ പരിശോധന തുടരുമെന്നും രാജ്യത്ത് നിയമ വിരുദ്ധമായി താമസിക്കുന്ന എല്ലാ പ്രവാസികളെയും നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധ താമസക്കാർക്കെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്ന് ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് നേരത്തെ വ്യക്തമാക്കിയിരുന്നു.
സമയ പരിധി കഴിഞ്ഞതോടെ രാജ്യത്താകമാനം ശക്തമായി പരിശോധന നടന്നുവരികയാണ്. അനധികൃത താമസക്കാരെ പൂർണമായും നീക്കം ചെയ്യാനാണ് പദ്ധതി. അതിനിടെ സന്ദർശക വിസയിൽ വന്ന് കാലാവധി കഴിഞ്ഞും തിരിച്ചു പോകാത്ത കുടുംബങ്ങൾക്കെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്.